sections
MORE

‘കോടതി വിധി നടപ്പാകാത്ത രാജ്യത്തു ജീവിക്കാൻ വയ്യ’ - ടെലികോം കേസിൽ ജസ്റ്റിസ് അരുൺ മിശ്ര

arun-mishra
SHARE

ന്യൂഡൽഹി ∙ സുപ്രീം കോടതി വിധി നടപ്പാകാത്ത രാജ്യത്തു ജീവിക്കാനല്ല, രാജ്യം വിടാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് ജസ്റ്റിസ് അരുൺ മിശ്ര. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനേക്കാൾ സുപ്രീം കോടതി അടച്ചുപൂട്ടുന്നതാണു നല്ലതെന്നും ജസ്റ്റിസ് മിശ്ര പരിതപിച്ചു. 

ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി രൂപ ഈടാക്കാൻ അനുവദിച്ച വിധിയെ ടെലികോം വകുപ്പുതന്നെ അട്ടിമറിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പണം നൽകാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് അക്കൗണ്ടന്റ് ജനറലിനോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വിധി അട്ടിമറിക്കുന്ന നടപടിയാണ് ഇതെന്നാണ് കോടതി വിലയിരുത്തിയത്. 

സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുംവിധം ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്റെ നടപടി തന്നെ അക്ഷരാർഥത്തിൽ നടുക്കിയെന്നു ജസ്റ്റിസ് മിശ്ര പറഞ്ഞു. ‘ഇതു  പണത്തിന്റെ ശക്തിയല്ലാതെന്ത്? ഇത്തരത്തിലല്ല ഉദ്യോഗസ്ഥൻ പെരുമാറേണ്ടത്. ഇതു കമ്പനികളെ സഹായിക്കാനുള്ള നടപടി മാത്രമാണ്. ടെലികോം വകുപ്പിലെ ഒരു ഡെസ്ക് ഓഫിസർക്ക് എങ്ങനെയാണ് സുപ്രീം കോടതിയുടെ ഉത്തരവിനോട് ഇതു ചെയ്യാനാവുക? ഇതാണോ രാജ്യത്തെ നിയമം? ഇങ്ങനെയാണോ നിങ്ങൾ കോടതിയോടു പെരുമാറേണ്ടത്? ആരാണ് ഈ വിഡ്ഢിത്തമൊക്കെ കാണിക്കുന്നതെന്ന് ഞങ്ങൾക്കു മനസ്സിലാവുന്നില്ല. ഞാൻ ഈ കോടതിയിലും സംവിധാനത്തിലും പ്രവർത്തിക്കുന്നതെങ്ങനെ? ഉത്തരവാദിത്തത്തോടെയാണ് ഞാനിതു പറയുന്നത്’’ – ജസ്റ്റിസ് മിശ്ര പറഞ്ഞു.

ഉദ്യോഗസ്ഥന്റെ നടപടി തെറ്റാണെന്നും മാപ്പു പറയുന്നുവെന്നും കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. അപ്പോൾ, അദ്ദേഹത്തോടു കോടതി ചോദിച്ചതിങ്ങനെ: രാജ്യത്തിന്റെ സോളിസിറ്റർ ജനറലെന്ന നിലയ്ക്ക്, ഉത്തരവു പിൻവലിക്കാൻ താങ്കൾ ഉദ്യോഗസ്ഥനോടു പറഞ്ഞോ? ഇതൊന്നും വച്ചുപൊറുപ്പിക്കാനാവില്ല. ഇങ്ങനെ ഈ രാജ്യത്തു സംഭവിക്കാൻ പാടില്ല. ഇത്തരത്തിൽ ഞങ്ങൾക്കു പ്രവർത്തിക്കാനാവില്ല. നിങ്ങളുടെ ഡെസ്ക് ഓഫിസർക്ക് ഇങ്ങനെ പ്രവർത്തിക്കാമെങ്കിൽ, നമുക്കു സുപ്രീം കോടതി അടച്ചുപൂട്ടാം. പണത്തിന്റെ ബലം അത്രയേറെയാണ്. 

ഒക്ടോബറിലെ വിധി  

കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള കരാറിൽ പറയുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) എന്നതിൽ എന്തൊക്കെ ഉൾപ്പെടുമെന്നതായിരുന്നു കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള തർക്കം. ഇതു തീർപ്പാക്കിയാണ് കഴിഞ്ഞ ഒക്ടോബർ 24ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിധി നൽകിയത്. അങ്ങനെയാണ്, കമ്പനികൾ സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീ ഇനത്തിൽ പിഴയും പലിശയും ചേർത്ത് 1.47 ലക്ഷം കോടി രൂപ ടെലികോം വകുപ്പിനു നൽകണമെന്ന സ്ഥിതിയായത്. ടെലികോം സേവനങ്ങൾ മാത്രമാണ് എജിആറിൽ ഉൾപ്പെടുകയെന്നാണ് കമ്പനികൾ വാദിച്ചത്. എന്നാൽ, സേവനങ്ങൾ മാത്രമല്ല, നിക്ഷേപങ്ങളുടെ പലിശ, ആസ്തികൾ വിൽക്കുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങിയവയും ഉൾപ്പെടുന്നതാണ് എജിആർ എന്ന് ടെലികോം വകുപ്പ് നിലപാടെടുത്തു. ഇതു സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

കമ്പനികൾ വരുമാനത്തിന്റെ നിശ്ചിത ശതമാനം ടെലികോം വകുപ്പിനു നൽകണമെന്നാണ് 1999ലെ നയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതനുസരിച്ചാണ് കരാറിൽ എജിആർ വ്യവസ്ഥ ഉൾപ്പെടുത്തിയത്. സ്പെക്ട്രം യൂസർ ഇനത്തിൽ വരുമാനത്തിന്റെ 3 – 5% വരെയും ലൈസൻസ് ഫീ ആയി 8 ശതമാനവും നൽകണമെന്നാണു വ്യവസ്ഥ ചെയ്തത്. 

വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നു സേവ് കൺസ്യൂമർ റൈറ്റ്സ് ഫൗണ്ടേഷനു വേണ്ടി ഹാജരായ  ശ്രീറാം പറക്കാട്ട്, വിഷ്ണു ശങ്കർ എന്നിവർ വാദിച്ചിരുന്നു.

കമ്പനികൾ നൽകേണ്ടത്

കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിവിധ കമ്പനികൾ ടെലികോം വകുപ്പിന് നൽകേണ്ട തുക.

വോഡഫോൺ ഐഡിയ – 53,000 കോടി രൂപ

ഭാരതി എയർടെൽ – 35,586 കോടി

ടാറ്റ ടെലി സർവീസസ് – 14,000 കോടി

റിലയൻസ് കമ്യൂണിക്കേഷൻസ് – 16456 കോടി(പലിശയില്ലാതെ) 

ബിഎസ്എൻഎൽ – 2098 കോടി 

എംടിഎൻഎൽ – 2537 കോടി. 

∙താരതമ്യേന പുതുമുഖമായ ജിയോ 195 കോടി നൽകിയാൽ മതിയായിരുന്നു. അവർ പണമടച്ചു.  

∙ ഈ മാസം 20നകം 10,000 കോടി നൽകാമെന്നും കേസ് ഇനി പരിഗണിക്കുന്ന അടുത്ത മാസം 17നു മുൻപ് ബാക്കി തുക നൽകാമെന്നും എയർടെൽ ഇന്നലെ വ്യക്തമാക്കി. 

English Summary: Is there no law left in the country?': Justice Arun Mishra tells telecom firms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA