ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിൽ അനുവദിച്ചു കിട്ടുന്ന 5 ഏക്കർ ഭൂമി സ്വീകരിക്കുന്നതിനെക്കുറിച്ച് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിൽ അഭിപ്രായ ഭിന്നത. വിഷയം 26നു ജനറൽ ബോഡി യോഗം ചർച്ച ചെയ്യുമെന്നു ബോർഡ് അധ്യക്ഷൻ സുഫർ ഫാറൂഖി പറഞ്ഞു.

വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകില്ലെന്നു ബോർഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭൂമി സ്വീകരിക്കണോയെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ടെന്നു ഫാറൂഖി പറഞ്ഞു. ബാബറി മസ്ജിദിനു പകരം ഭൂമി സ്വീകരിക്കരുത്, ലഭിക്കുന്ന സ്ഥലത്തു വിദ്യാഭ്യാസ സ്ഥാപനവും മസ്ജിദും പണിയണം എന്നൊക്കെ അഭിപ്രായങ്ങളുയരുന്നു. ഭൂമി സ്വീകരിക്കണമെന്നാണു തന്റെ അഭിപ്രായമെന്നും മറിച്ചുള്ള നടപടി പ്രതികൂല വികാരത്തിന് ഇടനൽകുമെന്നും ഫാറൂഖി പറഞ്ഞു.

മധ്യസ്ഥ സമിതി കോടതിക്കു നൽകിയ റിപ്പോർട്ടിൽ സുന്നി വഖഫ് ബോർഡിന്റേതായി ചില ശുപാർശകൾ വ്യക്തമാക്കിയിരുന്നു. 

തർക്കഭൂമി സർക്കാർ ഏറ്റെടുത്തു രാമക്ഷേത്രം നിർമിക്കുക, ബാബറി മസ്ജിദിനു പകരം യോജ്യമായ സ്ഥലത്തു മസ്ജിദ് നിർമിക്കുക, അയോധ്യയിലെ മറ്റു മസ്ജിദുകൾ സർക്കാർ പുനരുദ്ധരിക്കുക, രാജ്യത്തെ മറ്റൊരു മസ്ജിദിനും എതിർകക്ഷികൾ തർക്കമുന്നയിക്കാതിരിക്കുക തുടങ്ങിയവയായിരുന്നു ശുപാർശകൾ. ഈ ശുപാർശകളിൽ പ്രധാനപ്പെട്ടവ രണ്ടുമാണു കോടതി വിധിച്ചത്.

എന്നാൽ, ഇതു കേന്ദ്ര സർക്കാർ ഫാറൂഖിയെ സമ്മർദത്തിലാക്കി തയാറാക്കിയ നിലപാടാണെന്ന് ആരോപണമുയർന്നു. കേസിൽ ഉന്നയിച്ച വാദങ്ങളാണു ബോ‍ർഡിന്റെ നിലപാടെന്ന് അഭിഭാഷകൻ പിന്നീടു വ്യക്തമാക്കുകയുമുണ്ടായി.

ബാബറി മസ്ജിദ് നിലനിന്ന ഭൂമിയുടെ അവകാശമായിരുന്നു തർക്കം. പകരം മറ്റൊരിടത്തു ഭൂമിയെന്നതു തങ്ങളുടെ നിലപാടുകളെല്ലാം നിരാകരിക്കുന്ന നടപടിയാണെന്നും അതുകൊണ്ടാണു ഭൂമി സ്വീകരിക്കേണ്ടെന്ന അഭിപ്രായങ്ങൾ ഉയരുന്നതെന്നും ബോർഡ് വൃത്തങ്ങൾ പറഞ്ഞു.

English summary: Ayodhya verdict: Sunni Waqf Board decision

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com