ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യ ഭൂമിതർക്ക കേസിലെ വിധി നടപ്പാക്കുന്നതിനു കേന്ദ്ര സർക്കാർ ഉടൻ നടപടി തുടങ്ങും. ആഭ്യന്തര മന്ത്രാലയം ചുക്കാൻ പിടിക്കുന്ന നടപടികൾക്കായി മന്ത്രിമാരുടെ സമിതിയെ നിയോഗിക്കണോ എന്നതുൾപ്പെടെ ആലോചനയിലാണ്. ഉത്തർപ്രദേശ് സർക്കാരുമായും കൂടിയാലോചനകളുണ്ടാകും.

വിധിയനുസരിച്ച്, കേന്ദ്ര സർക്കാരിന് 3 കാര്യങ്ങളാണു ചെയ്യാനുള്ളത്:

∙ തർക്കഭൂമിയുടെ കാര്യങ്ങൾക്കായി ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനത്തിന്റെ രൂപീകരണം

∙ തർക്കഭൂമിയിൽ ഉൾപ്പെടാത്ത പ്രദേശം എന്തു ചെയ്യണമെന്ന തീരുമാനം

∙ വഖഫ് ബോർ‍‍‍‍ഡിനുള്ള 5 ഏക്കർ ഭൂമി സംബന്ധിച്ച തീരുമാനം

സാധ്യതകൾ

അയോധ്യയിലെ ചില പ്രദേശങ്ങൾ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ 6, 7 വകുപ്പുകൾ പ്രകാരമുള്ള അധികാരമുപയോഗിച്ച് ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനമുണ്ടാക്കാനാണു കോടതി നിർദേശം. നിയമപ്രകാരം, തർക്കഭൂമിയുടെ അവകാശവും ഉടമസ്ഥതയും ട്രസ്റ്റ് അല്ലെങ്കിൽ മറ്റൊരു സംവിധാനത്തിനു കൈമാറാൻ കേന്ദ്ര സർക്കാരിനാകും. തർക്കഭൂമി നിലവിലെ രീതിയിൽ നിലനിർത്തുകയെന്ന ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്.

ഭൂമി കൈമാറുമ്പോൾ വ്യവസ്ഥകൾ നിർദേശിക്കാനും സർക്കാരിന് അധികാരമുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു ക്ഷേത്ര നിർമാണത്തിനുള്ള അധികാരമുൾപ്പെടെ ട്രസ്റ്റിനു നൽകണമെന്ന കോടതി നിർദേശമെന്നാണു നിയമവൃത്തങ്ങൾ പറയുന്നത്. അപ്പോഴും ഭൂമിയുടെ തൽസ്ഥിതി തുടരുന്നതു സംബന്ധിച്ച വ്യവസ്ഥ ആശയക്കുഴപ്പമുണ്ടാക്കാമെന്നും അതു പരിഹരിക്കാൻ ആവശ്യമെങ്കിൽ നിയമഭേദഗതി കൊണ്ടുവരുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ട്രസ്റ്റ് രൂപീകരിക്കാനാണു തീരുമാനമെങ്കിൽ, ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റാണു കേന്ദ്രത്തിനു മുന്നിലെ പ്രധാന മാതൃക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 4 വീതം പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഈ ട്രസ്റ്റ്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എൽ.കെ.അഡ്വാനി തുടങ്ങിയവർ ട്രസ്റ്റ് ബോർ‍ഡിൽ അംഗങ്ങളാണ്.

അയോധ്യയിലെ തർക്കഭൂമിയുടെ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയുടെ പ്രാതിനിധ്യം വേണമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തിൽ, ബാക്കിയുള്ളവരെ കേന്ദ്രത്തിനു തീരുമാനിക്കാം. സ്വാഭാവികമായും, രാമജന്മഭൂമി ന്യാസിന്റെ പ്രാതിനിധ്യം പ്രതീക്ഷിക്കാം.

വഖഫിനുള്ള ഭൂമി

വഖഫ് ബോർഡിനു നൽകാൻ നിർദേശിച്ച 5 ഏക്കർ ഭൂമി, നിലവിൽ കേന്ദ്ര സർക്കാരിന്റെ കൈവശമുള്ളതിൽനിന്നു തന്നെ കൊടുക്കുന്നതിൽ തടസ്സമില്ലെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. േകന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതനുസരിച്ച്, 67.390 ഏക്കർ ഭൂമിയാണു തർക്കമില്ലാത്ത ഗണത്തിലുള്ളത്.

ഇതിൽ 42 ഏക്കർ രാമജന്മഭൂമി ന്യാസിന്റെതാണ്. ബാക്കിയുള്ളതിൽനിന്നു വഖഫ് ബോർഡിനു ഭൂമി നൽകുന്നതിൽ എതിർപ്പുണ്ടാകാമെന്നാണു ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കേന്ദ്രവും അതേ നിലപാടെടുത്താൽ, അയോധ്യയിൽത്തന്നെ മറ്റൊരിടത്ത് 5 ഏക്കർ കണ്ടെത്തേണ്ട ഉത്തരവാദിത്തം യുപി സർക്കാരിനാണ്. അതു പ്രധാന സ്ഥലത്തുതന്നെ വേണമെന്നു കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com