ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അനധികൃത കടന്നുകയറ്റക്കാരെന്ന് ആക്ഷേപിച്ചുവെന്നാരോപിച്ച് ബിജെപി അംഗങ്ങൾ ലോക്സഭയിൽ ബഹളമുണ്ടാക്കി. അധീർ മാപ്പു പറയണമെന്നായിരുന്നു ആവശ്യം. ശൂന്യവേളയിൽ ബിജെപി അംഗം ഉദയ്പ്രതാപ് സിങ് ആണ് വിഷയമുന്നയിച്ചത്.

തുടർന്ന് മന്ത്രി പ്രൾഹാദ് ജോഷി ഏറ്റെടുത്തു. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നുഴഞ്ഞുകയറ്റക്കാരെന്ന് ആക്ഷേപിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിനു തുല്യമാണ്. അവർ രണ്ടാമതും ജനവിധി നേടി വന്നവരാണ്.

നിങ്ങളുടെ നേതാക്കളാണ് ഈ രാജ്യത്തേക്ക് നുഴഞ്ഞുകയറിയത് എന്നിങ്ങനെ ജോഷി പറഞ്ഞതോടെ അധീറും കോൺഗ്രസ് അംഗങ്ങളും ചെറുത്തു. തനിക്കു പറയാൻ അവസരം തരണമെന്ന് അധീർ പലവട്ടം പറഞ്ഞെങ്കിലും ബഹളം അവസാനിച്ചില്ല. തുടർന്ന് സ്പീക്കർ ഉച്ചഭക്ഷണത്തിനു പിരിയുന്നതായി പ്രഖ്യാപിച്ചു.

ഉച്ചയ്ക്കു ശേഷം ടാക്സേഷൻ ബിൽ അവതരിപ്പിക്കുന്നതിനു മുൻപു ബിജെപി അംഗം നിഷികാന്ത് ദുബെ പ്രശ്നം വീണ്ടും എടുത്തിട്ടു. ബംഗ്ലദേശ് പൗരന്മാരെ രാജ്യത്തേക്കു നുഴഞ്ഞുകയറ്റാൻ അധീർ സഹായിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പൗരത്വം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

തൃണമൂൽ അംഗം മഹുവ മൊയ്ത്രയും കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ചേർന്ന് ബിജെപി അംഗങ്ങളെ വെല്ലുവിളിക്കുന്നതു കാണാമായിരുന്നു.

നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ഞാൻ പറയുന്നതു കേൾക്കണമെന്ന് അധീർ പറഞ്ഞു. ഈ രാജ്യത്തെ ഒരു പൗരനും സ്വസ്ഥതയില്ല.

ഇവിടെ ജനിച്ചു വളർന്നവരെയാണ് നുഴഞ്ഞുകയറ്റക്കാരെന്നു പറയുന്നത്. ആ കണക്കിൽ ഗുജറാത്തിൽ നിന്നു വന്ന മോദിയും അമിത് ഷായും ഡൽഹിയിൽ താമസിക്കുന്നതിനെയും അങ്ങനെ പറയാമല്ലോ എന്നാണു പറഞ്ഞതെന്നും അധീർ വിശദീകരിച്ചതോടെ വീണ്ടും ബഹളമായി.

അധീർ മാപ്പു പറയുന്നില്ലെങ്കിൽ സോണിയയും രാഹുലും മാപ്പു പറയണമെന്ന് പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു. ചെയറിലുണ്ടായിരുന്ന രമാദേവി മാപ്പു പറയുമോ എന്ന് അധീറിനോടു ചോദിച്ചെങ്കിലും ‘എന്തിന്’ എന്നായിരുന്നു മറുചോദ്യം.

കോൺഗ്രസിനു സമനില നഷ്ടപ്പെട്ടതു കൊണ്ടാണ് അവരിങ്ങനെയൊക്കെ പറയുന്നതെന്നും കാര്യമില്ലെന്നും പറഞ്ഞ് ബിജെപി ബഹളം അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com