ADVERTISEMENT

ഹമ്മദാബാദ് ∙ 2002 ലെ ഗുജറാത്ത് കലാപത്തിൽ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു ജസ്റ്റിസ് നാനാവതി കമ്മിഷന്റെ ക്ലീൻ ചിറ്റ്. കലാപം അമർച്ച ചെയ്യുന്നതിൽ പൊലീസിന് ഒറ്റപ്പെട്ട വീഴ്ചയുണ്ടായെന്നു കുറ്റപ്പെടുത്തുന്ന കമ്മിഷൻ റിപ്പോർട്ട്, മോദിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളിൽ നിന്നും അദ്ദേഹത്തെ മുക്തനാക്കി.

കലാപത്തിൽ സർക്കാരിനു പങ്കില്ലെന്നും സംസ്ഥാനത്തെ ഏതെങ്കിലും മന്ത്രി കലാപത്തിന് പ്രേരിപ്പിക്കുകയോ ഒത്താശ നൽകുകയോ ചെയ്തതായി തെളിവില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്തുവച്ചു.

'പാർട്ടിക്കോ സംഘടനയ്ക്കോ പങ്കില്ല’

അഹമ്മദാബാദ് ∙ ഗുജറാത്ത് കലാപത്തിൽ ഏതെങ്കിലും മത/സമുദായത്തിനോ രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ എതിരെ തെളിവില്ലെന്നു ജസ്റ്റിസ് നാനാവതി കമ്മിഷൻ റിപ്പോർട്ട്. 2014 നവംബർ 18 നു സർക്കാരിനു സമർപ്പിച്ച സമ്പൂർണ റിപ്പോർട്ടാണ് ഇന്നലെ ഗുജറാത്ത് നിയമസഭയിൽ വച്ചത്.

2002 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സംസ്ഥാന സർക്കാരിനെ കുറ്റവിമുക്തമാക്കിയെങ്കിലും അഹമ്മദാബാദ് ഉൾപ്പെടെ പല സ്ഥലങ്ങളിലെയും കലാപഭൂമിയിൽ പൊലീസ് വേണ്ടത്ര കാര്യക്ഷമതയോ ശുഷ്കാന്തിയോ കാണിച്ചില്ലെന്ന വിമർശനം റിപ്പോർട്ടിലുണ്ട്. പലയിടത്തും പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. തെറ്റു വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ഗോധ്ര ട്രെയിൻ തീവയ്പിനും 59 കർസേവകർ കൊല്ലപ്പെട്ടതിനും പിന്നാലെ നടന്ന കലാപം, ആരെങ്കിലും കാലേക്കൂട്ടി ആസൂത്രണം ചെയ്തതോ ആരെങ്കിലും നിയന്ത്രിച്ചു നേതൃത്വം നൽകി നടത്തിയതോ അല്ല. വിശ്വഹിന്ദു പരിഷത്ത്, ബജ്റങ് ദൾ എന്നിവയുടെ പ്രാദേശിക പ്രവർത്തകർ അവരവരുടെ സ്ഥലങ്ങളിൽ നടന്ന കലാപങ്ങളിൽ പങ്കെടുത്തിരുന്നു എന്ന കാര്യം മാത്രമേ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറച്ചെങ്കിലും ഉറപ്പിച്ചു പറയാൻ കഴിയൂ എന്നു റിപ്പോർട്ടിൽ പറയുന്നു.

സർക്കാരിന്റെ ഭാഗത്തുനിന്നു തണുത്ത പ്രതികരണമായിരുന്നുവെന്ന ആരോപണവും തള്ളി. മോദിക്കെതിരെ മൊഴി നൽകിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, രാഹുൽ ശർമ, മലയാളി കൂടിയായ ആർ.ബി. ശ്രീകുമാർ എന്നിവരുടെ വെളിപ്പെടുത്തലുകൾ വിശ്വാസയോഗ്യമല്ലെന്നും കമ്മിഷൻ വിലയിരുത്തി.

കലാപത്തിന്റെ ചോരയുണങ്ങുന്നതിനു മുൻപ്, 2002 ഫെബ്രുവരിയിലാണ്, സിഖ് കലാപക്കേസ് അന്വേഷിച്ചിരുന്ന ജസ്റ്റിസ് ജി.ടി. നാനാവതിയെ മോദി ഏകാംഗ അന്വേഷണ കമ്മിഷനായി പ്രഖ്യാപിച്ചത്. പിന്നീട് ജസ്റ്റിസ് കെ.ജി. ഷായെ ഉൾപ്പെടുത്തി. ഷായുടെ മരണത്തെത്തുടർന്ന് ജസ്റ്റിസ് എ.കെ. മേത്ത അംഗമായി. 

ഗൂഢാലോചന തെളിഞ്ഞു:  ബിജെപി

നരേന്ദ്ര മോദിയെ താറടിക്കാനുള്ള കോൺഗ്രസിന്റെയും ചില സന്നദ്ധ സംഘടനകളുടെയും ഗൂഢാലോചനയാണു നാനാവതി കമ്മിഷൻ പുറത്തുകൊണ്ടുവന്നതെന്നു ബിജെപി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുണ്ടായിരുന്ന എല്ലാ സംശയങ്ങളും നീക്കുന്നതാണു കമ്മിഷന്റെ കണ്ടെത്തലെന്നു സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ്സിങ് ജഡേജ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com