ADVERTISEMENT

ബെംഗളൂരു∙ കർണാടകയിലെ 15 നിയമസഭാ സീറ്റുകളിൽ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപി സർക്കാരിനു നിർണായകം. 6 സീറ്റിലെങ്കിലും ജയിച്ചില്ലെങ്കിൽ യെഡിയൂരപ്പ സർക്കാരിനു ഭരണം നിലനിർത്താൻ പുതിയ കൂട്ടു തേടേണ്ടിവരും. കോൺഗ്രസ്– ജനതാദൾ സർക്കാരിനെ അട്ടിമറിച്ച് ബിജെപി പക്ഷത്തേക്കു കൂറുമാറിയ 17 കോൺഗ്രസ്-ദൾ-കെപിജെപി എംഎൽഎമാരിൽ 15 പേരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

മുൻ സ്പീക്കർ അയോഗ്യരാക്കിയവരാണ്, 2 സീറ്റിലൊഴികെ എല്ലായിടത്തും ബിജെപി സ്ഥാനാർഥികൾ. ഇവർക്കെതിരെ മണ്ഡലങ്ങളിൽ ഉയർന്ന എതിർപ്പ്, കൂടുതൽ വികസന ഫണ്ട് അനുവദിച്ചും വാഗ്ദാനങ്ങൾ നൽകിയും നേരിടാനാണു ബിജെപി ശ്രമിച്ചത്. മറ്റു പാർട്ടികളിൽ നിന്നെത്തിയവർക്ക് സീറ്റ് നൽകിയതിന്റെ പേരിൽ വിമതരും തലപൊക്കിയിട്ടുണ്ട്.

ഒന്നിച്ചു ഭരിച്ച കോൺഗ്രസും ജനതാദളും ഒറ്റയ്ക്കു മത്സരിക്കുന്നു. 12 സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണു കോൺഗ്രസ് പ്രതീക്ഷ. 11 എണ്ണം സിറ്റിങ് സീറ്റാണ്.

ബിജെപിയും കോൺഗ്രസും 15 സീറ്റിലും മത്സരിക്കുമ്പോൾ 12 മണ്ഡലങ്ങളിലാണ് ദൾ പോരാട്ടം. ഒരിടത്ത് ബിജെപി വിമതനെ പിന്തുണയ്ക്കുന്നു. രണ്ടിടത്ത് ദൾ സ്ഥാനാർഥികൾ പാർട്ടിയോട് ആലോചിക്കാതെ പിന്മാറി.

ചിഹ്നം മാറി; മുന്നണിയും

ഒന്നരവർഷം മുൻപ് കോൺഗ്രസ്, ദൾ ചിഹ്നങ്ങളിൽ ജയിച്ചവർ ഇത്തവണ ബിജെപിയായി ജനവിധി തേടുമ്പോൾ വോട്ടർമാരും ആശയക്കുഴപ്പത്തിലാണ്. 9 ന് ഫലം വരുന്നതോടെ നിയമസഭാ അംഗബലം 222 ആയി ഉയരും. നിലവിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 112.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലായ മുൻ മന്ത്രി ഡി.കെ. ശിവകുമാറിന് സ്വാധീനമുള്ള വൊക്കലിഗ വോട്ടു ബാങ്കിലാണു കോൺഗ്രസിന്റെ കണ്ണ്. വൊക്കലിഗ വോട്ടുകളെ ആശ്രയിക്കുന്ന ജനതാദളിനും പഴയ മൈസൂരു മേഖലയിലെ 7 സീറ്റുകളിൽ കാര്യമായ സ്വാധീനമുണ്ട്. മുൻ മുഖ്യമന്ത്രി ദൾ നേതാവുമായ കുമാരസ്വാമിയുമായി ശിവകുമാർ കൂടിക്കാഴ്ച നടത്തിയത്, ഇവയിൽ ഏതാനും സീറ്റുകളിൽ രഹസ്യ ധാരണയ്ക്കു വഴിയൊരുക്കാനാണെന്നാണ് അഭ്യൂഹം. മഹാരാഷ്ട്രയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ദളുമായി വീണ്ടും സഖ്യത്തിനും കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുന്നു.

കൂറുമാറ്റം: ദൾ ആശങ്കയിൽ

ബിജെപിയെയും അനുകൂലിച്ചും എതിർത്തുമുള്ള പരസ്പരവിരുദ്ധ പ്രസ്താവനകളിലൂടെ സ്വന്തം എംഎൽഎമാരെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താനുള്ള ശ്രമത്തിലാണ് കുമാരസ്വാമിയും അച്ഛൻ ദേവെ ഗൗഡയും. എംഎൽഎമാരും നിയമസഭാ കൗൺസിൽ അംഗങ്ങളും (എംഎൽസി) ഉൾപ്പെടെ 19 സാമാജികർ ബിജെപിയിലേക്കോ കോൺഗ്രസിലേക്കോ കൂറുമാറിയേക്കുമെന്ന അഭ്യൂഹത്തെ തുടർന്നാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com