ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാരിനു പണം കണ്ടെത്താൻ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ വിറ്റഴിക്കാൻ തീരുമാനിച്ചും കാർഷിക മേഖലയ്ക്കു പ്രത്യേക ഊന്നൽ നൽകിയും ആദായനികുതി ഘടന പൊളിച്ചെഴുതിയും രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്.

അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ പങ്കാളിത്തം വർധിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നു. മത്സ്യബന്ധന മേഖലയ്ക്കു കൂടുതൽ പ്രോത്സാഹനം ഉറപ്പാക്കുന്നുമുണ്ട് ബജറ്റ്. 

എന്നാൽ, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാര്യമായ ഒന്നുമില്ലെന്നു വിമർശനമുയർന്നു. ഇതോടെ, ഓഹരി വിപണി തകർന്നു. സെൻസെക്സ് സൂചിക 988 പോയിന്റ് ഇടിഞ്ഞു.

∙ പൊതുമേഖലാ ഓഹരി വിൽപനയിലൂടെ പ്രതീക്ഷിക്കുന്നത് 2.11 ലക്ഷം കോടി രൂപ. 

∙ പ്രവാസി ഇന്ത്യക്കാർക്കുള്ള ആദായ നികുതി വ്യവസ്ഥകൾ കർശനമാക്കും 

∙ കർഷകരുടെ വരുമാനം 2 വർഷത്തിനുള്ളിൽ ഇരട്ടിയാക്കും 

∙ ട്രെയിൻ, വിമാന മാർഗം കാർഷികോൽപന്നങ്ങളുടെ വിതരണം വേഗത്തിലാക്കാൻ 

∙ കിസാൻ റെയിൽ, കിസാൻ ഉഡാൻ.

∙ ഹോർട്ടികൾച്ചർ വികസനത്തിന് ‘ഒരു ജില്ല – ഒരു ഉൽപന്നം’ പദ്ധതി. 

∙ കൃഷിയില്ലാത്ത സമയത്ത് കൃഷിയിടങ്ങളിൽ സൗരോർജ വികസനത്തിന് സഹായം.

∙ 20 ലക്ഷം കർഷകർക്കുകൂടി സോളർ പമ്പ് സ്ഥാപിക്കാൻ സഹായം. 

∙ ജൈവവളം പ്രോത്സാഹിപ്പിക്കും.

 ∙ കാർഷിക വായ്പകൾക്കായി 15 ലക്ഷം കോടി.

∙ സർക്കാരിലും ബാങ്കുകളിലും നോൺ ഗസറ്റഡ് ഉദ്യോഗത്തിന്  രാജ്യത്തെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ. 

∙  ആഭ്യന്തര ഉൽപാദന മേഖലയെ സഹായിക്കാനായി, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചർ, ചെരിപ്പ് തുടങ്ങിവയുടെ ഇറക്കുമതിത്തീരുവ ഉയർത്തി.

∙ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിക്കു സെസ്. ഇതിലൂടെയുള്ള വരുമാനം ആരോഗ്യ മേഖലയിൽ വിനിയോഗിക്കും. 

∙ 4 വർഷത്തിനകം എല്ലാ ജില്ലയിലും ജന ഒൗഷധി കേന്ദ്രങ്ങൾ സ്ഥാപിക്കും. 

∙ എൻജിനീയറിങ് പൂർത്തിയാക്കുന്നവർക്ക് നഗരസഭകളിൽ ഇന്റേൺഷിപ്പിന് അവസരം

∙ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്കായി 

(പുനരുദ്ധാരണത്തിനും വിആർഎസ് പാക്കേജിനും) 37,640 കോടി രൂപ

∙ ഉൽപാദനവും കയറ്റുമതിയും വർധിപ്പിച്ച് മത്സ്യമേഖലയെ ഉത്തേജിപ്പിക്കാൻ നടപടികൾ. 

∙ 2022–23 ൽ മത്സ്യ ഉൽപാദനം 200 ലക്ഷം ടണ്ണായി വർധിപ്പിക്കും. 

∙45,000 ഹെക്ടറിൽ കൂടി അക്വാകൾച്ചർ 

∙ ഗ്രാമീണ മേഖലയ്ക്ക് ആശ്വാസമായ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം 13% കുറച്ചു.

∙ കേരളത്തിന് ബജറ്റ് ‘നഷ്ടക്കച്ചവടം.’ നികുതി വിഹിതത്തിൽ 1164.41 കോടി രൂപ കുറഞ്ഞു. 

 ∙ കേരളത്തിലെ ഏക വികസനോന്മുഖ (ആസ്പിരേഷനൽ) ജില്ലയായ വയനാടിന് മെഡിക്കൽ കോളജ് കിട്ടിയേക്കും 

ആദായനികുതി 2 തരം

ന്യൂഡൽഹി ∙ എല്ലാവർക്കും ഒരേ നിരക്ക് എന്നതിൽ നിന്നു മാറി, രണ്ടുതരം ആദായനികുതി ഘടന പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്.

1 പുതിയത്: നിലവിൽ നികുതി ഇളവു കിട്ടുന്ന ചില ആനുകൂല്യങ്ങൾ (ഡിഡക്‌ഷൻസ്) വേണ്ടെന്നു വച്ചാൽ ലഭിക്കുന്ന കുറഞ്ഞ നിരക്ക്. (ഇൻഷുറൻസ് പോളിസി, ഭവനവായ്പ, ട്യൂഷൻ ഫീസ്, പ്രോവിഡന്റ് ഫണ്ട് നിക്ഷേപം, വീടിനു നൽകുന്ന വാടക, അവധിക്കാല യാത്ര തുടങ്ങി നികുതി കണക്കാക്കുമ്പോൾ ലഭിക്കുന്ന ഇളവുകൾ ഇതിൽ കിട്ടില്ല.

അംഗീകൃത പെൻഷൻ പദ്ധതികളിലെ നിക്ഷേപത്തിനുള്ള നികുതി ആനുകൂല്യം തുടരും.) 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ഇതു ബാധകം.

2 പഴയത്: ഇളവ് ആനുകൂല്യങ്ങൾ നിലനിർത്തുന്നവർക്കുള്ള നിലവിലെ നിരക്കു തന്നെ. നികുതി നിരക്കിൽ മാറ്റമില്ല, സ്ലാബുകളിലും മാറ്റമില്ല

∙ ഇൗ രണ്ടിൽ ഒരു രീതി തിരഞ്ഞെടുക്കാം; പുതിയ നിരക്ക് 

തിരഞ്ഞെടുത്താൽ പിന്നെ പഴയതിലേക്കു മാറാനാവില്ല

∙ പുതിയ വ്യവസ്ഥയ്ക്ക് ഏപ്രിൽ 1 മുതൽ പ്രാബല്യം.

∙ 15 ലക്ഷത്തിനുമേൽ വരുമാനമുള്ളവർക്ക് 30% നികുതി 

തുടരും. ഇവർക്ക് ആനുകൂല്യങ്ങൾ ഒഴിവാക്കിയുള്ള 

ഇളവിന് അവസരമില്ല.

∙ നികുതി ഇളവിനായുള്ള നിലവിലെ  നൂറിലേറെ ഇളവുകളിൽ 70 എണ്ണം ഒഴിവാക്കുമെന്ന് ധനമന്ത്രി. 

പുതിയ (ഇളവ് ഇല്ലാത്ത) നികുതി നിരക്ക്

രണ്ടര ലക്ഷം രൂപ വരെ: നികുതിയില്ല

2.5 ലക്ഷം – 5 ലക്ഷം: 5% (നിലവിൽ 5% തന്നെ)

5 ലക്ഷം – 7.5 ലക്ഷം: 10% (നിലവിൽ 20%)

7.5 ലക്ഷം – 10 ലക്ഷം: 15% (നിലവിൽ 20%)

10 ലക്ഷം – 12.5 ലക്ഷം: 20% (നിലവിൽ 30%)

12.5 ലക്ഷം – 15 ലക്ഷം: 25% (നിലവിൽ 30%)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com