ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾക്കിടെ അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് 16 ദിവസത്തിനു ശേഷം ജാമ്യം.

തിരഞ്ഞെടുപ്പു കഴിയുന്നതു വരെ ഡൽഹിയിൽ പ്രവേശിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണു ഡൽഹി തീസ് ഹസാരി കോടതി ജാമ്യം നൽകിയത്.

കേസിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിനുള്ള നിർദേശം. 25,000 രൂപ ജാമ്യത്തിനു പുറമേ, ആസാദ് അടുത്ത നാലാഴ്ചത്തേക്കു ഡൽഹിയിൽ താമസിക്കുകയോ റാലിയോ മറ്റോ നടത്തുകയോ ചെയ്യരുതെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി കാമിനി ലാവു പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ ഇപ്പോഴും പ്രതിഷേധം തുടരുന്ന ഷഹീൻ ബാഗിൽ പോകുന്നതിനും വിലക്കുണ്ട്. ജുമാ മസ്ജിദിൽ പോകുന്നതിൽനിന്ന് ആസാദിനെ വിലക്കരുതെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ മോചിതനായി 24 മണിക്കൂറിനുള്ളിൽ പോകണമെങ്കിൽ ആകാമെന്ന് ജഡ്ജി സമ്മതിച്ചു.

എന്നാൽ, 24 മണിക്കൂറിനുള്ളിൽ‌ യുപിയിലെ സഹാറൻപുരിലെ വീട്ടിലേക്ക് പൊലീസ് അകമ്പടിയോടെ എത്തിക്കാനും കോടതി നിർദേശിച്ചു.

ഡൽഹി എയിംസിൽ ചികിത്സയ്ക്കു വരണമെങ്കിൽ പൊലീസ് അകമ്പടിയോടെ ആകാം.

ആസാദിന് യുപിയിൽ ഭീഷണിയുണ്ടെന്നും ഡൽഹിയിൽ തങ്ങാൻ അനുവദിക്കണമെന്നും അഭിഭാഷകനായ മെഹമ്മൂദ് പ്രാച ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 21നാണ് അറസ്റ്റിലായത്. 

‘ഭരണഘടനയുടെ ആമുഖം വായിക്കുന്നത്‌ കലാപാഹ്വാനമല്ല’

ന്യൂഡൽഹി ∙ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് അക്രമത്തിന് ആളുകളെ ഇളിക്കിവിടുന്നതല്ലെന്നു  തീസ് ഹസാരിയിലെ അഡീഷനൽ സെഷൻസ് ജഡ്ജി കാമിനി ലാവു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ചന്ദ്രശേഖർ ആസാദിനു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. 

ഭരണഘടനയുടെ ആമുഖം വായിച്ചാണ് ആസാദ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു. 

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച കോടതി ഇതംഗീകരിച്ച ശേഷമാണ് പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയത്. ഭയമില്ലാത്ത മനസ്സുകളെക്കുറിച്ചുള്ള ടഗോറിന്റെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണു വിധി.നേരത്തെ വാദങ്ങൾക്കിടെ, തുടർച്ചയായി 144 പ്രയോഗിക്കുന്നതു നിയമത്തിന്റെ ദുരുപയോഗമാണെന്ന് ജഡ്ജി ആവർത്തിച്ചിരുന്നു. ഇതേസമയം, പ്രതിഷേധത്തെക്കുറിച്ചു തലേദിവസം പറഞ്ഞതിൽനിന്നു ഭിന്നമായ ചില നിരീക്ഷണങ്ങളും അവർ നടത്തി. തുടക്കത്തിലെ പ്രതിഷേധത്തിന് ഇറങ്ങിത്തിരിക്കുന്നതാണ് ഇപ്പോൾ രീതിയെന്നും എന്തുകൊണ്ടാണ് ആദ്യമേ പ്രശ്നപരിഹാര ചർച്ചകൾ നടത്താത്തതെന്നും അവർ ചോദിച്ചു. 

പ്രതിഷേധങ്ങളുടെ പേരിൽ ആളുകൾക്കു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല. പ്രതിഷേധ പരിപാടികളുടെ പേരിൽ ഒട്ടേറെപ്പേർ കോടതിയെ സമീപിച്ച്, തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പറയുന്നുണ്ട് – ജഡ്ജി ചൂണ്ടിക്കാട്ടി. 

ഭീഷണി നേരിടുമ്പോഴെല്ലാം പ്രധാനമന്ത്രി മോദി പൊലീസിനെ ഇളക്കിവിടുമെന്ന ആസാദിന്റെ ഫെയ്സ്ബുക് പോസ്റ്റിനെ ജഡ്ജി വിമർശിച്ചു. പ്രധാനമന്ത്രി ഒരു ഭരണഘടനാ സ്ഥാപനമാണ്. അത്തരം പദവികളെ ബഹുമാനിക്കണം എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com