ഉദ്ധവിനെ വിമർശിച്ച് ശരദ് പവാർ; മഹാരാഷ്ട്ര സർക്കാരിൽ ഭിന്നത

sharad-pawar-uddav
ശരദ് പവാർ, ഉദ്ധവ് താക്കറെ.
SHARE

മുംബൈ ∙ ഭീമ– കൊറേഗാവ് കേസ് അന്വേഷണം സംസ്ഥാന സർക്കാരിനെ മറികടന്ന് എൻഐഎയ്ക്കു കൈമാറിയതിൽ എതിർപ്പില്ലെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്രത്തെ അറിയിച്ചതിനെതിരെ പരസ്യ വിമർശനവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മുഖ്യമന്ത്രിയെ വിമർശിച്ചതിനു പിന്നാലെ, പവാർ നേരിട്ടു രംഗത്തെത്തിയതോടെ മഹാവികാസ് അഘാഡി സർക്കാരിലെ ഭിന്നത‍യും പരസ്യമായി. ‘പുണെ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന കേസ് സംസ്ഥാനത്തെ അറിയിക്കാതെ എൻഐഎ ഏറ്റെടുത്തത് തെറ്റായ കീഴ്‍വഴക്കമാണ്. ആ നീക്കത്തെ മഹാരാഷ്ട്ര സർക്കാർ പിന്തുണച്ചത് അതിലേറെ തെറ്റാണ്,’’ പവാർ ആഞ്ഞടിച്ചു.

കേസിൽ മുൻ ബിജെപി സർക്കാർ നടത്തിയ അന്വേഷണത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ മഹാരാഷ്ട്ര സർക്കാർ യോഗം ചേർന്ന ദിവസം തന്നെയാണ് എൻഐഎ കേസ് ഏറ്റെടുത്തതെന്നും പവാർ വിമർശിച്ചു. എൻഐഎ അന്വേഷണത്തിനു സമ്മതമാണെന്നു മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചതു തന്നെ മറികടന്നാണെന്ന് അനിൽ ദേശ്മുഖും ആരോപിച്ചിരുന്നു.

2017 ഡിസംബർ 31ന് എൽഗാർ പരിഷത് എന്ന പേരിൽ പുണെയിലെ ഭീമ-കൊറേഗാവിൽ നടത്തിയ ദലിത് സംഗമമാണ് മറാഠ–ദലിത് സംഘർഷമായി മാറിയത്. ഇതിൽ ഗൂഢാലോചനക്കുറ്റം ചുമത്തി മലയാളി റോണ വിൽസൻ ഉൾപ്പെടെ 9 മനുഷ്യാവകാശ പ്രവർത്തകരെ മുൻ ബിജെപി സർക്കാർ അറസ്റ്റ് ചെയ്യുകയായിരുന്നു. 

English Summary: Sharad Pawar Targets Uddhav Thackeray Over Transfer Of Bhima-Koregaon Case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA