ADVERTISEMENT

ന്യൂഡൽഹി ∙ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന്റെ വരപ്പാടുകളാണ് ഈ പതിനൊന്നുകാരിയുടെ നെറ്റിയിൽ. കുഞ്ഞനുജനെ തോളത്തിരുത്തി വീട്ടിലേക്കു പോകുമ്പോൾ, മുന്നിൽ ചാടിവീണ പുലിയോടു പോരാടിയ രാഖിയെന്ന ഈ ‘പുലിക്കുട്ടി’യെക്കുറിച്ചു കേരളം ഇതിനു മുൻപു കേട്ടിരിക്കില്ല.
ഉത്തരാഖണ്ഡിലെ ദേവ്കുണ്ഡായി ദല്ലി ഗ്രാമത്തിൽ നിന്നു രാജ്യത്തെ ധീരരായ കുട്ടികളുടെ പട്ടികയിലേക്ക് അവൾ എത്തിയ കഥ പക്ഷേ, നമ്മളും അറിയേണ്ടതാണ്.

കാരണം, ഇന്ത്യൻ ശിശുക്ഷേമ കൗൺസിലിന്റെ മാർക്കണ്ഡേയ പുരസ്കാരം നേടിയ ഈ പെൺകുട്ടി നമ്മുടെ കുഞ്ഞുങ്ങൾക്കും കരുതലിന്റെയും ധൈര്യത്തിന്റെയും പാഠമാണ്.
ദൽബീർ സിങ്ങിന്റെയും ശാലിനിയുടെയും മകളായ രാഖി ഇതിനു മുൻപു ഡൽഹിയിലെത്തുമ്പോൾ മുഖമാകെ പ്ലാസ്റ്ററായിരുന്നു, രക്തം ഇറ്റു വീഴുന്നുണ്ടായിരുന്നു, ബോധം മറഞ്ഞിരുന്നു.

കഴിഞ്ഞ ഒക്ടോബർ 4 നായിരുന്നു രാഖിയുടെ ജീവൻ തന്നെ അപകടത്തിലാക്കിയ സംഭവം. പതിവു പോലെ പാടത്തെ കളികഴിഞ്ഞ് അനുജൻ രാഘവിനെയും കൂട്ടി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു പുലി ചാടിവീണത്. പുലി നഖം നെറ്റിയിലാഴ്ന്നിട്ടും രാഘവിനെ അവൾ പൊതിഞ്ഞു പിടിച്ചു. അലറിവിളിച്ചു നാട്ടുകാർ ഓടിയടുത്തതു കൊണ്ടു മാത്രം പുലി കാട്ടിലേക്കു മറഞ്ഞു. രക്തം വാർന്നൊലിച്ചു ബോധം മറഞ്ഞിട്ടും അവൾ രാഘവിനെ ചേർത്തു തന്നെ പിടിച്ചിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടം. ഒടുവിൽ സ്ഥലം എംഎൽഎയുടെ ഇടപെടലിൽ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലേക്കു മാറ്റിയതു കൊണ്ടുമാത്രം അവൾ ജീവിതത്തിലേക്കു തിരിച്ചുവന്നു.

ജീവൻ പണയപ്പെടുത്തി അവൾ രക്ഷിച്ചെടുത്ത അനുജൻ രാഘവും ഡൽഹിയിലുണ്ട്.
വളർന്നുവലുതാവുമ്പോൾ പൊലീസാകണമെന്ന ആഗ്രഹം അവൾ മനോരമയോടു പങ്കുവയ്ക്കുമ്പോൾ, ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജോലിക്കു പോകാൻ കഴിയാത്ത അച്ഛൻ ദൽബീറിന്റെ കണ്ണുകളിൽ പ്രകാശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com