സാമ്പത്തിക വളർച്ച 2.5% മാത്രം: രാഹുൽ

rahul-gandhi-rally
ജയ്പുരിൽ രാഹുൽ ഗാന്ധി നടത്തിയ യുവ ആക്രോശ് റാലി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ സമീപം.
SHARE

ജയ്പുർ ∙ യുപിഎ ഭരണകാലത്ത് 9% സാമ്പത്തിക വളർച്ചയുണ്ടായപ്പോൾ സ്വീകരിച്ച അതേ അളവുകോൽ വച്ചാണെങ്കിൽ ഇപ്പോൾ ഇന്ത്യയുടെ വളർച്ച രണ്ടര ശതമാനം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അളവുകോൽ മാറ്റിയാണ് മോദി സർക്കാർ 5% വളർച്ച അവകാശപ്പെടുന്നതെന്നും രാഹുൽ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കെതിരെ രാജ്യമെങ്ങും നടത്തുന്ന പ്രതിഷേധത്തിനു തുടക്കംകുറിച്ചുള്ള യുവ് ആക്രോശ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവർഷം 2 കോടി തൊഴിൽ വാഗ്ദാനം ചെയ്താണു മോദി അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷം മാത്രം ഒരു കോടി ആളുകൾക്കാണു തൊഴിൽ നഷ്ടപ്പെട്ടത്. പൗരത്വ നിയമത്തെക്കുറിച്ചും പൗര റജിസ്റ്ററിനെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ലെന്നു പറഞ്ഞ രാഹുൽ, തൊഴിലില്ലായ്മയുടെ ദേശീയ റജിസ്റ്റർ (എൻആർയു) പുറത്തിറക്കുകയും ചെയ്തു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA