ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽനിന്നു പിന്മാറാതെ ആയിരങ്ങൾ തലസ്ഥാന നഗരിയിൽ തെരുവിലിറങ്ങി. ഓൾഡ് ഡൽഹിയിലെ ജുമാ മസ്ജിദിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം നടത്തിയ പ്രതിഷേധ പ്രകടനം ഡൽ‌ഹി ഗേറ്റിൽ പൊലീസ് തടഞ്ഞത് അക്രമത്തിനു വഴിവച്ചു. പൊലീസും സിആർപിഎഫും ദ്രുതകർമ സേനയും ഉൾപ്പെട്ട സുരക്ഷാ സംഘവും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതോടെ പ്രദേശം ചോരക്കളമായി. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകർക്കു നേരെയും പൊലീസ് ലാത്തിവീശി. തലയ്ക്കു പരുക്കേറ്റ ഇവരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിനിടെ പൊലീസിന്റെ ജലപീരങ്കിയേറ്റ് വീണുപോയവരും ലാത്തിച്ചാർജിന് ഇരയായി. നഗരത്തിലെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചു. ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് ജുമാ മസ്ജിദിൽനിന്നു ജന്തർ മന്തറിലേക്കു നടത്താനിരുന്ന പ്രകടനത്തിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കർശന പരിശോധനയ്ക്കു ശേഷം ആളുകളെ പ്രാർഥനയ്ക്കായി മസ്ജിദിലേക്കു കടത്തിവിട്ട പൊലീസ്, ആസാദിനെ ഒഴിവാക്കാൻ ജാഗ്രത പാലിച്ചു. എന്നാൽ ഉച്ചയ്ക്ക് മസ്ജിദിന്റെ ഒന്നാം കവാടത്തിനു മുന്നിൽ അദ്ദേഹമെത്തി. പൊലീസിന്റെ കണ്ണുവെട്ടിച്ച് കവാടത്തിനകത്തേക്കു കടന്ന ആസാദ് അംബേദ്കറുടെ ചിത്രമുയർത്തി ഭരണഘടനയുടെ ആമുഖം ഉറക്കെ വായിച്ചു. ഇന്ത്യൻ പതാക വീശിയ ജനക്കൂട്ടം ഏറ്റുചൊല്ലി.

പൊലീസ് നിർദേശം വകവയ്ക്കാതെ ജന്തർമന്തറിലേക്ക് പ്രകടനം തുടർന്ന ജനക്കൂട്ടത്തെ 3 കിലോമീറ്ററിനപ്പുറം ദരിയാഗഞ്ചിലെ ഡൽഹി ഗേറ്റിൽ ബാരിക്കേഡുകൾ നിരത്തി തടഞ്ഞു. പിന്നാലെ ലാത്തിവീശിയും ജലപീരങ്കി പ്രയോഗിച്ചും പൊലീസ് ജനക്കൂട്ടത്തെ നേരിടുകയായിരുന്നു. സമീപം പാർക്ക് ചെയ്തിരുന്ന കാർ ജനക്കൂട്ടം അഗ്നിക്കിരയാക്കി.
ഇതിനിടെ, ചന്ദ്രശേഖർ ആസാദിനെ പൊലീസ് പിടികൂടിയെങ്കിലും ബഹളത്തിന്റെ മറവിൽ അദ്ദേഹം കുതറിയോടി ജനക്കൂട്ടത്തിൽ മറഞ്ഞു. ഓൾഡ് ഡൽഹിയിലെ വീടുകളുടെ ടെറസിലൂടെ അദ്ദേഹം ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് രാത്രി, ചന്ദ്രശേഖർ ജുമാ മസ്ജിദിലെത്തി. ഇദ്ദേഹത്തെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട പൊലീസ് മസ്ജിദിനു മുൻപിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

അമിത് ഷായുടെ വീടിന് മുൻപിൽ പ്രകടനം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്കു മുന്നിൽ മഹിള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. രാവിലെ പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. മറികടക്കാൻ ശ്രമിച്ച മഹിള കോൺഗ്രസ് ഡൽഹി പ്രസിഡന്റും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളുമായ ശർമിഷ്ഠ മുഖർജിയുൾപ്പെടെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തു.

chandra-sekhar-asad
ആസാദ്

ചന്ദ്രശേഖർ ആസാദ് ‘രാവൺ’

ദലിതരുടെ ഉന്നമനത്തിനായി യുപിയിൽ പ്രവർത്തിക്കുന്ന ഭീം ആദ്മി പാർട്ടിയുടെ സ്ഥാപകൻ. ‘രാവൺ’ എന്ന പേരിൽ അറിയപ്പെടുന്ന ആസാദ് (33) സമീപകാലത്ത് ഉത്തരേന്ത്യയിൽ നടന്ന ദലിത് സമരങ്ങളുടെ മുൻനിരയിൽ അണിനിരന്നു. സഹാറൻപുരിൽ ദലിതരും രജ്പുത്ത് വിഭാഗക്കാരും തമ്മിൽ 2017ൽ നടന്ന കലാപത്തെത്തുടർന്ന് അറസ്റ്റിലായി. ജാമിയ മില്ലിയ വിദ്യാർഥികൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം അർധരാത്രി ഡൽഹി പൊലീസ് ആസ്ഥാനത്തിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുടനീളം പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

English Summary: Hundreds on Streets of Old Delhi to protest against Citizenship Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com