ADVERTISEMENT

കൊൽക്കത്ത ∙ 150 വർഷം പിന്നിട്ട കൊൽക്കത്ത തുറമുഖം ഇനി അറിയപ്പെടുക ഡോ. ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന പേരിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു വാർഷികാഘോഷച്ചടങ്ങിൽ തുറമുഖം പുനർനാമകരണം ചെയ്തത്. മുഖർജിയും അംബേദ്കറുമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിനു വഴിയൊരുക്കിയതെന്നും സർക്കാരിൽ നിന്ന് രാജിവച്ചുപോയതിനെ തുടർന്ന് അവരുടെ നിർദേശങ്ങൾ നടപ്പാക്കിയില്ലെന്നും രാജ്യത്തെ വ്യവസായവൽക്കരണത്തിന്റെ പിതാവാണു മുഖർജിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശനിയാഴ്ച രാജ്ഭവനിൽ മോദിയെ സന്ദർശിക്കുകയും രാത്രി തുറമുഖത്തു നടത്തിയ പരിപാടിയിൽ മോദിയോടൊപ്പം വേദി പങ്കിടുകയും ചെയ്ത മുഖ്യമന്ത്രി മമത ബാനർജി വാർഷികാഘോഷച്ചടങ്ങിൽ നിന്നു വിട്ടുനിന്നു. തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും പങ്കെടുത്തില്ല. വാർഷികം പ്രമാണിച്ച് തപാൽ സ്റ്റാംപും പ്രധാനമന്ത്രി പുറത്തിറക്കി. തുറമുഖത്തിന്റെ വികസനത്തിനാവശ്യമായ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നടത്തി.

മാറ്റം കൊണ്ടുവരുമെന്നു പറഞ്ഞു അധികാരത്തിലെത്തിയ മോദി സർക്കാർ പേരുമാറ്റം മാത്രമാണ് നടപ്പാക്കുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെയും ഇടതുകക്ഷികളുടെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ഇന്നലെയും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. നഗരത്തിൽ രാപകൽ മോദി ഗോ ബാക്ക് എന്നെഴുതിയ പ്ലക്കാർഡുകളുമായി അവർ അണിനിരന്നു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിനു മുന്നിൽ അവർ കരിങ്കൊടി വീശി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഭരണമാറ്റം വരുമെന്ന് മോദി സൂചിപ്പിച്ചു. പാർട്ടി നേതാക്കൾക്കു കമ്മിഷൻ കിട്ടാത്തതു കൊണ്ടാണ് ആയുഷ്മാൻ ഭാരത്, കിസാൻ സമ്മാൻ തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികൾ ബംഗാളിൽ നടപ്പാക്കാത്തതെന്നും ഏറെക്കാലം ഈ അവസ്ഥ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിവാദമായെങ്കിലും പാക്കിസ്ഥാനിലെ മതപീഡനം ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനായി. ഒരു വിഭാഗം യുവാക്കളെ ചിലർ വഴിതെറ്റിക്കുകയാണ്. നിയമം പൗരത്വം ന‍ൽകാനാണ്, എടുത്തുകളയാനല്ല.– രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠത്തിൽ നടത്തിയ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

രാത്രി മഠത്തിൽ തങ്ങിയ മോദി, സ്വാമി വിവേകാനന്ദന്റെ മുറിയിൽ ഏതാനും സമയം ധ്യാനനിരതനായി. രാവിലെ വിവേകാനന്ദ ക്ഷേത്രത്തിൽ ദർശനം നടത്തി. ശ്രീരാമകൃഷ്ണപരമ ഹംസർക്ക് പുഷ്പാർച്ചന നടത്തി. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇവിടെ രാത്രി തങ്ങുന്നത്. മോദിക്ക് പരമഹംസരുടെയും വിവേകാനന്ദന്റെയും പുസ്തകങ്ങൾ മഠം അധികൃതർ സമ്മാനിച്ചു.

മോദിയുടെ പ്രസ്താവന: ബേലൂർ മഠം പ്രതികരിച്ചില്ല

ബേലൂർ∙ പൗരത്വനിയമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബേലൂർ മഠത്തിൽ നടത്തിയ പ്രസ്താവന സംബന്ധിച്ച് രാമകൃഷ്ണ മിഷനും മഠവും പ്രതികരിച്ചില്ല. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന സമൂഹമാണെന്നും തങ്ങൾക്കു മോദി രാജ്യത്തിന്റെയും മമത സംസ്ഥാനത്തിന്റെയും നേതാവാണെന്നും സ്വാമി സുവിരാനന്ദ പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com