ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയ കൊല്ലപ്പെടുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു കാട്ടി കുറ്റവാളികളിലൊരാളായ പവൻ ഗുപ്ത നൽകിയ അപ്പീൽ സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൻ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണു അപ്പീൽ പരിഗണിക്കുക. ഈ വാദം ഡൽഹി ഹൈക്കോടതി ഡിസംബർ 19നു തള്ളിയിരുന്നു.

2012 ഡിസംബറിൽ സംഭവം നടക്കുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നും ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നുമാണു വാദം. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി 3 വർഷത്തെ തടവിനു ശേഷം പുറത്തിറങ്ങിയിരുന്നു.
ഈ ആവശ്യം നേരത്തെ പരിഗണിച്ച ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കുമാർ പവന്റെ അഭിഭാഷകൻ എ.പി. സിങ്ങിന് 25,000 രൂപ പിഴ വിധിച്ചിരുന്നു. പ്രായം സംബന്ധിച്ച വ്യാജരേഖ ഹാജരാക്കിയതിനു സിങ്ങിനെതിരെ നടപടിയെടുക്കാൻ ഡൽഹി ബാർ കൗൺസിലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ദിര ജയ്സിങ്ങിനെതിരെ പെൺകുട്ടിയുടെ അമ്മ

ന്യൂഡൽഹി ∙ നിർഭയക്കേസിലെ പ്രതികളുടെ വധശിക്ഷ ഒഴിവാക്കണമെന്നും പ്രതികൾക്കു മാപ്പുനൽകണമെന്നും അഭിപ്രായപ്പെട്ട മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങിനെതിരെ രൂക്ഷവിമർശനവുമായി പെൺകുട്ടിയുടെ അമ്മ. ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാൻ ഇന്ദിര ആരാണെന്നായിരുന്നു ഇവരുടെ പ്രതികരണം.

‘പീഡനത്തിനിരയായ പെൺകുട്ടികൾക്ക് ഈ രാജ്യത്ത് നീതി ലഭിക്കാത്തത് ഇത്തരം അഭിഭാഷകരുള്ളതുകൊണ്ടാണ്. പീഡനക്കേസ് പ്രതികളെ പിന്തുണച്ചാണ് ഇത്തരക്കാർ ഉപജീവനം നടത്തുന്നത്. അവരുടെ ഉപദേശം എനിക്കു വേണ്ട. അവർ സ്ത്രീകൾക്ക് അപമാനമാണ്’– അമ്മ പ്രതികരിച്ചു.
‘നിർഭയയുടെ അമ്മ അനുഭവിക്കുന്ന വേദന മനസ്സിലാക്കുന്നു.

എന്നാൽ വധശിക്ഷയ്ക്കു ഞാൻ എതിരാണ്. രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്കു വധശിക്ഷ നൽകേണ്ടെന്ന നിലപാടെടുക്കുകയും മാപ്പ് നൽകുകയും ചെയ്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നാണ് ഞാൻ അവരോട് ആവശ്യപ്പെടുന്നത്’ എന്നാണ് ഇന്ദിര ജയ്‌സിങ് ട്വിറ്ററിൽ എഴുതിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com