ADVERTISEMENT

ന്യൂഡൽഹി ∙ വിവിധ ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനം സംബന്ധിച്ച് ധനമന്ത്രാലയം പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണിത്. അംഗങ്ങളുടെ നിയമനം സംബന്ധിച്ച് കഴിഞ്ഞ വർഷം കൊണ്ടുവന്ന നിയമം സർക്കാരിന് അമിതാധികാരങ്ങൾ നൽകുന്നതിനാൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. 

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ, കസ്റ്റംസ് ആൻഡ് സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ, നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ തുടങ്ങിയ രാജ്യത്തെ 19 ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനത്തിനാണ് ഇത്. 

എല്ലാ ട്രൈബ്യൂണലുകളിലെയും അംഗങ്ങളുടെ നിയമനങ്ങൾ അതിനു വേണ്ടി രൂപീകരിക്കുന്ന പ്രത്യേക സിലക്‌ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമായിരിക്കും കേന്ദ്രസർക്കാർ നടത്തുകയെന്ന് പുതിയ നിയമത്തിൽ പറയുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നിയമിക്കുന്ന ജഡ്ജിയോ എല്ലാ ട്രൈബ്യൂണലുകളുടെയും സിലക്‌ഷൻ സമിതിയിൽ അംഗമായിരിക്കും. നേരത്തേയുണ്ടാക്കിയ നിയമത്തിൽ സിലക്‌ഷൻ കമ്മിറ്റി സർക്കാർ നോമിനികളും ഉദ്യോഗസ്ഥരും മാത്രം നിറഞ്ഞതാണെന്ന്  മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റമാണിതെന്നും വിധിയിൽ പറഞ്ഞിരുന്നു.

പുതിയ നിയമപ്രകാരം സിലക്‌ഷൻ സമിതിയാണ് ഏതെങ്കിലും അംഗത്തെ ഒഴിവാക്കണമോ എന്നു പരിശോധിച്ചു നിർദേശിക്കുക.

English Summary: Govt notifies rules for appointment of tribunal members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com