ADVERTISEMENT

നിയന്ത്രണങ്ങളിൽ നേരിയ അയവു വരുത്തിയ അയോധ്യയിൽ താൽക്കാലിക ക്ഷേത്രത്തിലെ രാം ലല്ല (രാമവിഗ്രഹം) ദർശനം പുനരാരംഭിച്ചു. സുപ്രീം കോടതി വിധിക്കു മുന്നോടിയായാണു ദർശനത്തിനുള്ള അനുമതി നിർത്തിവച്ചിരുന്നത്. ഇപ്പോഴും കർശന സുരക്ഷാ ജാഗ്രത തുടരുന്നു. പൊതുഗതാഗത സംവിധാനം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ എട്ടു കിലോമീറ്റർ നടന്നേ താൽക്കാലിക ക്ഷേത്രത്തിലെത്താനാകൂ.

വാച്ചും പേനയും മൊബൈൽ ഫോണും ക്യാമറയും ദശരഥ രാജാവിന്റെ കൊട്ടാരത്തിനടുത്തുള്ള ചെക്ക് പോസ്റ്റിനപ്പുറം അനുവദിക്കില്ല. ഇതടക്കം മൂന്നു ചെക്ക് പോസ്റ്റുകളിൽ യുപി പൊലീസിന്റെ കർശന പരിശോധനയുണ്ട്. സിആർപിഎഫ് കമാൻഡോകളുടെ നിയന്ത്രണത്തിലാണു താൽക്കാലിക ക്ഷേത്രവും പരിസരവും. അവിടെയും രണ്ടിടത്തായി പരിശോധന. തമിഴ്നാട്ടിൽ നിന്നെത്തിയ ഭക്തസംഘമാണ് ഇന്നലെ വൈകിട്ട് ആദ്യം കടന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കുള്ള കർശന പരിശോധനകൾ കടന്ന്, കമ്പിവല മൂടിയ ബാരിക്കേഡിലൂടെ താൽക്കാലിക ക്ഷേത്രനടയിലെത്താൻ അരമണിക്കൂറെടുത്തു. ഇരുപുറത്തും എകെ 47 തോക്കുമായി വനിതാ കമാൻഡോകളടക്കമുള്ളവർ. തലയ്ക്കു മീതെ സിസിടിവി ക്യാമറകൾ; വാച്ച് ടവറിലും അതീവ ജാഗ്രതയോടെ ഭടന്റെ കാവൽ.

രാമക്ഷേത്രം വന്നാൽ അയോധ്യയുടെ മുഖഛായ മാറുമെന്നു മുഖ്യ പൂജാരിയായ സത്യേന്ദ്രദാസ് പറഞ്ഞു തുടങ്ങിയപ്പോൾ, മെഷീൻ ഗൺ പിടിച്ച് തലയിലും മുഖത്തും കറുത്ത തുണി ചുറ്റിനിൽക്കുന്ന കമാൻഡോകളിലൊരാൾ വിലക്കി. ഒരു ഭക്തൻ നൽകിയ പുതിയ പട്ടുവസ്ത്രങ്ങളാണു വിഗ്രഹത്തിൽ അണിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങളാൽ നിർത്തിവച്ച സരയു നദിക്കരയിലെ ആരതി വൈകിട്ടു പുനരാരംഭിച്ചു. അയോധ്യയും അടുത്തുള്ള ഫൈസാബാദ് നഗരവും ഇന്നലെ സജീവമായിരുന്നു. നാളത്തെ കാർത്തിക പൂർണിമയ്ക്കു സരയുവിൽ പുണ്യസ്നാനത്തിന് എത്തുന്നവരുടെ തിരക്കും തുടങ്ങിയിട്ടുണ്ട്.

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com