കർണാടകയിലും മഹാ ഇഫക്ട്; വീണ്ടും കോൺഗ്രസ്–ജെഡിഎസ് സഖ്യസാധ്യത

dk-shivakumar-hd-kumaraswamy
ഡി.കെ. ശിവകുമാർ, എച്ച്.ഡി. കുമാരസ്വാമി
SHARE

ബെംഗളൂരു ∙ മഹാരാഷ്ട്രയിലെ ബിജെപി ഇതര സഖ്യത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു കർണാടകയിലും രാഷ്ട്രീയ കൂട്ടുകെട്ടുകളിൽ മാറ്റത്തിനു സാധ്യത. ജനതാദളു(എസ്)മായി ഭിന്നതയില്ലെന്നും വീണ്ടും സഖ്യത്തിനു തയാറാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു കഴിഞ്ഞു. 5ന് ഉപതിരഞ്ഞെടുപ്പു നടക്കുന്ന 15 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും കോൺഗ്രസിനും ജെഡിഎസിനും നിലനിർത്താനായാൽ ഇപ്പോൾ ഒറ്റയ്ക്കു മത്സരിക്കുന്ന ഇരുകക്ഷികളും വീണ്ടും കൈകോർക്കാനുള്ള സാധ്യതയാണു തേടുന്നത്; 2018ൽ ഭരണത്തിലേറാൻ പരീക്ഷിച്ച സഖ്യത്തിന്റെ ആവർത്തനം.

ജൂലൈയിൽ സഖ്യസർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ബിജെപി മുഖ്യമന്ത്രി യെഡിയൂരപ്പയെ താഴെയിറക്കാൻ ജെഡിഎസുമായി വീണ്ടും സഖ്യത്തിനു സാധ്യതയുണ്ടെന്നു കോൺഗ്രസ് നേതാവ് ജി.പരമേശ്വര വ്യക്തമാക്കി. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖർഗെയും ഇതേ നിലപാടിലാണ്. ഉപതിരഞ്ഞെടുപ്പു ഫലത്തിനുശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിക്കുന്ന നിലപാടു കാത്തിരിക്കുകയാണെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡ പറയുന്നു.

ഉപതിരഞ്ഞെടുപ്പു കഴിയുന്നതോടെ നിയമസഭയിലെ അംഗബലം 222 ആകും. കുറഞ്ഞത് 6 സീറ്റിൽ ജയിച്ചാലേ ബിജെപിക്കു ഭരണം നിലനിർത്താനാകൂ. നിലവിലുള്ളത് 106 പേരുടെ പിന്തുണ. ജെഡിഎസ് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഒറ്റയ്ക്കു ഭരണം നിലനിർത്താനാണു ബിജെപി ശ്രമം. അതുകൊണ്ടാണു കോൺഗ്രസിലേക്കു വീണ്ടും ചായാൻ ജെഡിഎസ് ശ്രമിക്കുന്നതും. ഉപതിരഞ്ഞെടുപ്പ് നടക്കുന്നവയിൽ 11 മണ്ഡലങ്ങൾ കോൺഗ്രസ് സിറ്റിങ് സീറ്റുകളാണ്. ദൾ(3), കെപിജെപി(1) എന്നിങ്ങനെയാണു മറ്റു സീറ്റുകൾ.

കോൺഗ്രസിലേക്കോ ബിജെപിയിലേക്കോ ചാടാനൊരുങ്ങി നിൽക്കുന്ന 19 എംഎൽഎമാരെ സ്വന്തം കൂടാരത്തിൽ ഉറപ്പിച്ചുനിർത്തുകയാണ് ജെഡിഎസ് നേരിടുന്ന വെല്ലുവിളി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA