ADVERTISEMENT

ന്യൂഡൽഹി ∙ ജെഎൻയുവിലെ മുഖംമൂടി അക്രമത്തിൽ പരുക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ അടക്കം ചോദ്യം ചെയ്യാൻ പൊലീസ്. ഐഷി അടക്കം സംഭവത്തിലെ പ്രതികളാണെന്നു പൊലീസ് പ്രഖ്യാപിച്ച 9 പേരോടും ഇന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതേസമയം, 7 വിദ്യാർഥികളെ കൂടി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ഐഷിയെ അടക്കം കേസിൽ സംശയിക്കുന്നതായി പറഞ്ഞ പൊലീസ് കഴിഞ്ഞദിവസം ഇവരുടെ വിഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടിരുന്നു. ഇടതുപക്ഷ വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയിൽ നിന്ന് 4 പേരും ഐസയിൽ നിന്ന് ഒരാളുമാണ് അക്രമത്തിനു പിന്നിലെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന ദിലീ ടിർക്കി പറഞ്ഞത്.

അതേസമയം, അക്രമത്തിനു പിന്നാലെ വാട്സാപ്പിലടക്കം പ്രചരിച്ച ചിത്രങ്ങളാണ് പൊലീസും മാധ്യമങ്ങളെ കാണിച്ചത്. ഇതിന്റെ ആധികാരികതയെക്കുറിച്ചുള്ള ചോദ്യത്തോട് പൊലീസ് പ്രതികരിച്ചിരുന്നില്ല. പരുക്കേറ്റ തങ്ങളെ പ്രതിചേർക്കാനുള്ള പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ച് ഐഷിയടക്കമുള്ള വിദ്യാർഥികൾ വിസിക്കെതിരായ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കിയിരുന്നു.

ഇതേസമയം, അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചതായി കരുതുന്ന 37 പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ‘യൂണിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ്’ എന്ന വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇവർ.

ജെഎൻയുവിൽ ഇന്ന് ക്ലാസ് പുനരാരംഭിക്കും

വിദ്യാർഥി യൂണിയൻ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചിരിക്കെ, ജെഎൻയുവിൽ ഇന്നു ക്ലാസുകൾ പുനരാരംഭിക്കും. ഡിപ്പാർട്മെന്റ് അധ്യക്ഷന്മാരും ഡീന്മാരുമായി നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകൾ പുനരാരംഭിക്കാനുള്ള  തീരുമാനം.

സെമസ്റ്റർ റജിസ്ട്രേഷനിൽ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്ന വിദ്യാ‍ർഥി യൂണിയൻ സമരം തുടരാൻ ആഹ്വാനം നൽകിയിട്ടുണ്ട്. എന്നാൽ, ഫീസ് വർധനയ്ക്കുള്ള തീരുമാനം ധൃതിപിടിച്ചെടുത്തതല്ലെന്നു വിസി എം. ജഗദേഷ് കുമാർ വ്യക്തമാക്കി.  2016ൽ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോസ്റ്റൽ ഫീസ് വർധന.  ഏതായാലും കഴിഞ്ഞതു കഴിഞ്ഞു. ജെഎൻയു ശരിയാംവണ്ണം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാർഥി സമരത്തെ വിമർശിച്ച് അക്കാദമിക് വിദഗ്ധരുടെ കത്ത്

ന്യൂഡൽഹി ∙ സർവകലാശാലകളിലെ വിദ്യാർഥി സമരങ്ങൾക്കെതിരെ വൈസ് ചാൻസലർമാരടക്കം രാജ്യത്തെ 208 അക്കാദമിക് വിദഗ്ധന്മാർ രംഗത്ത്. ഇടതുപക്ഷ കൂട്ടുകെട്ടാണു സർവകലാശാലകളിലെ പഠനാന്തരീക്ഷം തകർക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. ജെഎൻയുവിലെ വിസിക്കെതിരായ വിദ്യാർഥി സമരത്തിനു അധ്യാപകരടക്കം പിന്തുണയുമായി രംഗത്തു വരുന്നതിനിടെയാണ് നീക്കം. 

ക്യാംപസുകളിൽ ഉയരുന്ന പ്രതിഷേധങ്ങൾ ബദൽ തീർക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും മുൻകയ്യെടുത്തു നടത്തുന്ന നീക്കമാണിതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കേരളത്തിലെ സർവകലാശാലകളിൽ നിന്നുള്ള അക്കാദമിക വിദഗ്ധർ കത്തിൽ ഒപ്പിട്ടിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇടതുപക്ഷ അരാജകത്വം എന്ന ശീർഷകത്തോടെയാണു കത്ത് തുടങ്ങുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന ഇടതുപക്ഷ അജൻഡ ക്യാംപസുകളിലുണ്ടെന്നതിനെ ഞെട്ടലോടെയാണു കാണുന്നത്.

സമീപകാലത്തു ജെഎൻയുവിൽ വിദ്യാർഥികളും ഇടതുപക്ഷ പ്രവർത്തകരുമായുള്ള കൂട്ടുകെട്ടാണു പഠനാന്തരീക്ഷം തകർക്കുന്നത്. ജാമിയ, അലിഗഡ് സർവകലാശാലകളിലടക്കമുണ്ടായ സമീപകാല സംഭവവികാസങ്ങളും ഇതു സൂചിപ്പിക്കുന്നുവെന്ന് കത്തിൽ പറയുന്നു. ഹരിസിങ് ഗൗർ സർവകലാശാല വിസി ആർ.പി. തിവാരി, ദക്ഷിണ ബിഹാറിലെ കേന്ദ്ര സർവകലാശാല വിസി എച്ച്.സി.എസ്. റാത്തോഡ്, സർദാർ പട്ടേൽ സർവകലാശാല വിസി തുടങ്ങിയവരടക്കം കത്തിൽ ഒപ്പിട്ടുണ്ട്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com