ADVERTISEMENT

പൗരത്വ (ഭേദഗതി) ബില്ലിനെതിരായ പ്രതിഷേധം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളിക്കത്തുന്നു. അസമിലാണു പ്രക്ഷോഭം രൂക്ഷം. രാഷ്ട്രീയ പാർട്ടികളോ വിദ്യാർഥി സംഘടനകളോ ബന്ദ് പ്രഖ്യാപിച്ചില്ലെങ്കിലും വിദ്യാർഥികൾ ഉൾപ്പെടെ പതിനായിരങ്ങൾ തെരുവിലിറങ്ങി.

പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. പൊലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. പ്രതിഷേധത്തെത്തുടർന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഗുവാഹത്തി വിമാനത്താവളത്തിൽ അൽപനേരം കുടുങ്ങി.

ത്രിപുരയിൽ കനത്ത പ്രതിഷേധം തുടരുന്നു. തലസ്ഥാനമായ അഗർത്തല വൻ പ്രക്ഷോഭത്തിനാണു സാക്ഷ്യം വഹിച്ചത്. കൻജൻപുരിലും മാനുവിലും സൈന്യത്തെ വിന്യസിച്ചു. ട്രെയിൻ, ബസ് സർവീസുകൾ നിലച്ചു. സംസ്ഥാനത്ത് ഇന്നു ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.

വടക്കുകിഴക്ക് കത്തുന്നത് എന്തുകൊണ്ട്?

മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു പൗരത്വം നൽകുന്നതു വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തനിമ നഷ്ടപ്പെടുത്തുമെന്ന ആശങ്കയാണു പ്രക്ഷോഭമായി പടരുന്നത്.

വൻതോതിൽ കുടിയേറ്റക്കാർ വന്നാൽ തദ്ദേശീയ ജനവിഭാഗങ്ങളുടെ തൊഴിൽസാധ്യത, വിഭവലഭ്യത എന്നിവയെ സാരമായി ബാധിക്കും. മേഖലയിൽ സ്വദേശി ജനതയ്ക്കുള്ള പ്രാമുഖ്യവും മേൽക്കൈയും നഷ്ടപ്പെടുമെന്നും ഇതു പ്രാദേശിക ജനസംഖ്യയിലെ സമവാക്യം തകർക്കുന്നതിലേക്കു നയിക്കുമെന്നും ആശങ്കകളുണ്ട്.

1985 ലെ അസം കരാറിനു വിരുദ്ധമാണിതെന്നും ആക്ഷേപമുണ്ട്. വർഷങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് അസം കരാർ ഒപ്പുവച്ചത്. അതനുസരിച്ച് 1971 മാർച്ച് 24നു ശേഷം കുടിയേറിയ ആരെയും മേഖലയിൽ സ്ഥിരതാമസമാക്കാൻ അനുവദിക്കില്ല. അതിനു മതപരമായ ഇളവില്ല. പുതിയ ബിൽ ഈ കരാറിന്റെ അന്തഃസത്ത തകർക്കുമെന്നും മേഖലയിലേക്കു കുടിയേറ്റമുണ്ടാകുമെന്നുമാണ് ആശങ്ക.

 പരിഹാരമാകുമോ ഇന്നർലൈൻ പെർമിറ്റ്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്കയകറ്റാൻ മണിപ്പുരിലും ഇന്നർലൈൻ പെർമിറ്റ് (ഐഎൽപി) ബാധകമാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ അരുണാചൽപ്രദേശ്, മിസോറം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഐഎൽപി ഉള്ളത്.  ഈ സംരക്ഷണം ഉള്ളതുകൊണ്ടാണ് ഇവിടങ്ങളിലെ പ്രക്ഷോഭത്തിന് അസമിലെയത്ര തീവ്രതയില്ലാത്തത്. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും ഐഎൽപി ഏർപ്പെടുത്തിയ സംസ്ഥാനങ്ങൾ സന്ദർശിക്കണമെങ്കിൽ പ്രത്യേക അനുമതി (പെർമിറ്റ്) വാങ്ങണം. സാധുവായ ടിക്കറ്റുള്ള യാത്രക്കാർക്ക് ഐഎൽപി ആവശ്യമില്ല.ഭൂമി, തൊഴിൽ എന്നിവ സംബന്ധിച്ചും തദ്ദേശവാസികൾക്കു സംരക്ഷണമുണ്ട്. പുറത്തു നിന്നുള്ളവർ ഇവിടെ സ്ഥിരതാമസമാക്കുന്നതും ഐഎൽപി വിലക്കുന്നു.

നാഗാലാൻഡിലെ ദിമാപുർ ജില്ലയ്ക്കും സംസ്ഥാന സർക്കാർ ഐഎൽപി ബാധമാക്കി. സംസ്ഥാനത്ത് ഐഎൽപി ബാധകമല്ലാതിരുന്ന ഏക ജില്ലയാണിത്.

31,313  പേർക്ക് പൗരത്വം

പൗരത്വ (ഭേദഗതി) ബിൽ നടപ്പാകുന്നതോടെ പുതുതായി ഇന്ത്യൻ പൗരത്വം ലഭിക്കുക 31,313 പേർക്ക്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി ദീർഘകാല വീസയിൽ കഴിയുന്ന, പൗരത്വ ബില്ലിൽ പറയുന്ന മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ് ഇവർ. ഹിന്ദുക്കൾ: 25,447, സിഖുകാർ: 5807, ക്രിസ്ത്യാനികൾ: 55, ബുദ്ധമതക്കാർ: 4, പാഴ്സി: 2.

മുസ്‌ലിംകൾ ഭയപ്പെടേണ്ട; പൗരത്വം നഷ്ടമാകില്ല: ഷാ

ന്യൂഡൽഹി ∙ രാജ്യത്തെ മുസ്‌ലിംകൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആർക്കും പൗരത്വം നഷ്ടമാക്കുന്ന വ്യവസ്ഥകൾ പൗരത്വ ഭേദഗതി ബില്ലിൽ ഇല്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.

രാജ്യം വിഭജിച്ചതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന വാദം അമിത് ഷാ രാജ്യസഭയിലും ആവർത്തിച്ചു.  എന്നാൽ, മുഹമ്മദലി ജിന്ന മാത്രമല്ല, ഹിന്ദു മഹാസഭ നേതാവ് വി.ഡി.സവർക്കറും ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താവിയിരുന്നുവെന്ന കോൺഗ്രസിന്റെ വാദം അദ്ദേഹം ഖണ്ഡിച്ചില്ല.

ബിൽ ചർച്ചയിൽ ദേശീയ പൗര റജിസ്റ്ററിനെക്കുറിച്ച് പലരും പരാമർശിച്ചെങ്കിലും  ആമുഖ പ്രസംഗത്തിലും മറുപടിയിലും ഈ വിഷയം ആഭ്യന്തര മന്ത്രി പരാമർശിച്ചില്ല. 

ബംഗാളിൽ പൗരത്വ ഭേദഗതി വ്യവസ്ഥകൾ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, ബംഗാളുൾപ്പെടെ എല്ലായിടത്തും വ്യവസ്ഥകൾ നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. ബിൽ ഭരണഘടനാപരമായി നിലനിൽക്കും, കോടതിയിലും പ്രശ്നമുണ്ടാവില്ല.

ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച ശിവസേന ഒരു രാത്രികൊണ്ടു നിലപാടു മാറ്റിയെന്നും അധികാരത്തിനായി നിറം മാറുന്ന കൂട്ടരാണ് സേനയെന്നും അമിത് ഷാ ആരോപിച്ചു. നിലവിൽ 240 അംഗങ്ങളുള്ള സഭയിൽ ഇന്നലെ വോട്ടെടുപ്പു സമയത്തുണ്ടായിരുന്നത് 230 പേരാണ്. ബിജെപി, എസ്പി, കോൺഗ്രസ് തുടങ്ങിയവയുടെ ഏതാനും അംഗങ്ങൾ ഹാജരിയില്ലായിരുന്നു.

നിയമം: വിവേചനം  അരുതെന്ന്  യുഎൻ മേധാവി

ന്യൂയോർക്ക് ∙ എല്ലാ രാജ്യങ്ങളിലും ആരോടും വിവേചനം കാട്ടാത്ത നിയമങ്ങളാണു വേണ്ടതെന്ന് ഐക്യരാഷ്ട്ര സംഘടനാ മേധാവി അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. 

ഇതേസമയം, ഇന്ത്യയിലെ പൗരത്വ (ഭേദഗതി) ബിൽ ഇനിയും നിയമം ആയിട്ടില്ലാത്തതിനാൽ യുഎൻ മേധാവി പ്രതികരിക്കുന്നില്ലെന്നു ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.

മുസ്‌ലിംകൾക്കെതിരെ വിവേചനം കാട്ടുന്നതാണ് ഇന്ത്യയിൽ ലോക്സഭ പാസ്സാക്കിയ പൗരത്വ ബിൽ എന്നു ചൂണ്ടിക്കാട്ടി പ്രതികരണം ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ആഞ്ഞടിച്ച് പ്രതിപക്ഷം

ന്യൂഡൽഹി ∙ പൗരത്വ നിയമ ഭേദഗതിയിൽ രാജ്യമാകെ സന്തോഷത്തിലെന്ന ബിജെപി അവകാശവാദം ശരിയെങ്കിൽ, എന്തുകൊണ്ടാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കത്തിയെരിയുന്നതെന്നു രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ചോദ്യം. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണു വിവാദ നടപടികളിലൂടെ മോദി സർക്കാർ ശ്രമിക്കുന്നതെന്നും ആസാദ് പറഞ്ഞു.

മതനിരപേക്ഷത, തുല്യത തുടങ്ങിയ ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമായതിനാൽ ബിൽ സുപ്രീം കോടതിയിൽ തള്ളപ്പെടുമെന്നു കപിൽ സിബലും പി.ചിദംബരവും വാദിച്ചു. ബില്ലിനെ സഭയിൽ അനുകൂലിക്കുന്നവർ ഭൂരിപക്ഷമെങ്കിൽ എതിർക്കുന്നതു ധാർമികതയുടെ പക്ഷത്തുള്ളവരാണെന്നു തൃണമൂലിലെ ഡെറക് ഒബ്രയൻ പറഞ്ഞു.

കപിൽ സിബൽ (കോൺഗ്രസ്): ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവച്ചതു സവർക്കറും ജിന്നയുമാണ്. ബിൽ പാസാകുന്നതിലൂടെ സവർക്കറുടെ ആഗ്രഹമാണു സർക്കാർ പൂർത്തീകരിക്കുന്നത്.

ആനന്ദ് ശർമ (കോൺഗ്രസ്): മതാടിസ്ഥാനത്തിൽ പൗരത്വമെന്നതു ഭരണഘടനയുടെ ആത്മാവിനേൽക്കുന്ന ക്ഷതമാണ്. മഹാത്മാ ഗാന്ധിയും സർദാർ വല്ലഭ്ഭായ് പട്ടേലും വീണ്ടും ജനിച്ച് നരേന്ദ്ര മോദിയെ കണ്ടുമുട്ടിയാൽ ദുഃഖിതരാകും. അവരുടെ നിലപാടുകൾക്കു തീർത്തും വിരുദ്ധമായ കാര്യങ്ങളാണു സംഭവിക്കുന്നത്. 

പി.ചിദംബരം(കോൺഗ്രസ്): ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാരുടെയും അഭിഭാഷകരുടെയും മടിയിലേക്കാണു പൗരത്വ വിഷയത്തെ സർക്കാർ തള്ളിവിടുന്നത്. ഭരണഘടനാവിരുദ്ധമെന്ന ബോധ്യത്തോടെയുള്ള നടപടി ഹിന്ദുത്വ അജൻഡ മാത്രം.  

പി.വി.അബ്ദുൽ വഹാബ് (മുസ്‌ലിം ലീഗ്): ജനാധിപത്യത്തിനുമേൽ അടിക്കുന്ന അവസാനത്തെ ആണിയാണ് ഈ ബിൽ. എൻആർസിയിലൂടെ ഇന്ത്യയിലെ മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റാനാണു നീക്കം.

ബിനോയ് വിശ്വം (സിപിഐ): മുസ്‌ലിംകളാണ് രാജ്യത്തിന്റെ ഒന്നാമത്തെ ഭീഷണിയെന്നു വാദിച്ച ഗോൾവർക്കറുടെ പിൻമുറക്കാർ ഇന്ത്യയുടെ മരണത്തിനുള്ള ബില്ലാണു കൊണ്ടുവന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com