ADVERTISEMENT

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിനു പിന്നാലെ, പ്രതിരോധ മേഖലയിൽ കേന്ദ്രസർക്കാരിനെതിരെ മറ്റൊരു അഴിമതി ആരോപണവുമായി കോൺഗ്രസ്.

45,000 കോടി രൂപയുടെ അന്തർവാഹിനി നിർമാണ കരാർ (പ്രോജക്ട് 75 ഐ) അദാനിയുടെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭത്തിനു നൽകിയതിൽ ക്രമക്കേടുണ്ടെന്നു കോൺഗ്രസ് ആരോപിച്ചു.

മുൻപരിചയമില്ലാത്ത അദാനിക്കു കഴിഞ്ഞ വർഷം കരാർ ലഭ്യമാക്കാൻ പ്രതിരോധ സംഭരണ ചട്ടങ്ങൾ (2016) സർക്കാർ ലംഘിച്ചുവെന്നു പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.

കരാറിനെക്കുറിച്ചുള്ള ആരോപണം

പ്രതിരോധ മന്ത്രാലയം ടെൻഡർ ക്ഷണിച്ചതു കഴിഞ്ഞ ഏപ്രിലിൽ. ലാർസൻ ആൻഡ് ടൂബ്രോ, മസഗാവ് ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (പൊതുമേഖലാ സ്ഥാപനം), റിലയൻസ് നേവൽ ‍ആൻഡ് എൻജിനീയറിങ് ലിമിറ്റഡ്, അദാനി ഡിഫൻസ് – ഹിന്ദുസ്ഥാൻ ഷിപ്‌യാഡ് ലിമിറ്റഡ് എന്നിവ രംഗത്തുവന്നു.

കരാർ ലഭിച്ചത് അദാനിക്ക്. വ്യത്യസ്ത കമ്പനികളടങ്ങുന്ന സംയുക്ത സംരംഭങ്ങൾക്കു കരാർ ലഭിക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ സർക്കാർ പാലിച്ചില്ല.

ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസമാണു നിർമാണത്തിനുള്ള പ്രത്യേക നിർവഹണ സംവിധാനം അദാനി രൂപീകരിച്ചത്. ഇതിനും മന്ത്രാലയത്തിന്റെ അനുമതി നേടിയില്ല.

അന്തർവാഹിനി നിർമാണത്തിലുള്ള മുൻപരിചയം, സാമ്പത്തിക സ്രോതസ്സ് എന്നിവയുടെ അടിസ്ഥാനത്തിൽ കരാർ ലഭിക്കാൻ അദാനി യോഗ്യമല്ലെന്ന നാവികസേനാ ഉന്നത സമിതിയുടെ കണ്ടെത്തലും അവഗണിച്ചു.

പ്രോജക്ട് 75 ഐ

പ്രോജക്ട് 75 ഐ പദ്ധതിയുടെ ഭാഗമായി 6 മിസൈൽവേധ അന്തർവാഹിനികളാണു വികസിപ്പിക്കുക. ചൈന, പാക്കിസ്ഥാൻ ഭീഷണി നേരിടാൻ ശേഷിയുള്ള അന്തർവാഹിനികൾ, നാവിക സേനയുടെ ആവശ്യങ്ങൾക്കനുസരിച്ചാവും രൂപകൽപന ചെയ്യുക.

ക്രൂസ് മിസൈൽ, അത്യാധുനിക ആയുധങ്ങൾ, കടലിനടിയിൽ ശത്രു നീക്കങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന നൂതന സെൻസറുകൾ എന്നിവ സജ്ജമാക്കിയ കരുത്തുറ്റ അന്തർവാഹിനികളാണു സേന ആവശ്യപ്പെട്ടിരിക്കുന്നത്.

ഡീസൽ – ഇലക്ട്രിക് അന്തർവാഹിനിയിൽ ഉൾപ്പെടുത്തേണ്ട ആയുധത്തിന്റെ സാങ്കേതിക വിശദാംശങ്ങൾ സേന ഉടൻ തയാറാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com