ADVERTISEMENT

ചെന്നൈ∙ ‌സ്റ്റൈൽ മ‌ന്നനെ  കണ്ടപ്പോൾ പ്രണവ് ആദരവോടെ ‘കാൽകൂപ്പി’ ഷാളണിയിച്ചു വരവേറ്റ ശേഷം രജനീകാന്ത് അവനെ ചേർത്തു നിർത്തി ആലിംഗനം ചെയ്തു. 

സിനിമയിലെ മനോഹര രംഗം പോലൊരു കാഴ്ച. വേദിയായതു സൂപ്പർ ‌സ്റ്റാർ ‌രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വീ‌ട്ടിലെ ‌സ്വീകരണ മുറി.‌ജന്മനാ ര‌ണ്ടു കൈകളുമില്ലാത്ത ആലത്തൂർ സ്വദേശി പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണു അദ്ദേഹത്തെ കാണാനെത്തിയത്. ആ ക്ഷണത്തിനു പിന്നിലുമുണ്ടു സിനിമയിലെന്നതു പോലൊരു നാടകീയത. 

ആഴ്ചകൾക്കു മുൻപ് പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതു കേരളത്തിലെന്ന പോലെ, തമിഴ്നാട്ടിലും വലിയ വാർത്തയായിരുന്നു. ‌പ്രണവ് പിണ‌റായിക്കു ‘ഷേക്ക് ലെഗ്’ നൽകുന്ന ചിത്രം തമിഴകത്തെ പല താരങ്ങളും സ്വ‌ന്തം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു.

ഇതിനു പിന്നാലെ, തമിഴ് വാരിക പ്രണവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. ഇതിലൊരു ചോദ്യത്തിന് ഉത്തരമായാണു രജ‌നീകാന്തിനെ കാണാനുള്ള ആഗ്രഹം പ്രണവ് വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച രജനിയുടെ ഓഫിസിൽ നിന്നു പ്രണവിനു കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണമെത്തി. 

ഞായറാഴ്ച രാത്രിയാണു പ്രണവും കുടുംബവും പാലക്കാട്ടു നിന്നു തി‌‌രിച്ചത്. ഇഷ്ട താരത്തിനു സമ്മാനിക്കാൻ പ്രണവ് കാൽ കൊണ്ടു വരച്ച അദ്ദേഹത്തിന്റെ ചിത്രവും കരുതിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കു പ്രണവും കുടുംബവും പോയസ് ഗാർഡനിലെത്തി. 

ഷാൾ അണിയിച്ചാണു രജനി, പ്രണവിനെ സ്വീകരിച്ചത്. ചിത്രം നൽകിയ   ശേഷം പ്രണവ് കാൽ കൊണ്ടു താരത്തിനൊപ്പം സെൽഫിയെടുത്തു.

ആത്മീയ ഗുരു ബാബാജിയുടെ ചിത്രവും മധുരവും നൽകിയാണു അര മണി‌‌ക്കൂർ നീണ്ട കൂടി‌ക്കാഴ്ചയ്ക്കു ശേഷം രജനി പ്രണവിനെ യാത്രയാക്കിയത്; ഒപ്പം എന്തു സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും. 

 പിതാവ് ബാലസുബ്രഹ്മണ്യം, അമ്മ സ്വർണ കുമാരി, സഹോദരൻ പ്രവീൺ തുട‌ങ്ങിയവർ പ്ര‌‌ണവിനൊപ്പമുണ്ടായിരുന്നു. ചിറ്റൂർ ഗവ.കോളജിൽ നിന്നു ബികോം ബിരുദം നേ‌ടിയ പ്രണവ് പിഎസ്‌സി പരിശീലനത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com