ന്യൂഡൽഹി ∙ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) കാവൽ ഒഴിവാക്കിയതിനു പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വസതിയിൽ സുരക്ഷാ വീഴ്ച. കഴിഞ്ഞ മാസം 25നു സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, 2 പുരുഷന്മാരും 2 സ്ത്രീകളും ഒരു പെൺകുട്ടിയുമടങ്ങുന്ന സംഘത്തിന്റെ കാർ ലോധി റോഡിലെ വീടിന്റെ പോർച്ച് വരെയെത്തി.
അപ്രതീക്ഷിത വരവിൽ പ്രിയങ്ക അമ്പരന്നെങ്കിലും സെൽഫിയെടുക്കണമെന്നു പറഞ്ഞപ്പോൾ ഒപ്പം നിന്നുകൊടുത്തു. തൊട്ടുപിന്നാലെ സുരക്ഷാ ഭടന്മാർ ഓടിയെത്തിയെങ്കിലും എന്തെങ്കിലും നടപടിയെടുക്കുന്നതു പ്രിയങ്ക വിലക്കി. യുപി സ്വദേശികളായ ഇവർ അൽപസമയം കൂടി കഴിഞ്ഞാണു മടങ്ങിയത്.