ADVERTISEMENT

ന്യൂഡൽഹി ∙ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും പ്രതിഷേധം ശക്തമായതിനിടെ, പൗരത്വ (ഭേദഗതി) ബിൽ ഇന്നു രാജ്യസഭയിൽ. എൻഡിഎയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ലോക്സഭയിലേതുപോലെ ബിൽ എളുപ്പത്തിൽ പാസാകുമെന്ന നിഗമനത്തിലാണു സർക്കാർ.

പ്രതിപക്ഷത്ത്, കോൺഗ്രസും തൃണമൂലും അംഗങ്ങൾക്കു വിപ്പ് നൽകി. ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ എതിർക്കുമെന്ന സൂചന കോൺഗ്രസിനു നൽകി. ദേശീയ സുരക്ഷ, ആഭ്യന്തര കുടിയേറ്റം തുടങ്ങിയവയെക്കുറിച്ച് ഉന്നയിച്ച സംശയങ്ങൾക്ക് തൃപ്തികരമായ മറുപടിയില്ലെങ്കിൽ ബില്ലിനെ എതിർക്കുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിൽ ബില്ലിനെക്കുറിച്ച് അഭിപ്രായ ഭിന്നതയുണ്ടെങ്കിലും വോട്ട് എതിരാകാനിടയില്ല. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ ജനജീവിതം സ്തംഭിച്ചു. അസമിൽ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. ത്രിപുരയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 48 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി. അരുണാചൽപ്രദേശിലും മണിപ്പുരിലും ജനജീവിതം താറുമാറായി. മേഘാലയയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ നശിപ്പിച്ചു. 

ബില്ലിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് യുഎസ് രാജ്യാന്തര മത സ്വാതന്ത്ര്യ കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷന് ഇതിനുള്ള അധികാരമില്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു.

128–112 ?

നിലവിൽ 240 അംഗങ്ങളുള്ള രാജ്യസഭയിൽ എൻഡിഎയ്ക്കു ഭൂരിപക്ഷമില്ല. എന്നാൽ, ശിവസേനയുടെ മൂന്നു പേർ പ്രതിപക്ഷത്തിനൊപ്പം ചേർന്നാലും രാജ്യസഭയിൽ 128 അംഗങ്ങൾ ബില്ലിനെ അനുകൂലിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ; എതിർക്കാൻ 112 പേർ മാത്രം.

തിങ്കളാഴ്ച അർധരാത്രിവരെ നീണ്ട ചർച്ചയ്ക്കൊടുവിൽ ലോക്‌സഭയിൽ 311 – 80 എന്ന വൻ ഭൂരിപക്ഷത്തിലാണു ബിൽ പാസായത്.

സേനയെ അതൃപ്തി അറിയിച്ച് കോൺഗ്രസ്

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി ബില്ലിനെ ലോക്സഭയിൽ അനുകൂലിച്ച ശിവസേനയെ അതൃപ്തി അറിയിച്ചു കോൺഗ്രസ്. മഹാരാഷ്ട്രയിൽ തങ്ങളുടെ ഹിന്ദുത്വ വോട്ട് ബാങ്ക് സംരക്ഷിക്കാനാണു വോട്ടെടുപ്പിൽ ബില്ലിനെ അനുകൂലിച്ചതെന്നു സേനാ നേതൃത്വം കോൺഗ്രസിനെ അറിയിച്ചു. 

വിവാദ വിഷയങ്ങളിൽ അഭിപ്രായ ഐക്യത്തിലൂടെ ഏകസ്വരത്തിൽ പരസ്യ നിലപാടെടുക്കണമെന്നു മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനു മുന്നോടിയായി ഇരുകക്ഷികളും ധാരണയിലെത്തിയിരുന്നു.

ഇക്കാര്യം പാലിക്കണമെന്നു കഴിഞ്ഞ ദിവസം വോട്ടെടുപ്പിനു മുൻപ് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, ശിവസനേയുടെ എംപി അരവിന്ദ് സാവന്തിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണിത്. 

വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ സേന ആദ്യം ആലോചിച്ചെങ്കിലും പിന്നീട് അനുകൂലിക്കാൻ തീരുമാനിക്കുകയായിരുന്നു. ബില്ലിനെ എതിർക്കുന്നത് മഹാരാഷ്ട്രയിൽ ബിജെപി തങ്ങൾക്കെതിരായ രാഷ്ട്രീയ ആയുധമാക്കുമെന്നും സേന കോൺഗ്രസിനെ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com