ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയ ആക്രമിക്കപ്പെട്ടതിന്റെ വാർഷികദിനമായ 16ന് ബിജെപി എംഎൽഎയ്ക്കെതിരായ ഉന്നാവ് പീഡനക്കേസിൽ തീസ് ഹസാരി കോടതി വിധി പറയും. പരാതി നൽകിയതിന്റെ പേരിൽ ഉന്നാവിൽ പെൺകുട്ടിയെ തീയിട്ടു കൊന്നുവെന്ന വാർത്തകൾക്കിടെയാണ് 2017 ലെ പീഡനക്കേസിലെ വിധി വരുന്നത്.

വീടിനടുത്തു താമസിച്ചിരുന്ന ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, ജോലി വാഗ്ദാനം ചെയ്തു പെൺകുട്ടിയെ പീഡിപ്പിച്ചെന്നും തുടർന്ന് എംഎൽഎ സഹായി അടക്കം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് കേസ്.

പരാതി ഉന്നയിച്ചതിന്റെ പേരിൽ പെൺകുട്ടിയും കുടുംബവും പ്രതികളുടെ നിരന്തര വേട്ടയാടലിനിരയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുൻപിൽ പെൺകുട്ടി ആത്മാഹുതിക്കു ശ്രമിച്ചതോടെയാണ് വിഷയം ദേശീയശ്രദ്ധയിലെത്തിയത്.

കോടതി നടപടികൾക്കായി പോയി വന്ന പെൺകുട്ടിയുടെ അച്ഛനെ നടുറോഡിലിട്ടു മർദിച്ചവശനാക്കിയതും പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതുമെല്ലാം കേസിനെ കൂടുതൽ സങ്കീർണമാക്കി. 

ഏറ്റവുമൊടുവിൽ പെൺകുട്ടിയും അഭിഭാഷകനും 2 അമ്മായിമാരും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേൽക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്കടക്കം ഇതിൽ പങ്കുണ്ടെന്നു വാർത്തകൾ വരികയും ചെയ്തതോടെ വിഷയം വീണ്ടും ചർച്ചയായി.

സുരക്ഷയിൽ ആശങ്ക അറിയിച്ച് അപകടത്തിനു മുൻപു തന്നെ പെൺകുട്ടി സുപ്രീം കോടതിക്കു കത്തയച്ചിരുന്നു. ഇതു വൈകി പരിഗണിച്ച സുപ്രീം കോടതി ഇടപെട്ടാണ് കേസുകൾ ഡൽഹിയിലേക്കു മാറ്റിയത്. 45 ദിവസത്തിനകം വിധി പറയണമെന്നു കോടതി നിർദേശിച്ചിരുന്നെങ്കിലും 90 ദിവസത്തിലേക്ക് അടുക്കുമ്പോഴാണ് വിധിയെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com