ADVERTISEMENT

ഗുവാഹത്തി /അഗർത്തല /ഇറ്റാനഗർ ∙ ലോക്സഭ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ വിദ്യാർഥി യൂണിയനുകളും 16 ഇടതു സംഘടനകളും ചേർന്ന് ആഹ്വാനം ചെയ്ത ബന്ദിൽ ജനജീവിതം സ്തംഭിച്ചു.  രോഗബാധിതനായ 2 മാസം പ്രായമായ കുഞ്ഞ് പ്രതിഷേധക്കാർ സൃഷ്ടിച്ച ഗതാഗതതടസ്സം മൂലം ആശുപത്രിയിലെത്തിക്കാനാവാതെ ത്രിപുരയിൽ കൊല്ലപ്പെട്ടു. ബിൽ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (നെസോ) പ്രഖ്യാപിച്ചിട്ടുണ്ട്.

അസമിൽ സെക്രട്ടേറിയറ്റിനു സമീപം പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. ട്രാക്കിൽ കുത്തിയിരിപ്പു നടത്തിയതിനാൽ പലയിടത്തും ട്രെയിൻ ഗതാഗതം സ്തംഭിച്ചു. സർവകലാശാലകൾ പരീക്ഷ മാറ്റിവച്ചു. ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെയും നൈസോയുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് എസ്‌എഫ്‌ഐ, ഡി‌വൈ‌എഫ്‌ഐ, എ‌ഐ‌എസ്‌എഫ് തുടങ്ങിയ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ത്രിപുരയിൽ ഗോത്രേതര വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള മനുഘട്ട് മാർക്കറ്റിനു പ്രക്ഷോഭകർ തീയിട്ടു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്ത് 48 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി.

അരുണാചൽപ്രദേശിൽ വിദ്യാർഥി യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും സ്തംഭിച്ചു.

മണിപ്പുരിൽ ഓൾ മണിപ്പുർ സ്റ്റുഡന്റ്‌സ് യൂണിയൻ 15 മണിക്കൂർ ബന്ദ് ആചരിച്ചു.

മേഘാലയയുടെ തലസ്ഥാനമായ ഷിലോങ്ങിൽ പ്രതിഷേധക്കാർ വാഹനങ്ങൾ നശിപ്പിച്ചു. പ്രശ്നബാധിത പ്രദേശങ്ങളിൽ പൊലീസും സിആർപിഎഫും ക്യാംപ് ചെയ്യുന്നു. നാഗാലാൻഡിൽ നാഗ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ അംഗങ്ങൾ രാജ്ഭവനു പുറത്ത് കുത്തിയിരിപ്പ് നടത്തി. ബില്ലിനെതിരെ വടക്കുകിഴക്കൻ മേഖലയെ ഒന്നിപ്പിക്കാനാണ് പ്രക്ഷോഭകരുടെ ശ്രമം.

മേളയിൽ നിന്ന്  ചിത്രം പിൻവലിച്ച് ജാനു ബറുവ

ഗുവാഹത്തി ∙ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് പ്രമുഖ അസം ചലച്ചിത്ര സംവിധായകൻ ജാനു ബറുവ അസം ചലച്ചിത്ര മേളയിൽ നിന്നു തന്റെ ചിത്രം പിൻവലിച്ചു. ചലച്ചിത്ര പുരസ്കാരദാനവും ചലച്ചിത്രോത്സവവും 26, 27 തീയതികളിൽ ഗുവാഹത്തിയിൽ നടക്കാനിരിക്കെയാണ് ഇത്. 

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ആദ്യ അസമീസ് ചിത്രമാണ് ഭോഗാ ഖിരികി (പൊട്ടിയ ജനാല). പത്മഭൂഷണും ദേശീയ പുരസ്കാരങ്ങളും നേടിയ സംവിധായകനാണ് ജാനു ബറുവ.

ബിൽ പിൻവലിക്കാൻ തുറന്ന കത്ത് 

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖരുടെ തുറന്ന കത്തുകൾ. ആയിരത്തോളം ഗവേഷകരും ശാസ്ത്രജ്ഞരുമടങ്ങുന്ന സംഘവും അറുനുറോളം കലാകാരന്മാരും ചരിത്രകാരന്മാരും അടങ്ങുന്ന സംഘവും വെവ്വേറെ കത്തുകളാണ് എഴുതിയിരിക്കുന്നത്. 

പൗരത്വത്തിനുള്ള മാനദണ്ഡമായി മതം ഉപയോഗിക്കുന്നത് രാജ്യത്തിന്റെ സമൂല തകർച്ചയ്ക്കു കാരണമാകുമെന്നും ഈ നീക്കം ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന നിവേദനങ്ങളിൽ ചരിത്രകാരായ റോമിള ഥാപ്പർ, സാഹിത്യകാരൻ അമിതാവ് ഘോഷ്, ചലച്ചിത്ര താരങ്ങളായ നന്ദിതാദാസ്, അപർണാ സെൻ,ആനന്ദ് പട്‌വർധൻ,ഇ ന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി സർവകലാശാലകളിലെ ഗവേഷകർ തുടങ്ങിയവർ ഒപ്പുവച്ചിട്ടുണ്ട്. 

ഒപ്പുവച്ച മറ്റു പ്രമുഖർ–പൗരാവകാശ പ്രവർത്തകരായ ടീസ്ത സെതൽവാദ്, യോഗേന്ദ്ര യാദവ്, ഹർഷ് മന്ദർ, അക്കാദമിക് വിദഗ്ധരായ പ്രതാപ് ഭാനു മേത്ത, രാമചന്ദ്ര ഗുഹ, മുഖ്യ വിവരാകാശ കമ്മിഷണറായിരുന്ന വജാഹത്ത് ഹബീബുള്ള, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി.ഷാ.

ഉപരോധം വേണം: യുഎസ് കമ്മിഷൻ

വാഷിങ്ടൻ ∙ മതം മാനദണ്ഡമാക്കിയ പൗരത്വഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റുമെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് രാജ്യാന്തര മതസ്വാതന്ത്ര്യം സംബന്ധിച്ച ഫെഡറൽ കമ്മിഷൻ യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ സംഘടനയ്ക്ക് ഇതിനുള്ള അധികാരമില്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു.

മതേതരമായ ഇന്ത്യയുടെ ചരിത്രത്തിനും ഭരണഘടനയ്ക്കും എതിരാണ് പൗരത്വബിൽ എന്നാണ് യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ഐ‌ആർ‌എഫ്) ആരോപിക്കുന്നത്. 2002 ൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് വീസ റദ്ദാക്കാൻ ഈ സംഘടന ശുപാർശ ചെയ്തിരുന്നു.

പൗരത്വ (ഭേദഗതി) ബിൽ

പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിൽനിന്ന് മതപീഡനങ്ങൾ കാരണം 2014 ഡിസംബർ 31വരെ ഇന്ത്യയിൽ അഭയം തേടിയവർക്ക് പൗരത്വം നൽകാനുള്ളതാണ് നിയമഭേദഗതി. ഹിന്ദു, സിക്ക്, ബുദ്ധ,ജൈന, ക്രൈസ്തവ, പാഴ്സി സമുദായങ്ങൾക്കുമാത്രമാണ് പരിരക്ഷ. മുസ്‌ലിംകളുൾപ്പെടെ മറ്റു വിഭാഗങ്ങളെ ഒഴിവാക്കി ഏതാനും മതക്കാർക്ക് പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് ബില്ലിനെതിരെയുള്ള വിമർശനം.

ത്രിപുര, മണിപ്പുർ, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, സിക്കിം,  അസം തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പട്ടിക വിഭാഗ മേഖലകളും പുറത്തുനിന്നുള്ളവർക്ക് യാത്രയ്ക്ക് പെർമിറ്റ് ആവശ്യമായ പ്രദേശങ്ങളും ബില്ലിന്റെ പരിധിയിൽ വരില്ല. എന്നാൽ, അങ്ങനെ വ്യവസ്ഥ െചയ്താലും വലിയ തോതിൽ അഭയാർഥി കുടിയേറ്റമുണ്ടാകുമെന്ന വാദമുന്നയിച്ചാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com