ADVERTISEMENT

എന്തൊരു സങ്കടമാണ്! ദിവസങ്ങളുടെ ഇടവേളയിൽ, വീണ്ടുമൊരു മകളുടെ അതിക്രൂരമായ മരണത്തിന്റെ വാർത്തകളിലൂടെ നമുക്കു കടന്നു പോകേണ്ടി വരുന്നു. എത്ര കരഞ്ഞാലാണ് ?

ഡൽഹിയിലെ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയ ഉന്നാവിലെ യുവതിക്കു (23) ജന്മനാട്ടിൽ അന്ത്യവിശ്രമം. ഇന്നലെ അവളുടെ മരണവാർത്തിയിലേക്കുണർന്ന ജനങ്ങൾ രാജ്യമെങ്ങും രോഷവും നിസ്സഹായതയും പങ്കുവച്ചു.

അവളെ ക്രൂരമായി പീഡിപ്പിക്കുകയും പരാതി നൽകിയതിന്റെ പേരിൽ കത്തിക്കുകയും ചെയ്ത പ്രതികൾ ആഗ്രഹിച്ചതു പോലെ കേസും തെളിവുകളും തേഞ്ഞുമാഞ്ഞു പോകുമോ എന്ന ചോദ്യം ബാക്കി.

നൂൽപാലത്തിൽ 36 മണിക്കൂർ

ജാമ്യം ലഭിച്ച പീഡനക്കേസ് പ്രതികൾ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണു യുവതിയെ പൊതുവഴിയിൽ വച്ചു ചുട്ടെരിച്ചത്. 90 % പൊള്ളലേറ്റ അവൾ 36 മണിക്കൂറിനു ശേഷം വെള്ളിയാഴ്ച രാത്രി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം റോഡു മാർഗമാണ് ഉന്നാവിലെ ബിഹാർ ഗ്രാമത്തിലെത്തിച്ചത്.

ഉറച്ചുനിന്നു, അവസാന ശ്വാസം വരെ

തനിക്കേൽക്കേണ്ടി വന്ന ക്രൂരതയെക്കുറിച്ചുള്ള പരാതിയിൽ അവസാനശ്വാസം വരെ അവൾ ഉറച്ചുനിന്നുവെന്നു മരണമൊഴി വ്യക്തമാക്കുന്നു. മണ്ണെണ്ണ ഒഴിച്ചു പൊള്ളലേൽപിക്കും മുൻപ് പ്രതികൾ കഴുത്തു ഞെരിച്ചതായും കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ടെന്നാണു പൊലീസ് നൽകുന്ന സൂചന.

പ്രതിഷേധം ശക്തം; യുപി മന്ത്രിമാരെ തടഞ്ഞു

പ്രതിഷേധം ശക്തമായതോടെ ഉത്തർപ്രദേശ് സർക്കാർ പ്രതിരോധത്തിലായി. യുവതിയുടെ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച രണ്ടു മന്ത്രിമാരെയും സാക്ഷി മഹാരാജ് എംപിയെയും നാട്ടുകാർ തടഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഉൾപ്പെടെ രംഗത്തിറങ്ങിയതോടെ പ്രതികൾക്ക് ഉടനടി ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതി സജ്ജമാക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നൽകുമെന്നും പ്രഖ്യാപിച്ചു.

unnaoincident
ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയുടെ മുൻപിലുണ്ടായ പ്രതിഷേധത്തിനിടെ കുട്ടിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാൻ അമ്മയുടെ ശ്രമം.

ഇൗ കെട്ട കാലത്ത് എങ്ങനെ വളർത്താനാണ്ഞാനെന്റെ മകളെ? 

ഉന്നാവ് യുവതിയുടെ മരണവാർത്ത പുറത്തു വന്നതിനു പിന്നാലെ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയുടെ മുൻപിലുണ്ടായ പ്രതിഷേധത്തിനിടെയാണ് കുട്ടിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാൻ അമ്മയുടെ ശ്രമം. ഉടൻ ഇടപെട്ട പൊലീസ് കുട്ടിയെ രക്ഷിച്ചു. അമ്മയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പഠിച്ചു പറന്നുയരാൻ കൊതിച്ചവൾ...

സാമ്പത്തികമായി ഏറെ പിന്നാക്കമായ ഒബിസി കുടുംബത്തിലെ യുവതി ബിരുദധാരിയായിരുന്നു. അച്ഛൻ ഇരുമ്പുപണിക്കാരനും ഇടത്തരം കർഷകനും. പ്രതികളാകട്ടെ, സാമൂഹികമായും സാമ്പത്തികമായും ഏറെ ഉയർന്നവർ. 

മുഖ്യപ്രതി ശിവം ത്രിവേദി യുവതിയെ വിവാഹവാഗ്ദാനം നൽകി ചൂഷണം ചെയ്യുകയും അതു മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് വിവാഹത്തിൽനിന്നു പിന്മാറുക മാത്രമല്ല, മൊബൈൽ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി, സുഹൃത്തും ഗ്രാമമുഖ്യന്റെ മകനുമായ ശുബ്ഹം ത്രിവേദിക്കും പീഡിപ്പിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.

2018 ഡിസംബറിൽ നടന്ന ഈ സംഭവത്തിൽ ഈ വർഷം ജനുവരിയിൽ പരാതി നൽകിയെങ്കിലും രണ്ടു മാസത്തിനു ശേഷം മാത്രമാണു പൊലീസ് കേസെടുത്തത്. ശിവത്തെ അറസ്റ്റ് ചെയ്തെങ്കിലും കഴിഞ്ഞ മാസം 25നു ജാമ്യത്തിലിറങ്ങി. ശുബ്ഹം മുൻകൂർ ജാമ്യം നേടി. ഇവർ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെങ്കിലും പൊലീസ് അനങ്ങിയില്ല.

വ്യാഴാഴ്ച റായ്ബറേലി കോടതിയിലെ വിചാരണ നടപടികൾക്കായി വീട്ടിൽനിന്നു പോകുമ്പോഴാണു ശിവം, ശുബ്ഹം എന്നിവരും മറ്റു 3 പേരും ചേർന്നു യുവതിയെ തീകൊളുത്തിയത്. 5 പേരെയും അറസ്റ്റ് ചെയ്തെങ്കിലും പ്രതികളുടെ ബന്ധുക്കളിൽനിന്നു യുവതിയുടെ വീട്ടുകാർക്കു തുടർന്നും ഭീഷണിയുണ്ടായി. 

ബിജെപി പുറത്താക്കിയ എംഎൽഎ കുൽദീപ് സെൻഗറിന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽനിന്ന് ഇപ്പോൾ മരണമടഞ്ഞ യുവതിയുടെ വീട്ടിലേക്കു 10 കിലോമീറ്റർ ദൂരം. 

∙ പണമോ മറ്റു സഹായമോ എനിക്കു വേണ്ട. അവരെ ഓടിച്ചിട്ടു വെടിവച്ചു കൊല്ലുന്നത് എനിക്കു കാണണം. 

 - ഉന്നാവ് യുവതിയുടെ പിതാവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com