ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി ബില്ലിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധത്തിനു കളമൊരുക്കാൻ കോൺഗ്രസ്. വിഷയത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മുതലാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം ബിജെപിയെ കടന്നാക്രമിക്കുക എന്ന തന്ത്രം കോൺഗ്രസ് സ്വീകരിക്കും.

ബില്ലിനെതിരെ യുപിഎക്കു പുറത്തുള്ള കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ചർച്ചകൾക്കു പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നേതൃത്വം നൽകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ജമ്മു കശ്മീർ വിഷയത്തിൽ ദേശീയത ഉയർത്തി മുതലെടുപ്പിനു ശ്രമിച്ച ബിജെപിയെ രാഷ്ട്രീയമായി നേരിടാൻ ബിൽ ഉപകരിക്കുമെന്നാണു വിലയിരുത്തൽ.

ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു പലായനം ചെയ്തെത്തുന്ന മുസ്‍ലിംകളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നടപ്പു സമ്മേളനകാലത്തു പാർലമെന്റിൽ അവതരിപ്പിക്കും. മുസ്‍ലിംകളെ ഒഴിവാക്കുന്നതു ഭരണഘടനാ മൂല്യങ്ങൾക്കു വിരുദ്ധമാണെന്ന നിലപാടു കോൺഗ്രസ് സ്വീകരിക്കും. കുടിയേറ്റം തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തുമെന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആശങ്കയും ഉന്നയിക്കും. അസമിൽ പൂർത്തിയാക്കിയ ദേശീയ പൗര റജിസ്റ്റർ (എൻആർസി) രാജ്യവ്യാപകമാക്കാനുള്ള ബിജെപി നീക്കം പലരുടെയും പൗരത്വം നഷ്ടമാക്കുമെന്നതു വരും തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രചാരണ വിഷയമാക്കും.

പൗരത്വ ഭേദഗതി ബിൽ, എൻആർസി എന്നീ വിഷയങ്ങളിൽ ബിജെപിയെ കടന്നാക്രമിച്ചതാണ് അടുത്തിടെ ബംഗാളിലെ ഉപതിരഞ്ഞെടുപ്പിൽ വിജയത്തിനു വഴിയൊരുക്കിയതെന്നു വിലയിരുത്തുന്ന തൃണമൂലും പാർലമെന്റിൽ കേന്ദ്രത്തിനെതിരെ അണിനിരക്കും.

അതേസമയം, ബില്ലിൽ അഭിപ്രായ ഐക്യം രൂപീകരിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com