sections
MORE

ചന്ദ്രനിൽ കണ്ണുംനട്ട് ഷൺമുഖം സുബ്രഹ്മണ്യത്തിന്റെ ഉറങ്ങാരാത്രികൾ!

shanmuga-subramanian
SHARE

ചെന്നൈ ∙ രണ്ടു കംപ്യൂട്ടറുകൾ, ഒരാഴ്ചയോളം 7 മണിക്കൂർ നീണ്ട കഠിനാധ്വാനം. വിക്രം മറ‌ഞ്ഞിരിക്കുന്നത് എവിടെയെന്ന വലിയ ചോദ്യത്തിനു ചെന്നൈ സ്വദേശിയായ ഷൺമുഖം സുബ്രഹ്മണ്യം ഉത്തരം കണ്ടെത്തിയതിനു പിന്നിൽ ഇതാണ്. ഷൺമുഖം നൽകിയ ഉത്തരം ശരിയായിരുന്നുവെന്നാണ് നാസ സ്ഥിരീകരിക്കുന്നത്. ചരിത്രപരമായ കണ്ടെത്തലിനു ഷൺമുഖത്തെ അഭിനന്ദി‌ച്ച് നാസ കത്തയയ്ക്കുകയും ചെയ്തു.

ചെന്നൈയിൽ ലെനോക്സ് ഇന്ത്യ ടെക്നോളജി സെന്ററിൽ ടെക്നിക്കൽ ആർക്കിടെക്റ്റാണ് ഷൺമുഖം. ആപ്, വെബ്സൈറ്റ് നിർമാണത്തിലും സജീവം. ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങൾ തൽസമയം നൽകുന്ന ചെന്നൈ റെയിൻ എന്ന ഫെയ്സ്ബുക് പേജ് നടത്തുന്നു.

ഷൺമുഖത്തിന്റെ ഗവേഷണം

സെപ്റ്റംബർ 26നു നാസ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡ് ചെയ്യാൻ ലക്ഷ്യമിട്ടിരുന്ന ഭാഗത്തെ ചിത്രം പുറത്തുവിട്ടു. നാസയുടെ നിരീക്ഷണ ഓർബിറ്റർ എടുത്ത, വിക്രം ഇടിച്ചിറങ്ങിയതിനു ശേഷമുള്ളതും മുൻപുള്ളതുമായ ചിത്രങ്ങൾ പരിശോധിച്ചു വിക്രം മറഞ്ഞിരിക്കുന്നത് എവിടെയെന്നു കണ്ടെത്തുന്നതിനു സഹായിക്കാൻ ലോകത്തെമ്പാടുമുള്ള ബഹിരാകാശ കുതുകികളോടുള്ള അഭ്യർഥനയും ഒപ്പമുണ്ടായിരുന്നു. ഈ ചിത്രങ്ങൾ സ്വന്തം കംപ്യൂട്ടറിലേക്കു ഡൗൺലോഡ് ചെയ്ത് ഷൺമുഖവും ശ്രമം തുടങ്ങി.

പുതിയതും പഴയതുമായി ചിത്രങ്ങൾ രണ്ടു കംപ്യൂട്ടറുകളിലാക്കി സൂക്ഷ്മമായി പരിശോധിക്കുകയാണു ചെയ്തത്. വിക്രം ലാൻഡറിനെക്കുറിച്ചു ലഭ്യമായ വിവരങ്ങൾ കൂടി വിലയിരുത്തിയായിരുന്നു പരിശോധന. സോഫ്റ്റ് ലാൻഡിങ്ങിനു 2 കിലോമീറ്ററിൽ താഴെ ദൂരമുള്ളപ്പോഴാണു വിക്രമുമായുള്ള ആശയ വിനിമയം നിലച്ചത്.

ദക്ഷിണ ധ്രുവത്തിന്റെ വടക്കു ഭാഗത്തു കൂടിയാണു വിക്രം ലാൻഡിങ്ങിനൊരുങ്ങിയിരുന്നത്. അതിനാൽ, ആ സ്ഥലത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ സൂക്ഷ്മമായി പരിശോധിച്ചു. പുതിയ ചിത്രത്തിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ 750 മീറ്റർ മാറി ചെറിയൊരു വെളുത്ത പൊട്ട് ശ്രദ്ധയിൽപ്പെട്ടതങ്ങനെയാണ്. 9 വർഷംവരെ പഴ‌ക്കമുള്ള ചിത്രങ്ങൾ താരതമ്യപ്പെടുത്തി നോക്കിയപ്പോൾ ഈ പൊട്ട് പുതിയതാണെന്നു സ്ഥിരീകരിച്ചു. ഇതാണു തുടർപരി‌ശോധന‌യിലൂടെ നാസ ‌സ്ഥിരീകരിച്ചിരിക്കുന്നത്.

പിന്നിലെ അധ്വാനം

ഒരാഴ്ച ജോലിക്കു ശേഷം 7 മണിക്കൂറോളം നീക്കിവച്ചാണു പരിശോധന നട‌ത്തിയത്. രാത്രി 10 മണിക്കു ജോലി കഴിഞ്ഞെത്തിയ ശേഷം പുലർച്ചെ 3 വരെ ചിത്രങ്ങളുടെ പരി‌‌ശോധന. 

അൽപം മയങ്ങിയ ശേഷം രാവിലെ 6ന് ഓഫിസിൽ പോകുന്നതുവരെ ഇതാവർത്തിച്ചു. ചെറുപ്പം മുതൽ ഐഎസ്ആർഒയുടെ ഓരോ ഉപഗ്രഹ വിക്ഷേപണവും ദൂരദർശനു മുന്നിലിരുന്നു കാണുമായിരുന്നു. 

ഒക്ടോബർ 3നു ട്വിറ്റർ വഴി നാസയെയും ഐഎസ്ആർഒയെയും തന്റെ ക‌‍ണ്ടെത്തൽ അറിയിച്ചു. പിന്നീട് ആ മാസം 18നു നാസയ്ക്കു വിശദമായ ഇ മെയിൽ അയച്ചു. ഇതിനു മറുപടിയായാണ് ഇന്നലെ അഭിനന്ദനക്കത്ത് എത്തിയത്.‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA