ADVERTISEMENT

ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോട് അനുബന്ധിച്ചു പ്രതിരോധ മേഖലയിൽ 25,000 കോടി രൂപയുടെ കരാർ ഒപ്പിടാൻ ഇരു രാജ്യങ്ങളും നടപടിയാരംഭിച്ചു. കരസേന, നാവികസേന എന്നിവയ്ക്കായി യുഎസിൽ നിന്ന് 30 സായുധ ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാറിനു വരും ദിവസങ്ങളിൽ സുരക്ഷാകാര്യ മന്ത്രിതല സമിതി അന്തിമ അംഗീകാരം നൽകും. 24, 25 തീയതികളിൽ ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോൾ കരാറിൽ ഒപ്പു വച്ചേക്കും.

നാവികസേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും കരസേനയ്ക്കായി 6 എഎച്ച് 64ഇ അപ്പാച്ചി കോപ്റ്ററുകളുമാണ് ഇന്ത്യ വാങ്ങുന്നത്. സർക്കാരുകൾ തമ്മിലുള്ള കരാറിന്റെ ഭാഗമായി റോമിയോ കോപ്റ്ററുകൾ പല തവണയായി 5 വർഷത്തിനകം കിട്ടും. അപ്പാച്ചി കോപ്റ്ററുകൾ 3 വർഷത്തിനകവും. വ്യോമസേനയ്ക്ക് 22 അപ്പാച്ചി കോപ്റ്ററുകൾ ലഭ്യമാക്കാൻ 2015ൽ ഇരു രാജ്യങ്ങളും 13,952 കോടിയുടെ കരാർ ഒപ്പുവച്ചിരുന്നു. ഇതിൽ 8 എണ്ണം കഴിഞ്ഞ സെപ്റ്റംബറിൽ കിട്ടി.

റോമിയോ

നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ നിലയുറപ്പിക്കും. നിലവിൽ കാലപ്പഴക്കം ചെന്ന സീ കിങ്, കാമോവ് 28 ഹെലികോപ്റ്ററുകളാണുള്ളത്. ഹെൽഫയർ മിസൈൽ, മുങ്ങിക്കപ്പലുകളെ ലക്ഷ്യമിടാൻ കഴിയുന്ന റോക്കറ്റ് എന്നിവ കോപ്റ്ററിൽ സജ്ജമാക്കും.

അപ്പാച്ചി

ടാങ്കുകൾ തരിപ്പണമാക്കാൻ കെൽപുള്ള അപ്പാച്ചിയുടെ വിളിപ്പേര് ‘ടാങ്ക് ബസ്റ്റർ’. ഒരേ സമയം 16 ടാങ്കുകൾ തകർക്കാനാകുന്ന 16 ഹെൽഫയർ മിസൈലുകൾ വഹിക്കാം. യുദ്ധമുന്നണിയിലേക്ക് അതിവേഗം ഇരച്ചെത്താനും ആക്രമണം നടത്താനും ശേഷി. ശത്രുവിന്റെ റഡാർ കണ്ണുകൾ ഒഴിവാക്കി, വൃക്ഷത്തലപ്പുകളുടെ ഉയരത്തിൽ താഴ്ന്നു പറക്കാൻ അപ്പാച്ചിക്കു കഴിയും. 21,000 അടി വരെ ഉയരത്തിലും പറക്കാം.

Ahmedabad:  Indian workers construct a wall in front of a slum ahead of U.S. President Donald Trump's visit, in Ahmadabad, India, Thursday, Feb. 13, 2020. Trump is scheduled to visit the city during his Feb. 24-25 India trip. AP/PTI(AP2_13_2020_000181A)
അഹമ്മദാബാദ് - ഗാന്ധിനഗർ റോഡരികിലെ ചേരികൾ മറയ്ക്കാൻ കെട്ടുന്ന മതിൽ.

ചേരികൾ ട്രംപ് കാണരുത്; 7 അടി ഉയരത്തിൽ മതിൽ

അഹമ്മദാബാദ് ∙ യുഎസ് പ്രസിഡന്റ് 24 ന് ഇന്ത്യ സന്ദർശിക്കുമ്പോൾ ഒരു ചേരി പോലും ഇവിടെ കാണില്ല. ഇന്ത്യയുടെ അവികസിത പ്രദേശം ഡോണൾഡ് ട്രംപ് കാണാതിരിക്കാൻ മതിൽ കെട്ടാൻ‌ ഉത്തരവിട്ടിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള വഴിയിൽ ചേരികൾ മറയ്ക്കാൻ 7 അടി ഉയരത്തിൽ 400 മീറ്റർ നീളത്തിലാണ് മതിൽ ഉയരുന്നത്. 24ന് മോദിയും ട്രംപും പങ്കെടുക്കുന്ന റോഡ് ഷോ ഈ വഴി കടന്നു പോകും. 200 ജോലിക്കാരാണ് രാപകലില്ലാതെ പണിയുന്നത്. 800 കുടുംബങ്ങളിലായി 2000ത്തിൽ അധികം ആളുകളാണ് ഈ ചേരിയിൽ താമസിക്കുന്നത്. ട്രംപിന്റെ സുരക്ഷ ഉറപ്പാക്കാനാണു മതിലെന്നാണ് ഔദ്യോഗിക വിശദീകരണം. 

English summary: US President India visit

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com