ADVERTISEMENT

ന്യൂഡൽഹി ∙ എൻഐഎ നിയമം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. യുപിഎ സർക്കാർ തന്നെ കൊണ്ടു വന്നതാണ് ഈ നിയമം.

പൗരത്വനിയമത്തിനെതിരെ കേരളം ഹർജി നൽകിയതിനു തൊട്ടടുത്ത ദിവസമാണ് ഛത്തീസ്ഗഡും മറ്റൊരു വിഷയവുമായി സുപ്രീം കോടതിയിലെത്തിയത്.

നേരിട്ടു ഹർജി സമർപ്പിക്കാൻ അവകാശം നൽകുന്ന ഭരണഘടനയുടെ 131–ാം അനുച്ഛേദം അനുസരിച്ചാണു ഛത്തീസ്ഗഡിന്റെയും നീക്കം.

സംസ്ഥാന സർക്കാരുകൾക്കു ഭരണഘടന നൽകുന്ന അധികാരത്തെ ദുർബലപ്പെടുത്തുന്നതാണ് എൻഐഎ നിയമമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കൂടിയാലോചനകൾക്കു പോലും നിയമത്തിൽ സ്ഥാനമില്ല.

മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ 2008 നവംബർ 26നാണ് അന്നത്തെ യുപിഎ സർക്കാർ എൻഐഎ നിയമം കൊണ്ടുവന്നത്. 2019 ൽ മോദി സർക്കാർ നിയമത്തിൽ കൂടുതൽ ഭേദഗതികൾ കൊണ്ടുവന്നു. ഇതോടെ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതടക്കം വ്യവസ്ഥകൾ കൂട്ടിച്ചേർത്തു.

∙ എന്തുകൊണ്ട് ഛത്തീസ്ഗഡ് ?

സംസ്ഥാനത്തെ കേസുകൾ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ഏറ്റെടുക്കുന്ന നീക്കത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തുടക്കം മുതലേ എതിർക്കുന്നുണ്ട്.

ബിജെപി എംഎൽഎയായിരുന്ന ഭീമ മാണ്ഡവി മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കേസാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്കു നയിച്ചത്.

കേസ് ശരിയായ ദിശയിലാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതെന്നു വ്യക്തമാക്കിയ സംസ്ഥാന സർക്കാർ, എൻഐഎ അന്വേഷണ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇതു നിരാകരിച്ചതോടെയാണ് എൻഐഎ നിയമത്തെ തന്നെ സർക്കാർ ചോദ്യം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com