ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെച്ചൊല്ലി ലോക്സഭയിൽ ബഹളം. എല്ലാം ശാന്തമാണെങ്കിൽ സഭയിൽ അംഗമായ ഫാറൂഖ് അബ്ദുല്ലയെ പുറത്തു വിടാത്തതെന്താണെന്ന് പ്രതിപക്ഷം ചോദിച്ചപ്പോഴാണ് ബഹളമുണ്ടായത്. 

എന്താണു ശാന്തമെന്നു പറയുന്നതിന്റെ മാനദണ്ഡമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ചോദിച്ചു. 

അവിടെ എല്ലാം പ്രശ്നമാണെന്നാണു നാട്ടുകാർ പറയുന്നത്. യൂറോപ്യൻ എംപിമാരെ കശ്മീരിൽ സന്ദർശനത്തിന് അനുവദിക്കുന്നു. രാഹുൽ ഗാന്ധിയെയും ഇവിടുത്തെ എംപിമാരെയും വിടുന്നില്ല. പിന്നെ എന്തു ശാന്തതയെക്കുറിച്ചാണു നിങ്ങൾ പറയുന്നത്? കച്ചവടം നഷ്ടത്തിലാണെന്ന് അവിടുത്തെ കച്ചവടക്കാർ പറയുന്നുവെന്ന് അധീർ പറഞ്ഞപ്പോൾ അമിത്ഷാ ചാടിയെഴുന്നേറ്റു. 

‘ഏതു കച്ചവടക്കാരനാണ് അങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കണം. കശ്മീരിൽ എല്ലാം ശാന്തമാണ്. കുട്ടികൾ പരീക്ഷയെഴുതുന്നു. 99.5% കുട്ടികളും പരീക്ഷകളെഴുതി. കോടതി സാധാരണ പോലെ നടക്കുന്നു.

എല്ലാ സ്റ്റേഷൻ പരിധികളിലും കർഫ്യൂവും 144 ഉം ഒഴിവാക്കി. പ്രകടനങ്ങളില്ല. വെടിവയ്പില്ല. പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുപ്പുകൾ നടന്നു. 55% വോട്ടിങ് നടന്നു. കോൺഗ്രസിൽ അശാന്തിയുള്ളതിനു കശ്മീരിനെ എന്തിനു പറയുന്നുവെന്നും അമിത് ഷാ ചോദിച്ചു. 

അതോടെ ഫാറൂഖ് അബ്ദുല്ല എവിടെ എന്നു ചോദിച്ച് എം.കെ. രാഘവനും കെ. മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും എഴുന്നേറ്റു. 

കശ്മീർ ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണ് രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്ന് അമിത് ഷാ മറുപടി നൽകി. 

സ്ഥിതിഗതികൾ അനുകൂലമാകുമ്പോൾ അദ്ദേഹത്തെ മോചിപ്പിക്കും. ഫാറൂഖ് അബ്ദുല്ലയുടെ പിതാവ് ഷെയ്ഖ് അബ്ദുല്ലയെ 11 വർഷം തടവിൽ വച്ചത് കോൺഗ്രസാണെന്നും അമിത് ഷാ പറഞ്ഞു.

അധികാരികളെ ഫോൺ ചെയ്ത് ഇത്തരം തീരുമാനങ്ങളിൽ ഇടപെടുന്നത് കോൺഗ്രസിന്റെ രീതിയാണെന്നും തങ്ങളുടെ രീതിയല്ലെന്നും അമിത് ഷാ പറഞ്ഞപ്പോൾ ഗുജറാത്തിൽ ഏറ്റുമുട്ടൽ കൊലകളിൽ ഇടപ്പെട്ടിരുന്നോ എന്നു തൃണമൂൽ കോൺഗ്രസിലെ മഹുവാ മൊയ്ത്ര ചോദിച്ചതു ബഹളത്തിൽ മുങ്ങി.

പറയാനുള്ളത് ഇരു കൂട്ടരും പറഞ്ഞു കഴിഞ്ഞതിനാൽ അടുത്ത നടപടികളിലേക്കു കടക്കുകയാണെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞതോടെ ബഹളം അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com