ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ഡിവൈഎസ്പി ദേവീന്ദർ സിങിന്റെ ഗൂഢബന്ധങ്ങളെക്കുറിച്ച് റിസർച് ആൻഡ് അനലിസിസ് വിങ്ങും (റോ), ഇന്റലിജൻസ് ബ്യൂറോയും കൂടുതൽ അന്വേഷണം നടത്തും. പാർലമെന്റ് ആക്രമണം, പുൽവാമ ആക്രമണം എന്നിവയിൽ സിങിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോൺഗ്രസും ആവശ്യമുന്നയിച്ചു.

ജമ്മു കശ്മീരിലെ മിർബസാറിൽ 2 ഹിസ്ബുൽ ഭീകരർക്കൊപ്പം ശനിയാഴ്ചയാണ് ദേവീന്ദർ സിങിനെ അറസ്റ്റ് ചെയ്തത്. നവീദ് ബാബ, അൽതാഫ് എന്നീ ഭീകരരാണ് ഇയാൾക്കൊപ്പമുണ്ടായിരുന്നത്.

ഭീകരരെ അമൃത്‍സറിൽ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 12 ലക്ഷം രൂപയാണ് ഇതിനുള്ള പ്രതിഫലമെന്നാണു വിവരം. ആയുധ ഇടപാടുകളും ഇയാൾക്കുണ്ടായിരുന്നുവെന്ന സൂചനയെത്തുടർന്ന് ശ്രീനഗറിലും ബഡ്ഗാമിലും ഇയാളുടെ സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

2 പിസ്റ്റളുകളും ഒരു എ.കെ. 47 റൈഫിളും കണ്ടെടുത്തു. തുടർന്നാണ് റോയും ഇന്റലിജൻസ് ബ്യൂറോയും കൂടുതൽ അന്വേഷണം നടത്തുന്നത്. നവീദും മുൻ പൊലീസ് ഉദ്യോഗസ്ഥനാണ്. ദേവീന്ദർ സിങ് സ്വന്തം നിലയ്ക്കാണോ അതോ വലിയ ആരുടെയെങ്കിലും കരുവായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. ഈ മാസം അവസാനം എസ്പിയായി പ്രമോഷൻ കാത്തിരിക്കുകയായിരുന്നു സിങ്.

ശ്രീനഗർ വിമാനത്താവളത്തിലെ ആന്റി ഹൈജാക്കിങ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 2001 ലെ പാർലമെന്റ് ആക്രമണക്കേസ് അന്വേഷണ സമയത്ത് പ്രതി അഫ്സൽ ഗുരു, ആക്രമണത്തിൽ പങ്കെടുത്തവരെ ഡൽഹിയിലെത്തിക്കാൻ നിർദേശിച്ചത് ദേവീന്ദർ സിങ് ആണെന്നു കത്തിൽ സൂചിപ്പിച്ചിരുന്നു.

എന്നാൽ അതു സംബന്ധിച്ച അന്വേഷണത്തിൽ സിങിനെതിരെ തെളിവില്ലെന്നാണു കണ്ടെത്തിയത്. അക്കാലത്ത് സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് ഡിവൈഎസ്പിയായിരുന്നു ഇയാൾ. ഭീകരർക്കൊപ്പം സിങിനെ അറസ്റ്റ് ചെയ്തതോടെ അഫ്സൽ ഗുരുവിന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ വർഷം ഇയാൾക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com