ADVERTISEMENT

ന്യൂഡൽഹി ∙ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ആം ആദ്മി പാർട്ടി വിട്ട എംഎൽഎ ആദർശ് ശാസ്ത്രി ഉൾപ്പെടെയുള്ളവരെ സ്ഥാനാർഥികളാക്കി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പട്ടിക. ദ്വാരക എംഎൽഎയും മുൻ പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ കൊച്ചുമകനുമായ ആദർശ് ശാസ്ത്രി ഇന്നലെയാണു കോൺഗ്രസിൽ ചേർന്നത്. എഎപി സീറ്റ് നിഷേധിച്ച എംഎൽഎമാരിൽ ഏതാനും പേർ സീറ്റ് തേടി കോൺഗ്രസ് പാളയത്തിൽ എത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ എഎപിയിൽ നിന്നു രാജിവച്ചു കോൺഗ്രസിലെത്തിയ അൽക്ക ലാംബ ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ നിന്നു തന്നെ മത്സരിക്കും. കഴിഞ്ഞ വട്ടം എഎപി ടിക്കറ്റിൽ ഇവിടെ അൽക്ക ജയിച്ചിരുന്നു. മുതിർന്ന നേതാക്കളായ അർവിന്ദർ സിങ് ലൗ‍വ്്‍ലി, ഹാറൂൺ യൂസഫ്, കൃഷ്ണാ തീരത്ത്, രാജേഷ് ലിലോത്തിയ തുടങ്ങിയവരും മത്സര രംഗത്തുണ്ട്. 54 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‍‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി ഉൾപ്പെടെ 15 സീറ്റുകളിൽ സ്ഥാനാർഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 ആണ്.

മുൻ കോൺഗ്രസ് നേതാവ് വിനയ് മിശ്രയെ ദ്വാരകയിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ആദർശ് ശാസ്ത്രി പാർട്ടി വിട്ടത്. ആദർശിന് പുറമെ 8 എംഎൽഎമാർ കൂടി കോൺഗ്രസുമായി സമ്പർക്കത്തിലാണെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ പറഞ്ഞു. ആകെ 15 എംഎൽഎമാർക്കാണ് ആം ആദ്മി പാർട്ടി ഇക്കുറി സീറ്റ് നിഷേധിച്ചത്.

മുതിർന്ന നേതാക്കൾക്ക് മത്സരിക്കാൻ മടി

ന്യുഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ മത്സരരംഗത്തു നിന്ന് അകന്നു നിൽക്കുന്നതു കോൺഗ്രസിനു തിരിച്ചടിയായി. മുതിർന്ന നേതാക്കളെല്ലാം മത്സരത്തിനിറങ്ങണമെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം അവഗണിച്ചാണു നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ നടപടി. ഇക്കുറി മൽസരിക്കാനില്ലെന്ന് അജയ് മാക്കൻ, ജെ.പി. അഗർവാൾ എന്നിവർ സോണിയയെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി യുഎസിലേക്കു പോയ മാക്കൻ പ്രചാരണത്തിനെത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

70 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്കു കാര്യമായ വിജയ പ്രതീക്ഷയില്ലാത്തതാണ് മത്സരത്തിൽ നിന്നു വിട്ടു നിൽക്കാൻ നേതാക്കളെ പ്രേരിപ്പിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടെന്നും കോൺഗ്രസ് തീരുമാനിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിൽ പാർട്ടി നേതാക്കളിലൊരാളെ രംഗത്തിറക്കുന്നതിന് പകരം താര പരിവേഷമുള്ള സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പാർട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com