ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയ കേസിൽ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയിൽ ഹർജി നൽകി. വധശിക്ഷ വിധിച്ചുള്ള 2017 ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. 

കേസിൽ വധശിക്ഷ ലഭിച്ച മറ്റു പ്രതികളായ മുകേഷ്, പവൻ കുമാർ ഗുപ്ത, വിനയ് ശർമ എന്നിവർ നൽകിയ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി 2018 ൽ തള്ളിയിരുന്നു. എന്നാൽ, അക്ഷയ് കുമാർ സിങ് ഇവരോടൊപ്പം ഹർജി നൽകിയിരുന്നില്ല.

അക്ഷയകുമാർ സിങ് നൽകിയ ഹർജിയിൽ വധശിക്ഷയിൽ നിന്നു തന്നെ ഒഴിവാക്കുന്നതിന് വിചിത്രമായ ചില ന്യായങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡൽഹിയിൽ വായുവും വെള്ളവും മലിനമാണെന്നും അതുകൊണ്ടുതന്നെ ആയുസ്സ് കുറയുന്നുണ്ടെന്നും പിന്നെ എന്തിന് തൂക്കിക്കൊല്ലണമെന്നുമാണ് കൊലയാളിയുടെ സംശയം. അതുപോലെ വധശിക്ഷ മറ്റു രാജ്യങ്ങളിൽ ഒഴിവാക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

ആകെയുള്ള 6 പ്രതികളിൽ ഒരാളായ റാം സിങ് തിഹാർ ജയിലിൽ ജീവനൊടുക്കി. പ്രായം തികയാത്ത ആറാം പ്രതിക്കു 3 വർഷത്തെ തടവുശിക്ഷയാണു ലഭിച്ചത്. ശേഷിക്കുന്ന 4 പേരുടെയും വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്ന അഭ്യൂഹം ശക്തമാണ്. 

ആരാച്ചാരാകാൻ കോൺസ്റ്റബിൾ

ചെന്നൈ ∙ നിർഭയ കൂട്ട പീഡന കൊലപാതകക്കേസിലെ പ്രതികൾക്കു വിധിച്ച വധശിക്ഷ നടപ്പാക്കാൻ സന്നദ്ധത അറിയിച്ച് തമിഴ്നാട്ടിൽ നിന്നു പൊലിസുകാരൻ.

രാമനാഥപുരം പൊലീസ് അക്കാദമിയിലെ ഹെഡ് കോൺസ്റ്റബിൾ എസ്.സുഭാഷ് ശ്രീനിവാസാണ് ആരാച്ചാരാകാനുള്ള സന്നദ്ധത അറിയിച്ച് തിഹാർ ജയിൽ അധികൃതർക്ക് കത്തയച്ചത്. 

ആരാച്ചാരില്ലാത്തതിന്റെ പേരിൽ ശിക്ഷ വൈകരുതെന്ന ആഗ്രഹമുള്ളതു കൊണ്ടാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടു വയ്ക്കുന്നതെന്നു കത്തിൽ പറയുന്നു. സുഭാഷിന്റെ കത്ത് തിഹാർ ജയിൽ അധികൃതർക്കു കിട്ടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

ഇതിനിടെ, നിർഭയ കേസിൽ അതിവേഗം നീതി‌ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 20 മുതൽ മൗനവ്രതം ആചരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ പ്രധാനമന്ത്രിക്കു കത്തെഴുതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com