ട്വിറ്ററിൽ ഏറ്റുമുട്ടി ചരിത്രവും രാഷ്ട്രീയവും

nehru
ജവാഹർലാൽ നെഹ്റു, സർദാർ പട്ടേൽ, വി.കെ.േമനോൻ
SHARE

ന്യൂഡൽഹി ∙ ആദ്യമന്ത്രിസഭയിൽ സർദാർ പട്ടേലിനെ ഉൾപ്പെടുത്താൻ നെഹ്റുവിനു താൽപര്യമുണ്ടായിരുന്നില്ലെന്ന ആരോപണത്തെച്ചൊല്ലി വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചരിത്രകാരൻ രാമചന്ദ്ര ഗുഹയും ട്വിറ്ററിൽ ഏറ്റുമുട്ടി. നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച മലയാളി വി.പി.മേനോനെക്കുറിച്ചു കൊച്ചുമകൾ നാരായണി ബസു എഴുതിയ പുസ്തകം ഉദ്ധരിച്ചാണ് ജയശങ്കർ വിവാദങ്ങൾക്കു തുടക്കമിട്ടത്. ജയശങ്കറിനെ തള്ളി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.

മന്ത്രിസഭാംഗങ്ങളുടെ ആദ്യപട്ടികയിൽ പട്ടേലിനെ നെഹ്റു ഒഴിവാക്കിയിരുന്നെന്നും പട്ടേലിനെ ഉൾപ്പെടുത്താൻ അദ്ദേഹത്തിനു താൽപര്യം ഉണ്ടായിരുന്നില്ലെന്നും പുസ്തകം പ്രകാശനം ചെയ്ത ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു. കള്ളക്കഥ പ്രചരിപ്പിക്കലും ആധുനിക ഇന്ത്യയുടെ ശിൽപികളെക്കുറിച്ചുള്ള ഇല്ലാക്കഥ പ്രചരിപ്പിക്കലുമല്ല വിദേശകാര്യമന്ത്രിയുടെ പണിയെന്നു ഗുഹ മറുപടി നൽകി. നെഹ്റുവിനെക്കുറിച്ചുള്ള ഈ കെട്ടുകഥ പ്രഫ.ശ്രീനാഥ് രാഘവൻ പണ്ടേ പൊളിച്ചതാണ്– അദ്ദേഹം പറഞ്ഞു.

guha-jaishankar
രാമചന്ദ്ര ഗുഹ, എസ്.ജയശങ്കർ

ചില വിദേശകാര്യ മന്ത്രിമാർ പുസ്തകം വായിക്കുമെന്നും പ്രഫസർമാർക്കും അതു നല്ലതായിരിക്കുമെന്നുമായിരുന്നു ജയശങ്കറിന്റെ തിരിച്ചടി. ഇതിനായി താൻ വി.പി.മേനോനെക്കുറിച്ചുള്ള പുസ്തകം ശുപാർശ ചെയ്യുന്നതായും ജയശങ്കർ കുറിച്ചു. പിന്നാലെ, നെഹ്റു പട്ടേലിനെ മന്ത്രിസഭയിലേക്കു ക്ഷണിച്ചു കൊണ്ടയച്ച കത്ത് ഗുഹ ട്വീറ്റ് ചെയ്തു. മന്ത്രിസഭയിലെ നെടുംതൂൺ എന്നായിരുന്നു ഇതിൽ നെഹ്റു പട്ടേലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ജയശങ്കറിനെ ആരെങ്കിലുമൊന്നു കാണിക്കുമോയെന്നും ഗുഹ ചോദിച്ചു.

തീർന്നില്ല, ജെഎൻയുവിൽ ഗവേഷണം നടത്തിയ ആളെന്ന നിലയിൽ ജയശങ്കർ, നെഹ്റുവും പട്ടേലും നടത്തിയ കത്തിടപാടുകളെക്കുറിച്ചു പുസ്തകം വായിച്ചിരിക്കുമെന്നും അവ ഒന്നുകൂടി മറിച്ചു നോക്കണമെന്നും ആവശ്യപ്പെട്ടു. പട്ടേലിനെ ഒഴിവാക്കാൻ ശ്രമിച്ചുവെന്ന വാദത്തെ തള്ളി പ്രഫ. ശ്രീനാഥ് രാഘവൻ എഴുതിയ ലേഖനം പങ്കുവച്ചായിരുന്നു കോൺഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചത്. മന്ത്രിസഭാംഗങ്ങളുടെ പേരുമായി മൗണ്ട് ബാറ്റണു നെഹ്റു നൽകിയ കത്തുൾപ്പെടെ ജയറാം രമേശും പങ്കുവച്ചു.

English summary: Twitter fight between Jaishankar and Guha 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA