ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെങ്കിലും കയ്യൂക്കും കള്ളപ്പണവും വിജയിയെ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പു സമ്പ്രദായം. അതിന് അറുതി വരുത്തി വോട്ടിനും വോട്ടർക്കും വിലയുണ്ടാക്കിയതു ടി.എൻ. ശേഷനാണ്. രാജ്യം കണ്ട പ്രഗല്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയിൽ മലയാളികളുടെ അഭിമാനം. 

തിരഞ്ഞെടുപ്പുരംഗം അഴിമതി മുക്തമാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്കു സമാനതകളില്ല.വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും മുഖംനോക്കാത്ത നടപടികളും രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ മുഖം കറുപ്പിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിനു പരിധി നിശ്ചയിച്ച് പരമോന്നത നീതിപീഠം വരെ രംഗത്തെത്തിയെങ്കിലും ഇന്ത്യൻ സിവിൽ സർവീസ് കണ്ട കരുത്തനായ ഈ ഉദ്യോഗസ്ഥൻ ഒരടിപോലും പിന്നോട്ടു പോയില്ല. ആ വ്യക്തിപ്രഭാവം കൊണ്ടാണല്ലോ ചരിത്രത്തിലാദ്യമായി തമിഴ്നാട്ടിലും കർണാടകയിലും ഫാൻസ് അസോസിയേഷൻ ഉണ്ടായ സർക്കാർ ഉദ്യോഗസ്ഥനായി ശേഷൻ മാറിയത്. 

കർണാടക സംഗീതത്തിലും നൃത്തത്തിലും വയലിനിലുമൊക്കെ പരിജ്ഞാനമുണ്ടായിരുന്ന ശേഷന് ജ്യോതിഷത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. സായിബാബയു‌ടെയും ഗുരുവായൂരപ്പന്റെയും ഭക്തൻ. ഭഗവദ്ഗീത മനഃപാഠമായിരുന്നു.

 തൊട്ടതെല്ലാം വിവാദം 

ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ശേഷനെ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയി നിയമിച്ചത്. താൻ നിയമിതനായി ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽത്തന്നെ ശേഷൻ ‘തനിനിറം’ കാട്ടി. പഞ്ചാബിലെ തിരഞ്ഞെടുപ്പ് വോട്ടിങ്ങിനു തൊട്ടുമുൻപേ റദ്ദാക്കിക്കൊണ്ടായിരുന്നു അത്. തിരഞ്ഞെടുപ്പുചെലവിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 1993ൽ 1488 ലോക്സഭാ സ്ഥാനാർഥികളെയാണ് ശേഷൻ അയോഗ്യരാക്കിയത്. 

തിരഞ്ഞെടുപ്പു നിരീക്ഷകരെ നിയമിക്കേണ്ടത് കമ്മിഷനാണെന്നു ശഠിച്ചും തിരഞ്ഞെടുപ്പു ജോലിക്കു വിസമ്മതിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുത്തും ശേഷൻ വാർത്ത സൃഷ്ടിച്ചു. ശേഷനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയർന്നു. പാർലമെന്റ് സമ്മേളനം വിളിച്ചെങ്കിലും ഒടുവിൽ കോൺഗ്രസ് പിൻവാങ്ങിയതിനാൽ അതു നടക്കാതെപോയി. തിരഞ്ഞെടുപ്പു കമ്മിഷണർക്ക് സുപ്രീംകോടതി ജ‍ഡ്ജിക്കു തുല്യമായ പദവി വേണമെന്നാവശ്യപ്പെട്ട് ശേഷൻ കേന്ദ്രസർക്കാരിനെ സമീപിച്ചതും വിവാദമായി. 

പ്രണബ് മുഖർജിക്കു കേന്ദ്രമന്ത്രിസഭയിൽ ചേരാൻ യോഗ്യത നൽകുമായിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പു നീട്ടിവച്ചപ്പോൾ പ്രധാനമന്ത്രി നരസിംഹറാവു ശേഷനോട് ഇടഞ്ഞു. ശേഷന്റെ അപ്രമാദിത്തം അവസാനിപ്പിക്കാൻ 1993 ഒക്ടോബർ ഒന്നിന് നരസിംഹറാവു മറ്റു രണ്ടുപേരെ കൂടി തിരഞ്ഞെടുപ്പു കമ്മിഷണർമാരായി നിയമിച്ചു. എം.എസ്. ഗില്ലിനെയും  ജി.വി.ജി. കൃഷ്‌ണമൂർത്തിയെയും. ഇതിനെതിരെ ശേഷൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.

seshan-pic

 ‘വഴി മുടക്കിയ’ ശിവാജി ഗണേശൻ 

വിക്ടോറിയ കോളജിൽ ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം മദ്രാസിൽ എൻജിനീയറിങ്ങിനു ചേരാൻ ശ്രമിച്ചങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടതിനാൽ പ്രവേശനം ലഭിച്ചില്ല. അഭിമുഖത്തിൽ ശിവാജി ഗണേശനെക്കുറിച്ചാണു ചോദിച്ചതെന്നും തനിക്കു മറുപടി പറയാനായില്ലെന്നും ഇതെക്കുറിച്ച് ശേഷൻ പറഞ്ഞിട്ടുണ്ട്. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഊർജതന്ത്രത്തിൽ ബിരുദം നേടി. 

ജ്യേഷ്ഠൻ ലക്ഷ്മിനാരായണന്റെ പാത പിന്തുടർന്നാണ് സിവിൽ സർവീസിൽ ചേരാൻ തീരുമാനിച്ചത്. 1952ൽ ബിരുദം നേടിയപ്പോൾ വയസ്സ് പത്തൊൻപതേ ആയുള്ളൂ. 1952 മുതൽ 1955 വരെ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരുന്നു. 1955ൽ രണ്ടാം റാങ്കോടെ ഐഎഎസ് നേടി. 1967ൽ ഹാർവഡ് സർവകലാ ശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദം നേടി. ശേഷൻ ഉപരിപഠത്തിനായി എത്തിയപ്പോൾ ഡോ.സുബ്രഹ്മണ്യം സ്വാമി അവിടെ അധ്യാപകനായിരുന്നു. 

ബസ് ഓടിച്ച ശേഷൻ 

തിരഞ്ഞെടുപ്പ് കമ്മിഷണറാകും മുൻപു തന്നെ നിശ്ചയദാർഢ്യവും ധീരതയും പകിട്ടുചാർത്തിയ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായി അദ്ദേഹം. മധുരയിൽ കലക്ടറായിരിക്കുന്ന സമയം. തമിഴ്നാട്ടിൽ ഹിന്ദിവിരുദ്ധ പ്രക്ഷോഭം ആളിപ്പടരുകയാണ്. കലാപം രൂക്ഷമായപ്പോൾ ശേഷൻ പോലീസിനു വെടിവയ്ക്കാൻ അനുമതി നൽകി. ‘ഓരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീണിരിക്കണം’ എന്നതായിരുന്നു ശേഷന്റെ ഉത്തരവ്. ഇതോടെ മധുരയിലെ സ്ഥിതി ശാന്തമായി. പിന്നീടു തമിഴ്നാട് ട്രാൻസ്പോർട് ഡയറക്ടറായിരിക്കെ, ഒരു ഡ്രൈവർ ശേഷനെ ചോദ്യം ചെയ്തു. ബസ് ഓടിക്കാനറിയാത്ത താങ്കൾക്ക് എങ്ങനെയാണ് ബസ് ജീവനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാവുക?  

ആ വെല്ലുവിളി ഏറ്റെടുത്ത ശേഷൻ നേരെപോയത് വർക് ഷോപ്പിലേക്ക്. ഡ്രൈവിങ് മാത്രമല്ല അറ്റകുറ്റപണികളും പഠിച്ച അദ്ദേഹം യാത്രക്കാരുമായി ചെന്നൈ നഗരത്തിലൂടെ ബസ് ഓടിച്ചാണു വിമർശകരുടെ വായടപ്പിച്ചത്. 

അസൂയ തോന്നിയത് ഇ. ശ്രീധരനോട് 

TN Seshan , Chief Election Commissioner  declaring the polling dates during the press conference at New Delhi (File Photo)
TN Seshan , Chief Election Commissioner declaring the polling dates during the press conference at New Delhi (File Photo)

പാലക്കാട് ബിഇഎം സ്കൂളിൽ സഹപാഠികളായിരുന്നു ശേഷനും ഇ. ശ്രീധരനും. ശ്രീധരൻ സ്കൂളിൽ ചേരുംവരെ ക്ലാസിൽ ഒന്നാം സ്ഥാനം ശേഷനായിരുന്നു. ശ്രീധരൻ എത്തിയതോടെ ശേഷൻ രണ്ടാമനായി. പഠനത്തിനൊപ്പം സ്പോർട്സിലും മികവു പുലർത്തിയ ശ്രീധരനോട് ചെറിയ അസൂയ തനിക്കുണ്ടായിരുന്നുവെന്ന് ശേഷൻ പിന്നീട് പറഞ്ഞിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയിൽ ശ്രീധരനെക്കാൾ ഒരു മാർക്ക് കൂടുതൽ നേടി ശേഷൻ വാശിതീർത്തു. 

തിരഞ്ഞെടുപ്പു രംഗത്ത് ശേഷൻ വരുത്തിയ 10 മാറ്റങ്ങൾ

∙ വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ് 

∙ പെരുമാറ്റച്ചട്ടം കർശനമാക്കി.

∙ സ്ഥാനാർഥികളുടെ ചെലവുകൾക്ക് പരിധി.

∙ തിരഞ്ഞെടുപ്പു വേളയിൽ മദ്യവിൽപന വിലക്കി; പണവിതരണം തടഞ്ഞു.

∙ ഉച്ചഭാഷണികൾക്കു നിയന്ത്രണം.

∙ ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടു ചോദിക്കുന്നതിനു വിലക്ക്.

∙ ജാതി, മത സ്ഥാപനങ്ങൾ പ്രചാരണത്തിൽ ഇടപെടുന്നതിനു വിലക്ക്.

∙ സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തടഞ്ഞു.

∙ തിരഞ്ഞെടുപ്പു നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി. 

∙ തിരഞ്ഞെടുപ്പു കമ്മിഷനെ ബാഹ്യ ഇടപെടലുകളിൽനിന്നു മുക്തമാക്കി.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com