ADVERTISEMENT

മുംബൈ ∙ ഇജാസ് ലക്ഡാവാലയുടെ അറസ്റ്റോടെ വീണ്ടും ചർച്ചയാകുന്ന തഖിയുദ്ദീൻ വാഹിദ് വധക്കേസിൽ അന്നുമിന്നും ശേഷിക്കുന്നതു ദുരൂഹത മാത്രം. ഈസ്റ്റ്‌വെസ്റ്റ് എയർലൈൻസ് മാനേജിങ് ഡയറക്ടർ തഖിയുദ്ദീൻ വാഹിദ് 1995 നവംബർ 13 നാണു കൊല്ലപ്പെട്ടത്.

രാത്രി ഒൻപതരയോടെ മുംബൈ ബാന്ദ്രയിലെ ഓഫിസിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വീട്ടിലേക്കു കാറിൽ പോകവേ, മൂന്നംഗസംഘം തടഞ്ഞുനിർത്തി വെടിവച്ചുകൊല്ലുകയായിരുന്നു. 

പ്രതികളെന്നു മുംബൈ പൊലീസ് പറയുന്നവരുടെ കാര്യത്തിൽ പോലും ശരിയായ അന്വേഷണമോ വിചാരണയോ ഉണ്ടായില്ല. പിടിയിലായ 2 പേരെ 1998 ൽ കോടതി വിട്ടയച്ചു. 

പിന്നീടു പിടിയിലായ ബണ്ടി പാണ്ഡെ വേറൊരു കേസിൽ ശിക്ഷിക്കപ്പെട്ട് മുംബൈ ജയിലിലുണ്ട്.

dawood-ibrahim-mumbai
ദാവൂദ് ഇബ്രാഹിം

2015 നവംബറിൽ ഇന്തൊനീഷ്യയിൽ പിടിയിലായ ഛോട്ടാ രാജൻ ഇപ്പോൾ ഡൽഹി തിഹാർ ജയിലിലുമുണ്ട്. വധത്തിനു പിന്നിലെ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ മനസ്സുവച്ചാൽ ഇനിയും സാധ്യതയുണ്ടെന്ന് അർഥം. 

കേസിന്റെ ഇതുവരെയുള്ള വിവരങ്ങൾ: 

മുംബൈ പൊലീസിന്റെ കുറ്റപത്രം അനുസരിച്ച് കൊല നടത്തിയത് ഛോട്ടാ രാജൻ സംഘം. പ്രതികൾ ഇവർ:

∙ രോഹിത് വർമ: 2000 ൽ ബാങ്കോക്കിൽ ദാവൂദ് സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

∙ ജോസഫ് ജോൺ ഡിസൂസ: വാഹിദ് കൊല്ലപ്പെട്ടതിന്റെ പിറ്റേമാസം തന്നെ പിടിയിലായെങ്കിലും 1998 ൽ തെളിവില്ലെന്നു പറഞ്ഞ് സെഷൻസ് കോടതി വിട്ടയച്ചു. 2004 ൽ മുംബൈയിൽ ഏറ്റുമുട്ടൽ വിദഗ്ധൻ ഇൻസ്പെക്ടർ പ്രദീപ് ശർമ വെടിവച്ചു കൊന്നു.

∙ സുനിൽ മൽഗോകർ: പിടിയിലായി, ഡിസൂസയ്ക്കൊപ്പം വിട്ടയച്ചു. 

∙ ബണ്ടി പാണ്ഡെ: 2010 ൽ വിയറ്റ്നാമിൽ പിടിയിൽ. മറ്റൊരു വധ ഗൂഢാലോചനക്കേസിൽ 2014 ൽ ജീവപര്യന്തം തടവുശിക്ഷ.

∙ ഇജാസ് ലക്ഡാവാല

(കേസിൽ പാണ്ഡെയുടെയും ലക്ഡാവാലയുടെയും പേരുകൾ പൊലീസ് പിന്നീടാണ് ഉൾപ്പെടുത്തിയത്). 

ഛോട്ടാ രാജന്റെ നിർദേശപ്രകാരമാണു കൊലയെന്ന് ഡിസൂസ മൊഴി നൽകിയിരുന്നു. 1996 ൽ ഒരു ഇംഗ്ലിഷ് വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ ഛോട്ടാ രാജനും ഇതു സ്ഥിരീകരിച്ചു.

വാഹിദിനു ദാവൂദുമായി ഉണ്ടായിരുന്ന ബന്ധമാണു കാരണമെന്നും പറഞ്ഞു. എന്നാൽ, വാഹിദിന്റെ കുടുംബം ഈ ആരോപണം നിഷേധിക്കുന്നു.  

ദാവൂദ് സംഘത്തെ സംശയിച്ച് ‘റോ’

2003 ൽ രഹസ്യാന്വേഷണ ഏജൻസി ‘റോ’ മുംബൈ അധോലോകത്തു നിന്നു ചോർത്തിയ ചില ഫോൺ സംഭാഷണങ്ങളിൽ ദാവൂദ് സംഘമാണു കൊലയ്ക്കു പിന്നിലെന്ന സൂചനയുണ്ടായിരുന്നു.

ഇതിന്റെ പ്രതിഫലം സംബന്ധിച്ച ചില വിവരങ്ങളും ലഭിച്ചു. സമാനമായ കൂടുതൽ ഫോൺ സന്ദേശങ്ങൾകൂടി ലഭിച്ചതോടെ ‘റോ’ 2005 ൽ പുനരന്വേഷണം നിർദേശിച്ചു. എന്നാൽ മുംബൈ പൊലീസ് അതിനു തയാറായില്ല. 

പ്രമുഖ മാധ്യമപ്രവർത്തകൻ ജോസി ജോസഫിന്റെ ‘എ ഫീസ്റ്റ് ഓഫ് വൾച്ചേഴ്സ്– ദ് ഹിഡൻ ബിസിനസ് ഓഫ് ഡെമോക്രസി ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിൽ ഈ കേസിലെ വഴിത്തിരിവുകളും ദുരൂഹതകളും വിശദമായി പറയുന്നുണ്ട്.

ലക്ഡാവാല: പൊലീസിനെ വെട്ടിച്ച് 21 വർഷം

മുംബൈ ∙ ഛോട്ടാ രാജനും അബു സലേമും ഉൾപ്പെടെ വൻതോക്കുകൾ പിടിയിലായപ്പോഴും പൊലീസിന്റെ പിടിയിലാകാതെ 21 വർഷത്തിലേറെ ഇന്ത്യയിലും വിദേശത്തുമായി ഒളിച്ചുകഴിഞ്ഞു, ഇജാസ് ലക്ഡാവാല.

മുൻപ് 1998ലെ അറസ്റ്റും തുടർന്നുള്ള മുങ്ങലും നാടകീയമായിരുന്നു. മുംബൈ സ്ഫോടനക്കേസ് പ്രതികളിലൊരാളുടെ സഹോദരനെ വെടിവച്ച കേസിലായിരുന്നു അറസ്റ്റ്.

പരുക്കേറ്റ ലക്ഡാവാലയെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്നു പൊലീസിനെ വെട്ടിച്ചു മുങ്ങി.

കുറ്റകൃത്യങ്ങളുടെ നാൾവഴി ഇങ്ങനെ:

1987: പതിനേഴാം വയസ്സിൽ മോഷണക്കേസിൽ പിടിയിലായി ചിൽഡ്രൻസ് ഹോമിൽ. 

1989: ഛോട്ടാ രാജന്റെ കൂട്ടാളി വഴി ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘത്തിൽ. ഒരു കോർപറേറ്ററുടെ മകനെ കൊന്ന കേസിൽ പ്രതിയായി.

1993: ദാവൂദും ഛോട്ടാ രാജനും തെറ്റിപ്പിരിഞ്ഞപ്പോൾ ലക്ഡാവാല രാജനൊപ്പം. ആ വർഷം തന്നെ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹരേൺ മേത്ത എന്നയാൾ കൊല്ലപ്പെട്ട കേസിൽ പ്രതി.

1998: അറസ്റ്റിലായശേഷം പൊലീസിനെ വെട്ടിച്ചുമുങ്ങി. കാനഡ, മലേഷ്യ, യുഎസ്, യുകെ, നേപ്പാൾ തുടങ്ങി പുതു താവളങ്ങൾ.

2002: ബാങ്കോക്കിൽ ഛോട്ടാ രാജനൊപ്പമായിരിക്കെ, ഛോട്ടാ ഷക്കീൽ സംഘത്തിന്റെ ആക്രമണം. 7 വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.

2003: ദാവൂദ് സംഘം കൊന്നെന്ന് അഭ്യൂഹം.

2004: കാനഡയിലെ ഒട്ടാവയിൽ പിടിയിലായെങ്കിലും പിന്നീട് വിട്ടയച്ചു.

2008: ഛോട്ടാ രാജനോടു തെറ്റി സ്വന്തം അധോലോക സംഘം. ലക്ഡാവാല ഉൾപ്പെട്ട ഭീഷണിപ്പെടുത്തി പണം തട്ടൽ, വധശ്രമക്കേസുകൾ മഹാരാഷ്ട്രയിൽ 27; മുംബൈയിൽ മാത്രം 25. പിടിയിലായതറിഞ്ഞപ്പോൾ പുതുതായി 80 പേരുടെ കൂടി പരാതി.

∙ അന്വേഷണം ശരിയായ വഴിക്കല്ലെന്ന് ആദ്യമേ മനസ്സിലായിരുന്നു. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയില്ല. അവരെയും കൂട്ടി െപാലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലും മൊഴിയെടുക്കാൻ മടി കണ്ടപ്പോഴാണു സംഭവത്തിനു പിന്നിൽ ശക്തമായ ലോബിയുണ്ടെന്നു മനസ്സിലായത്. യഥാർഥ പ്രതികൾ അവർ ഇപ്പോഴും രക്ഷപ്പെട്ടു നിൽക്കുന്നു. 

 - ഫൈസൽ(തഖിയുദ്ദീന്റെ ഇളയ സഹോദരൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com