sections
MORE

സ്വന്തം വിമാനം ‘ചതിച്ചു’; സ്വീഡിഷ് രാജാവിനു തുണയായി എയർ ഇന്ത്യ

modi
രാജസന്ദർശനം: ഇന്ത്യാ സന്ദർശനത്തിനെത്തിയ സ്വീഡൻ രാജാവ് ഗുസ്താവിനും സിൽവിയ രാജ്ഞിക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ.
SHARE

ന്യൂഡൽഹി ∙ രണ്ടര പതിറ്റാണ്ടിനു ശേഷം ഇന്ത്യ സന്ദർശിക്കാൻ‌ പുറപ്പെട്ട സ്വീഡിഷ് രാജാവിനെയും രാജ്ഞിയേയും സ്വന്തം വിമാനം ‘ചതിച്ചു’. അവസാന നിമിഷം തുണയായത് എയർ ഇന്ത്യ. 26 വർഷത്തിനു ശേഷം ഇന്ത്യാ സന്ദർശത്തിന് പുറപ്പെട്ടതായിരുന്നു കാൾ 16–ാമൻ രാജാവും രാജ്ഞി സിൽവിയയും.

യാത്രയ്ക്കൊരുങ്ങിയ സ്വീഡന്റെ ഔദ്യോഗിക വിമാനത്തിനു സാങ്കേതിക തടസ്സം നേരിട്ടത് യാത്രയ്ക്കു തൊട്ടു മുൻപു മാത്രം. ഇതോടെ എയർ ഇന്ത്യയുടെ സ്‌റ്റോക്കോം – ഡൽഹി വിമാനത്തിലേക്ക് യാത്ര മാറ്റി.

പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോയും എയർ ഇന്ത്യ കൺട്രി മാനേജർ സംഗീത സന്യാലും ചേർന്ന് ഇരുവരെയും ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു. കഥകളി അടക്കമുള്ള കലാരൂപങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേൽപ്.

അപ്രതീക്ഷിതമായി കിട്ടിയ വിവിഐപി യാത്രക്കാരുടെ വരവ് എയർ ഇന്ത്യ ആഘോഷമാക്കുകയും ചെയ്തു. ഞങ്ങൾക്കിത് അഭിമാന നിമിഷമെന്നായിരുന്നു എയർ ഇന്ത്യയുടെ ട്വീറ്റ്.

ഇതിനിടെ, വിമാനത്തിൽ നിന്ന് സ്വന്തം ബാഗ് എടുത്തു ഇരുവരും ഇറങ്ങി വരുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹി, റെഡ് ഫോർട്ട് എന്നിവിടങ്ങൾ സന്ദർശിച്ച ഇരുവരും ഇന്നലെ രാഷ്ട്രപതി ഭവനിലും അതിഥികളായി.

രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതയും ചേർന്നു സ്വീകരിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചകൾക്കു പുറമേ, മുംബൈ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലടക്കം 5 ദിവസത്തെ സന്ദർശനത്തിനാണ് എത്തിയത്. സ്വീഡനിൽ നിന്നുള്ള ഉന്നത തല ഔദ്യോഗിക സംഘവും ഒപ്പമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA