ADVERTISEMENT

ന്യൂഡൽഹി ∙ പൊള്ളലേറ്റു മരിക്കുന്നതിനു 2 ദിവസം മുൻപ് ഉന്നാവ് പെൺകുട്ടി വനിതാ ഹെൽപ് ലൈനിൽ വിളിച്ചു രണ്ടു പേർക്കെതിരെ പരാതി നൽകിയിരുന്നതായി വിവരം. രണ്ടുപേർ തന്നെ നിരന്തരം പിന്തുടരുന്നുവെന്നായിരുന്നു പരാതി. എന്നാൽ, ഇവർ ആരൊക്കെയാണെന്നു കൃത്യമായ മറുപടി നൽകിയില്ല. ഇതടക്കം ഉന്നാവിലെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. 

സംഭവം നടന്നതിനു തലേന്ന് മുഖ്യപ്രതിയായ ശിവം പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വൈകിട്ടു മൂന്നരയോടെ ബന്ധുവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടിയുടെ ഫോണിലേക്കു കോളെത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണ സംഘം ഇന്നലെ പ്രതികളുള്ള ഉന്നാവ് ജില്ലാ ജയിലിലെത്തി.

ഒന്നര മണിക്കൂറിലേറെ പ്രതികളെ ചോദ്യം ചെയ്തു. സംഭവ ദിവസം രാവിലെ മുഖ്യപ്രതി ശിവം ത്രിവേദി വീടിനു പുറത്തുപോയിരുന്നുവെന്നതാണ് സംശയം ബലപ്പെടുത്തുന്ന മറ്റൊരു വിവരം. എന്നാൽ, പൊലീസിൽ ചേരുന്നതിനുള്ള കായികക്ഷമതാ പരിശീലനം നടത്തുന്ന ശിവം രാവിലെ ഓടാൻ പോകുന്ന പതിവുണ്ടെന്നു ബന്ധുക്കൾ വിശദീകരിക്കുന്നു. പെൺകുട്ടി ആത്മാഹുതി ചെയ്തതാണെന്ന നിലപാടിലാണ് പ്രതികളുടെ ബന്ധുക്കൾ. 

ഇതിനിടെ, 9 മാസത്തോളം നിരന്തരം ആവശ്യപ്പെട്ടിട്ടും അനങ്ങാതിരുന്ന പൊലീസ് പെൺകുട്ടി മരിച്ചു മൂന്നാം ദിവസം കേസിൽ കുറ്റപത്രം സമർപ്പിച്ചു. മൊബൈൽ ടവർ ലൊക്കേഷനുകൾ അടക്കമുള്ള തെളിവുണ്ടെന്നാണ് സൂചന. പീഡനം നടന്നതായി പറയുന്ന ദിവസം താൻ ആശുപത്രിയിലായിരുന്നുവെന്ന പ്രതിയുടെ വാദം നേരത്തേ ആശുപത്രി അധികൃതർ തള്ളിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കൊലപാതക കേസിലും കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം.

സംസ്കരിച്ച സ്ഥലത്ത് ബന്ധുക്കളുടെ പ്രതിഷേധം 

ഉന്നാവ് (യുപി) ∙ സർക്കാർ വഞ്ചിക്കുകയാണെന്ന ആരോപണവുമായി പെൺകുട്ടിയുടെ ബന്ധുക്കൾ വീണ്ടും പ്രതിഷേധിച്ചു. പെൺകുട്ടിയെ സംസ്കരിച്ച സ്ഥലത്തു നിലത്തിരുന്നാണ് അച്ഛനും അമ്മയും സഹോദരങ്ങളും കുട്ടികളും അടക്കം പ്രതിഷേധിച്ചത്. 

പ്രതികൾക്കു വധശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി തങ്ങളോടു സംസാരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സബ് ഡിവിഷനൽ മജിസ്ട്രേട്ട് സ്ഥലത്തെത്തി ഇവരുമായി സംസാരിച്ചു. 

ഭീഷണിയായും ഉന്നാവ്

ഫത്തേപുർ (യുപി) ∙ ഉന്നാവ് പെൺകുട്ടിയുടെ അതേ വിധിയുണ്ടാകുമെന്ന ഭീഷണി വീണ്ടും. കൂട്ടപീഡനത്തിന് ഇരയായ പതിനാറുകാരി പെൺകുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥനു പരാതി നൽകിയത്. ഗാസിപുർ ഗ്രാമത്തിൽ കഴിഞ്ഞ മാസം 4 പേർ ചേർന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.

പ്രധാന പ്രതി അറസ്റ്റിലായെങ്കിലും മറ്റു 3 പേരും ഒളിവിലാണ്. ഇവരുടെ ബന്ധുക്കളാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നാണ് പെൺകുട്ടിയുടെ പരാതി. കഴി‍ഞ്ഞ ദിവസം കാൻപുരിലും മറ്റൊരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com