ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വൈസ് ചാൻസലർ ഡോ. എം. ജഗദേഷ് കുമാറിനെ മാറ്റണമെന്ന ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചതോടെ സമരവുമായി വിദ്യാർഥികൾ വീണ്ടും തെരുവിൽ.

ഇന്നലെ വൈകിട്ടു രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായി. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനു പിന്നാലെ രാത്രി വൈകി നഗരത്തിലെ വ്യാപാരകേന്ദ്രമായ കൊണാട്ട് പ്ലേസിൽ പ്രതിഷേധ ധർണ ആരംഭിച്ചിരിക്കുകയാണു വിദ്യാർഥികൾ.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിലെ സമരങ്ങൾ കേന്ദ്രത്തിനു തലവേദനയായിരിക്കുകയാണ്. ഇതേസമയം ക്യാംപസിൽ മുഖംമൂടി സംഘം അതിക്രൂരമായ ആക്രമണം നടത്തി 96 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിൽ പ്രതിഷേധിച്ചു ഇന്നലെ രാവിലെ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാർച്ച് നടത്താൻ വിദ്യാർഥികൾ പദ്ധതിയിട്ടിരുന്നെങ്കിലും ക്യാംപസിനു പുറത്തു പൊലീസ് ത‍ടഞ്ഞു.

കേന്ദ്രമാനവശേഷി മന്ത്രാലയം സെക്രട്ടറിയുമായി വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണു വൈകിട്ടു രാഷ്ട്രപതി ഭവനിലേക്കു മാർച്ച് ആരംഭിച്ചത്. പൊലീസിനെ പ്രതിരോധിച്ച വിദ്യാർഥികളെ വലിച്ചിഴച്ചും മുഖത്തടിച്ചുമെല്ലാം കസ്റ്റഡിയിലെടുത്തു വാഹനങ്ങളിൽ കയറ്റി.

സർവകലാശാല അധികൃതരെയും ഉൾപ്പെടുത്തി ഇന്നു വീണ്ടും ചർച്ച തുടരുമെന്നു കേന്ദ്ര അധികൃതർ വ്യക്തമാക്കി. വിസിയെ ഉടൻ മാറ്റാനാവില്ലെന്ന നിലപാടിലാണു കേന്ദ്രം.
ഇതിനിടെ, ഞായറാഴ്ചത്തെ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ വാഴ്സിറ്റി 5 അംഗ സമിതിയെ നിയോഗിച്ചു.

സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും. അക്രമവുമായി ബന്ധപ്പെട്ട ആദ്യ സന്ദേശം ഞായറാഴ്ച വൈകിട്ടു 3.45നു ലഭിച്ചതായി ഡൽഹി പൊലീസും വ്യക്തമാക്കി. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ രൂപീകരിച്ച സമിതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്യാംപസിനുള്ളിലുണ്ടായിരുന്ന പൊലീസിനെ ഉടൻ തന്നെ നിയോഗിച്ചുവെന്നും വടികളും മറ്റുമായി ഹോസ്റ്റൽ പരിസരത്ത് അക്രമികളെ കണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ പ്രധാന ഗേറ്റ് അടച്ചെന്നും ആരെയും ഉള്ളിലേക്കു പ്രവേശിപ്പിച്ചില്ലെന്നുമാണ് പൊലീസ് ഭാഷ്യം.

ജെഎൻയു വിസിക്കെതിരെ മുരളി മനോഹർ ജോഷിയും

ന്യൂഡൽഹി ∙ ജെഎൻയു വിസി ഡോ. എം. ജഗദേഷ് കുമാറിനെ നീക്കണമെന്ന ആവശ്യവുമായി ബിജെപി മുതിർന്ന അംഗവും മുൻ കേന്ദ്ര മാനവശേഷി മന്ത്രിയുമായ മുരളി മനോഹർ ജോഷിയും രംഗത്ത്. കേന്ദ്രസർക്കാർ നിർദേശം പോലും നടപ്പാക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ നിലപാടു ഞെട്ടിക്കുന്നതാണെന്നും ജോഷി വ്യക്തമാക്കി.

jagadesh-kumar
ഡോ. എം. ജഗദേഷ് കുമാർ

‘ക്യാംപസിലെ പ്രശ്നം പരിഹരിക്കാൻ പല നിർദേശങ്ങളും കേന്ദ്ര മാനവശേഷി മന്ത്രാലയം നൽകിയെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥികളും അധ്യാപകരുമായി ചർച്ച നടത്താനും നിർദേശിച്ചിരുന്നു. എന്നാൽ വിസി കേന്ദ്രസർക്കാർ നിർദേശം പോലും നടപ്പാക്കുന്നില്ലെന്നത് ഞെട്ടിക്കുന്നതാണ്.

ഈ നിലപാട് അപലപനീയമാണ്. അദ്ദേഹത്തെ പദവിയിൽ തുടരാൻ അനുവദിക്കരുതെന്നാണ് എന്റെ നിലപാട്’ – ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ജോഷി പറഞ്ഞു. 

∙ അക്രമമുണ്ടായി 4 ദിവസത്തിനു ശേഷവും വിദ്യാർഥികൾക്കൊപ്പം നിൽക്കാൻ വൈസ് ചാൻസലർ തയാറായിട്ടില്ല. വൈസ് ചാൻസലറെ മാറ്റുക മാത്രമാണ് പ്രശ്നത്തിനുള്ള ഏക പരിഹാരം. അതുവരെ സമരം തുടരും.

– ഐഷി ഘോഷ്
(വിദ്യാർഥി യൂണിയൻ പ്രസിഡന്റ്)

∙ ജെഎൻയുവിലെ അക്രമം കൈകാര്യം ചെയ്ത രീതിയോട് കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല.

സർക്കാർ അന്ത്യശാസനം നൽകുകയോ രാജി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സമരത്തിന്റെ പേരിൽ ജെഎൻയു അടച്ചു പൂട്ടില്ല. ചർച്ചകൾക്കു തയാറാണ്. എന്നാൽ വിദ്യാർഥികൾ ആദ്യം സമരം അവസാനിപ്പിക്കണം.

– ഡോ. എം. ജഗദേഷ് കുമാർ
(വൈസ് ചാൻസലർ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com