ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ ബഹളത്തിനും ഇറങ്ങിപ്പോക്കിനുമിടെ ലോക്സഭയിൽ അവതരിപ്പിച്ച ഡേറ്റ സംരക്ഷണ ബിൽ കൂടുതൽ പരിശോധനയ്ക്കായി സംയുക്ത സമിതിക്ക് വിട്ടു. ലോക്സഭയിൽ നിന്ന് 20 പേരും രാജ്യസഭയിൽ നിന്ന് 10 പേരുമടങ്ങിയ സമിതി ബിൽ വിശദമായി പരിശോധിക്കും. 

മന്ത്രി രവിശങ്കർ പ്രസാദ് ബിൽ അവതരിപ്പിക്കാനൊരുങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. ബിൽ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്ഥിരസമിതി ചർച്ച ചെയ്തശേഷം അവതരിപ്പിച്ചാൽ മതിയെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, തൃണമൂൽ അംഗങ്ങളായ സൗഗത റോയ്, മഹുവ മൊയ്ത്ര എന്നിവർ ബിൽ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. 

ഇന്ത്യയിൽ ഡേറ്റ സംരക്ഷണത്തിന് നിയമം ആവശ്യമാണെന്ന സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നിയമം കൊണ്ടുവരുന്നതെന്നു മന്ത്രി പറഞ്ഞു. ബില്ലിലെ നിർദേശങ്ങൾ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കും. രാജ്യസുരക്ഷയ്ക്ക് അപകടമാകുന്ന സന്ദർഭങ്ങളിൽ മാത്രമേ ഇത്തരം രേഖകൾ സർക്കാർ പരിശോധിക്കുകയുള്ളൂവെന്നു മന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. 

ബിൽ ഐടി സ്ഥിരം സമിതിക്കു വിടണമെന്ന് സമിതി ചെയർമാൻ കൂടിയായ ശശി തരൂരും ആവശ്യപ്പെട്ടു. അവതരണാനുമതി തേടി വോട്ടെടുപ്പു നടത്താനൊരുങ്ങുമ്പോഴും ടി.ആർ. ബാലു പ്രതിപക്ഷത്തിന്റെ വാദമുഖങ്ങൾ നിരത്തി. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ശിവസേന അംഗങ്ങളും ഒപ്പം ചേർന്നു. 

തുടർന്ന് ബിൽ അവതരിപ്പിക്കാനും സിലക്ട് കമ്മിറ്റിക്കു വിടാനും തീരുമാനിച്ചു. സൗഗത റോയിക്കു പകരം മഹുവ മൊയ്ത്രയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് തൃണമൂൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. 

സമൂഹമാധ്യമങ്ങൾ  ഡേറ്റ  ഇന്ത്യയിൽ തന്നെ സൂക്ഷിക്കണം

ന്യൂഡൽഹി ∙ ആവശ്യമാണെങ്കിൽ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ സുരക്ഷാ ഏജൻസികൾക്കും സർക്കാരുകൾക്കും അധികാരം നൽകുന്നതാണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച വ്യക്തിവിവര സംരക്ഷണ ബിൽ. 

ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ തയാറാക്കിയ ബില്ലിന്റെ കരടിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ നിയമങ്ങൾക്ക് അനുസൃതമായി ആവശ്യമായ വിവരങ്ങൾ എടുക്കാമെന്നാണ് വ്യവസ്ഥ.

രാജ്യത്തിന്റെ സുരക്ഷ, സമാധാന സംരക്ഷണം, ഇതര രാജ്യങ്ങളുമായുള്ള സൗഹൃദ പാലനം എന്നിവയ്ക്ക് ആവശ്യമെങ്കിൽ രാജ്യത്തെ ഏത് അന്വേഷണ ഏജൻസിക്കും വ്യക്തിവിവരങ്ങൾ പരിശോധിക്കാൻ ബിൽ അനുവാദം നൽകുന്നു. 

വ്യക്തി വിവരങ്ങൾ, സംരക്ഷിക്കപ്പെടേണ്ട വ്യക്തിവിവരം, അതിപ്രാധാന്യമുളള വ്യക്തിവിവരം എന്നിങ്ങനെ വിവരങ്ങളെ ബില്ലിൽ തരം തിരിക്കുന്നുണ്ട്. 

പാസ്‌വേഡ്, സാമ്പത്തിക വിവരങ്ങൾ, ആരോഗ്യ വിശദാംശങ്ങൾ, ഔദ്യോഗിക തസ്തിക, ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ട്രാൻസ്ജെൻഡർ വിശദാംശങ്ങൾ, ബയോമെട്രിക്– ജനറ്റിക് ഡേറ്റ, ജാതി വിവരങ്ങൾ, മത, രാഷ്ട്രീയ ബന്ധങ്ങൾ എന്നിവയാണ് അതിപ്രാധാന്യമുള്ള വ്യക്തി വിവരങ്ങൾ. വിവര സംരക്ഷണത്തിനായി ഡേറ്റ സംരക്ഷണ അതോറിറ്റി രൂപീകരിക്കും. 

സമൂഹ മാധ്യമങ്ങൾ ഇന്ത്യക്കാരുടെ വിവരം ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്നും ബിൽ നിഷ്കർഷിക്കുന്നു.  

നൽകിയ വിവരങ്ങൾ പരിശോധിക്കാനും തെറ്റായവ തിരുത്താനും നീക്കം ചെയ്യാനും വ്യക്തിക്ക് അധികാരമുണ്ടാകും. 

സ്വകാര്യത ഹനിക്കപ്പെട്ടുവെന്നു ബോധ്യപ്പെട്ടാൽ ഡേറ്റ സംരക്ഷണ അതോറിറ്റിക്കു പരാതി നൽകാം. നിയമലംഘനത്തിനു പിഴശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com