ADVERTISEMENT

പ്രക്ഷോഭകർക്കെതിരെ ദിലീപ് ഘോഷിന്റെവിവാദ പരാമർശം

കൊൽക്കത്ത ∙ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പട്ടിയെപ്പോലെ വെടിവച്ചു കൊല്ലുമെന്ന് പാർട്ടി ബംഗാൾ ഘടകം അധ്യക്ഷൻ ദിലീപ് ഘോഷ്.

ബംഗാളിൽ പൗരത്വ നിയമത്തിന്റെ പേരിൽ  പ്രതിഷേധിക്കുന്നവർ പൊതുമുതൽ നശിപ്പിച്ചിട്ടും വെടിവയ്പോ ലാത്തിച്ചാർജോ നടത്താത്ത മുഖ്യമന്ത്രി മമത ബാനർജിയെയും ദിലീപ് ഘോഷ് വിമർശിച്ചു.

പ്രസ്താവന നിരുത്തരവാദപരമാണെന്നു ബംഗാളിൽ നിന്നുള്ള ബിജെപിയുടെ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ പറഞ്ഞു.

ബിജെപിക്കാരുടെ മാനസികാവസ്ഥയെയാണ് അതു കാണിക്കുന്നതെന്നു തൃണമൂൽ സെക്രട്ടറി ജനറലും സംസ്ഥാന മന്ത്രിയുമായ പാർഥ ചാറ്റർജി പറഞ്ഞു.

ജീവനോടെ  കുഴിച്ചിടുമെന്ന് ബിജെപി നേതാവ്

അലിഗഡ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം മുഴക്കുന്നവരെ ജീവനോടെ കുഴിച്ചിടുമെന്ന ബിജെപി നേതാവ് രഘുരാജ് സിങ്ങിന്റെ പരാമർശം വിവാദമായി. പൗരത്വനിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സംഘടിപ്പിച്ച റാലിയിലാണ് രഘുരാജ് ഇങ്ങനെ പറഞ്ഞത്. 

പ്രസംഗം വിവാദമായതോടെ, രഘുരാജ് മന്ത്രിയോ എംഎൽഎയോ അല്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി ഒഴിഞ്ഞുമാറി. 

പൗരത്വ റജിസ്റ്റർ ബിഹാറിൽ നടപ്പിലാക്കില്ല: നിതീഷ്

പട്ന ∙ പൗരത്വ നിയമത്തെക്കുറിച്ചു ചർച്ചയ്ക്കു തയാറാണെന്നു ജനതാദൾ (യു) അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ നിയമസഭയിൽ വ്യക്തമാക്കി. ദേശീയ പൗരത്വ റജിസ്റ്റർ നടപ്പിലാക്കുന്ന പ്രശ്നമില്ലെന്നു നിതീഷ് പറഞ്ഞു.

അസമിലെ സാഹചര്യം കണക്കിലെടുത്താണ് റജിസ്റ്റർ എന്നു പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് ചൂണ്ടിക്കാട്ടി. 

പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രൂക്ഷവിമർശനം നടത്തിയതിനെ തുടർന്നാണു ചർച്ചയ്ക്കു തയാറാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ദേശീയ പൗരത്വ റജിസ്റ്ററിനു മുന്നോടിയായാണു ദേശീയ ജനസംഖ്യാ റജിസ്റ്റർ എന്ന ആശങ്കയും നിതീഷ് പങ്കുവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com