ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി ബില്ലിനെതിരെ 14ന് ‘ഭാരത് ബച്ചാവോ’ (ഇന്ത്യയെ രക്ഷിക്കൂ) ദേശീയ പ്രക്ഷോഭവുമായി കോൺഗ്രസ്. രാംലീലാ മൈതാനത്തു സംഘടിപ്പിക്കുന്ന സമ്മേളനത്തിനു പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നേതൃത്വം നൽകും. ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കും. 

സാമ്പത്തിക മേഖലയുടെ തകർച്ച, തൊഴിലില്ലായ്മ, കർഷക ദുരിതം, വിലക്കയറ്റം, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളും സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കുമെന്നു സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. 

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും സമ്മേളനത്തിൽ അണിനിരക്കും. കഴിഞ്ഞ മാസം സംസ്ഥാന, ജില്ലാ തലങ്ങളിൽ നടത്തിയ പ്രതിഷേധ പരിപാടികളുടെ സമാപനമെന്ന നിലയിലാണു ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. പൗരത്വ ഭേദഗതി ബിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെടെ വൻ പ്രതിഷേധങ്ങൾക്കു വഴിവച്ച സാഹചര്യത്തിൽ, വിഷയം ഏറ്റെടുത്ത് സമരം ശക്തമാക്കാനാണു കോൺഗ്രസ് തീരുമാനം. 

ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സഖ്യകക്ഷിയായ മുസ്‍ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് എംപിയുമായ കപിൽ സിബലുമായി ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർ കൂടിക്കാഴ്ച നടത്തി. ബിൽ ഭരണഘടനാ വ്യവസ്ഥകൾക്കെതിരാണെന്നു കാട്ടി ലീഗിനൊപ്പം കോൺഗ്രസും കോടതിയെ സമീപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com