ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിലെ തർക്കഭൂമിയിൽത്തന്നെ രാമക്ഷേത്ര നിർമാണത്തിനു കളമൊരുങ്ങുമ്പോൾ, എ.ബി.വാജ്പേയിക്കും എൽ.കെ.അഡ്വാനിക്കും സാധിക്കാതിരുന്നതു സംഘപരിവാറിനായി ചെയ്തവരായാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി വിലയിരുത്തുന്നത്.

രാമജന്മഭൂമി ബിജെപിയെ വളർത്താനുള്ള മാർഗമാക്കാൻ അഡ്വാനി നടത്തിയ രഥയാത്രയിൽ അണിയറയിലെ മുഖ്യസൂത്രധാരൻമാരിൽ ഒരാളായിരുന്നു മോദി. പ്രസ്ഥാനത്തിൽത്തന്നെ മോദിയുടെയും ഷായുടെയും അപ്രമാദിത്തത്തിന് ആക്കംകൂട്ടുന്ന നടപടിയായും വിധിയെ പാർട്ടിവൃത്തങ്ങൾ വിലയിരുത്തുന്നു.മുത്തലാഖ് നിയമം, കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കൽ, രാമക്ഷേത്ര നിർമാണം എന്നിങ്ങനെ സംഘ പരിവാറിന്റെ ആവശ്യങ്ങളിൽ ഭൂരിപക്ഷവും ഇവർ സാധിച്ചുകൊടുത്തു.

രാമജന്മഭൂമി അജൻഡയുടെ കാര്യത്തിൽ വേണ്ടതൊന്നും വാജ്പേയി ചെയ്തില്ലെന്ന വിലയിരുത്തൽ സംഘിനുണ്ടായിരുന്നു. അയോധ്യയിൽ തർക്കമുള്ളതും ഇല്ലാത്തതുമായ ഭൂമി ഏറ്റെടുത്തുള്ള നിയമം 1993ലാണു പ്രാബല്യത്തിലായത്. ഈ നിയമത്തിലെ 4(3) വകുപ്പ് ഒഴികെയുള്ളവ ഭരണഘടനാപരമെന്ന് 1994ൽ സുപ്രീം കോടതി വ്യക്തമാക്കി.

എന്നാൽ, തർക്കമില്ലാത്ത ഭൂമി വിട്ടുകൊടുക്കാൻ കേന്ദ്രം നടപടിയെടുക്കണമെന്നു രാമജന്മഭൂമി ന്യാസ് 1996ൽ ആവശ്യപ്പെട്ടിരുന്നു. അന്നും 1998ലെയും 1999ലെയും വാജ്പേയി സർക്കാരുകളും അനുകൂല നടപടിയെടുത്തില്ല. തർക്കമുള്ളതും ഇല്ലാത്തതുമായ ഭൂമിയിൽ തൽസ്ഥിതി തുടരണമെന്ന് 2003ൽ സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ സമീപനമാണ് അതിന് ഇടയാക്കിയതെന്നു പ്രസ്ഥാനത്തിനുള്ളിൽ വിമർശനമുണ്ടായിരുന്നു.

2014ൽ ഹിന്ദുത്വ, രാമജന്മഭൂമി വിഷയങ്ങൾ പറഞ്ഞു വോട്ട് പിടിക്കാൻ മോദി താൽപര്യപ്പെട്ടില്ല. വികസനം, യുപിഎ സർക്കാരിന്റെ അഴിമതി തുടങ്ങിയവയായിരുന്നു പ്രചാരണ വിഷയങ്ങൾ. പ്രധാനമന്ത്രിയായ ശേഷം, അയോധ്യാ വിഷയത്തിൽ ഇടപെടുന്നതു മോദിയുടെ രാജ്യാന്തര പ്രതിഛായയ്ക്കു കോട്ടമുണ്ടാക്കുമെന്നും വിലയിരുത്തലുണ്ടായി.

എന്നാൽ, സംഘിന്റെ സമ്മർദം കണക്കിലെടുത്ത് 2 നടപടികളുണ്ടായി, 2016ലും കഴിഞ്ഞ ജനുവരിയിലും. യുപി തിരഞ്ഞെടുപ്പിനു മുൻപ്, അയോധ്യയിൽ രാമായണ മ്യൂസിയം സ്ഥാപിക്കുമെന്ന് 2016 ഒക്ടോബറിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. തർക്കമില്ലാത്ത ഭൂമി ബന്ധപ്പെട്ട കക്ഷികൾക്കു വിട്ടുനൽകാൻ അനുവദിക്കണമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി; ലോക്സഭാ തിരഞ്ഞെടുപ്പിന് 3 മാസം മുൻപ്.തൽസ്ഥിതി തുടരണമെന്ന 2003ലെ കോടതി നിർദേശം പരിഷ്കരിക്കണമെന്നാണ് അതിലൂടെ ഉദ്ദേശിച്ചത്.

ഫലത്തിൽ, കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ അക്കാര്യത്തിലും കേന്ദ്രത്തിനു തീരുമാനമെടുക്കാൻ അനുമതിയായി. 2024നകം ക്ഷേത്ര നിർമാണം പൂർത്തിയാകുമെന്നാണു വിഎച്ച്പി വ്യക്തമാക്കിയിരിക്കുന്നത്. അപ്പോഴേക്കും അടുത്ത പൊതു തിരഞ്ഞെടുപ്പിനുള്ള സമയമാകും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com