ADVERTISEMENT

മുംബൈ ∙ ശിവസേനാ സ്ഥാപകൻ ബാൽ താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറും – പോരടിച്ചു നിന്ന കാലത്തും ചില നിർണായക ഘട്ടങ്ങളിൽ പരസ്പരം സഹായിച്ചവർ. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ മഹാവികാസ് അഘാഡി സർക്കാരിന്റെ പിറവിയും. 

ഇരുവരും ആദ്യമായി പൊതുവേദിയിൽ കൈകോർത്തത് മുംബൈയി‍ൽ 1982 ൽ മിൽ തൊഴിലാളി സമരത്തിനെതിരെയുള്ള നീക്കത്തിലൂടെ. ബാൽ താക്കറെ ശിവസേന രൂപീകരിച്ചത് 1966 ൽ. ശരദ് പവാർ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്കു മത്സരിച്ചത് പിറ്റേവർഷം. കരുത്തനായ കോൺഗ്രസ് നേതാവായി മാറിയ ശരദ് പവാറിനെ പല ഘട്ടങ്ങളിലും പിന്തുണയ്ക്കാൻ താക്കറെ മടിച്ചില്ല. മഹാരാഷ്ട്രയിൽ അധികാരം കൈപ്പിടിയിലൊതുക്കാൻ കോൺഗ്രസിനെ സഹായിച്ചിരുന്ന ശിവസേനയ്ക്ക്, മുംബൈ കോർപറേഷനിൽ വേണ്ട പിന്തുണ പവാറും ഉറപ്പാക്കി.

1975 ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ താക്കറെ പിന്തുണച്ചു. 1977 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിനും താക്കറെയുടെ പിന്തുണയുണ്ടായിരുന്നു. ഇടയ്ക്കു കോൺഗ്രസ് വിട്ട പവാർ തിരിച്ചു പാർട്ടിയിലെത്തിയപ്പോൾ വീണ്ടും ശിവസേനയുമായുള്ള കൊടുക്കൽ വാങ്ങലുകൾ സജീവമായി.

ശിവസേനയുടെ വളർച്ചയ്ക്ക് തടയിടാൻ കേന്ദ്ര നേതൃത്വം നിയോഗിച്ച ശരദ് പവാർ തന്നെ സേനയുമായി രഹസ്യ ധാരണയുണ്ടാക്കിയതിനെതിരെ സംസ്ഥാന നേതാക്കൾ എതിർപ്പുയർത്തി. പവാർ പ്രധാനമന്ത്രിക്കസേരയിൽ വരണമെന്നാണു തന്റെ ആഗ്രഹമെന്നു താക്കറെ പലപ്പോഴും ആവർത്തിച്ചു. അതിനു പിന്നിൽ മറാഠാ വികാരമാണെന്നായിരുന്നു വിശദീകരണം.

2007 ലെ പുണെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരം നേടാതിരിക്കാൻ ശിവസേനയും എൻസിപിയും കൈകോർത്തു. തങ്ങൾക്കിടയിലെ രാഷ്‌ട്രീയ ഭിന്നതകൾ വളരെ സജീവമാണെന്നു പവാർ ഒരിക്കൽ പ്രസംഗിച്ചപ്പോൾ താക്കറെ മറുപടി നൽകിയത്, തനിക്കു പവാറിനോട് ഒരിക്കലും കടുത്ത വൈരം ഉണ്ടായിരുന്നില്ലെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com