ADVERTISEMENT

ന്യൂഡൽഹി ∙ ഹിന്ദി മേഖലയിൽ നഷ്ടമായ അടിത്തറ തിരിച്ചുപിടിക്കാൻ അയോധ്യ വിധിയുടെ രാഷ്്ട്രീയ സാധ്യത തേടി കോൺഗ്രസ്. കോടതിവിധിയിലൂടെ ആർഎസ്എസും ബിജെപിയും നേട്ടമുണ്ടാക്കുന്നതു തടയുകയും  ലക്ഷ്യം.

ഉത്തർപ്രദേശിൽ വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഉയിർത്തെഴുന്നേൽക്കാൻ ഭൂരിപക്ഷ സമുദായ വിശ്വാസമാർജിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. അയോധ്യാ വിധി അവസരമായി അവർ ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ അതേ നാണയത്തിൽ നേരിടുന്നതിനെ അനുകൂലിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യയിൽ മൃദു ഹിന്ദുത്വ നയം ഗുണം ചെയ്യുമെന്നു പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തെ കോൺഗ്രസ് അനുകൂലിക്കുന്നുവെന്ന ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാലയുടെ വാക്കുകൾ ഇതിന്റെ സൂചനയാണ്.

യുപിയിൽ 2022ൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, മുസ്‍ലിം വികാരം വ്രണപ്പെടുത്താതെ മൃദുഹിന്ദുത്വത്തിലേക്കു ചുവടുമാറ്റ സാധ്യതകൾ പരിശോധിക്കുകയാണു കോൺഗ്രസ്.

1991ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു രാജീവ് ഗാന്ധി തുടക്കമിട്ടത് അയോധ്യയിലായിരുന്നു. അയോധ്യയ്ക്കു പാർട്ടി നൽകുന്ന പ്രാധാന്യത്തിന്റെ തെളിവായി ഇത് ഉയർത്തിക്കാട്ടുന്ന കോൺഗ്രസ്, അതേ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ വാഗ്ദാനവും ഓർമിപ്പിക്കുന്നു – മസ്ജിദ് സംരക്ഷിച്ചുകൊണ്ടു പ്രദേശത്തു ക്ഷേത്രം നിർമിക്കും. യുപി തിരിച്ചുപിടിക്കാൻ രംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്കു മുന്നിലുള്ളതും രാജീവ് അന്നു തെളിച്ച വഴിയാണെന്നു പാർട്ടി വിലയിരുത്തുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com