ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമം പിൻവലിക്കണമെന്നും ദേശീയ ജനസംഖ്യാ റജിസ്റ്റർ നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്നും കോൺഗ്രസ് വിളിച്ചു ചേർത്ത പ്രതിപക്ഷ കക്ഷികളുടെ യോഗം ആവശ്യപ്പെട്ടു.

ഇടതു കക്ഷികളും യുപിഎ കക്ഷികളും പങ്കെടുത്ത യോഗത്തിൽ നിന്ന് ഡിഎംകെ, ശിവസേന, ആം ആദ്മി, തൃണമൂൽ, ബിഎസ്പി, സമാജ്‌വാദി പാർട്ടി എന്നീ കക്ഷികൾ വിട്ടുനിന്നു. പൗരത്വ നിയമം, ജനസംഖ്യാ റജിസ്റ്റർ, പൗര റജിസ്റ്റർ എന്നിവ ഭരണഘടനാ വിരുദ്ധമായ പാക്കേജ് ആണെന്ന് യോഗം പ്രമേയത്തിൽ കുറ്റപ്പെടുത്തി. സമൂഹത്തിലെ പാവപ്പെട്ടവർ, പട്ടിക വിഭാഗക്കാർ, മത, ഭാഷാ ന്യൂനപക്ഷങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഇതു നടപ്പാക്കുന്നത്.

പൗര റജിസ്റ്റർ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിമാർ ജനസംഖ്യാ റജിസ്റ്റർ നടപടികൾ നിർത്തിവയ്ക്കുന്നതും പരിഗണിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

ഈ മാസം 23, 26, 30 തീയതികളിൽ കൂട്ടായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. രാജ്യമാകെ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിനു പിന്തുണ നൽകാനും തീരുമാനിച്ചതായി ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ യഥാർഥ പ്രശ്നം തകരുന്ന സാമ്പത്തിക സ്ഥിതിയും വികസനവുമാണ്.

അതിൽ നിന്നു ശ്രദ്ധതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് – സോണിയ പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എൻസിപി നേതാവ് ശരദ് പവാർ, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, എൽജെഡി നേതാവ് ശരദ് യാദവ്, ആർജെഡി നേതാവ് മനോജ് ഝാ തുടങ്ങി 20 കക്ഷി നേതാക്കൾ പങ്കെടുത്തു. കോൺഗ്രസിൽ നിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്, രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, കെ.സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

ഐക്യത്തിലും വിയോജിപ്പ്; വിട്ടുനിന്ന് 6 കക്ഷികൾ

സംയുക്ത പ്രതിപക്ഷ യോഗം ബഹിഷ്കരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച തൃണമൂലിനും ബിഎസ്പിക്കും പുറമേ സഖ്യകക്ഷികളായ ഡിഎംകെയും ശിവസേനയും യോഗത്തിനെത്തിയില്ല. സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും വിട്ടുനിന്നു. ദേശീയ പണിമുടക്കു ദിവസം ബംഗാളിൽ കോൺഗ്രസും ഇടതു പാർട്ടികളും അക്രമമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു.

രാജസ്ഥാനിൽ തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ് സ്വീകരിച്ചതാണ് ബിഎസ്പിയുടെ പ്രതിഷേധത്തിനു കാരണം. തമിഴ്നാട്ടിലെ ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനകളാണ് ഡിഎംകെയെ പ്രകോപിപ്പിച്ചതെന്നാണു സൂചന. ശിവസേന, എസ്പി, ആം ആദ്മി പാർട്ടികൾ ക്ഷണം കിട്ടിയില്ല എന്നാണ് അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com