ADVERTISEMENT

മുംബൈ ∙ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് കോടതി നടപടികൾക്കിടെ നാടകീയമായി രാജി പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എസ്.സി. ധർമാധികാരി. ചീഫ് ജസ്റ്റിസായി മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ്, വിരമിക്കാൻ 2 വർഷം മാത്രമുള്ളപ്പോൾ അപ്രതീക്ഷിത രാജി.

‘വ്യക്തിപരമായ കാരണങ്ങളാൽ’ മുംബൈയിൽ നിന്നു മാറിനിൽക്കാൻ കഴിയില്ലെന്നിരിക്കെ, തനിക്കു ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി നൽകാതെ സ്ഥലം മാറ്റിയതിനാലാണു രാജിയെന്ന് അദ്ദേഹം പറഞ്ഞു. ബോംബൈ ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമനാണ് ജസ്റ്റിസ് ധർമാധികാരി. 

തന്റെ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് മലയാളി  അഭിഭാഷകൻ മാത്യു നെടുമ്പാറ ഇന്നലെ കോടതിയിൽ  അഭ്യർഥിച്ചപ്പോഴാണു നാടകീയമായി രാജിക്കാര്യം വെളിപ്പെടുത്തിയത്.  ബോംബെ ഹൈക്കോടതി ജഡ്ജിയെന്ന നിലയിൽ തന്റെ അവസാനത്തെ ദിവസമാണെന്ന് പിന്നീട് മുതിർന്ന അഭിഭാഷകരോട് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചു. 2003 നവംബറിലാണ് ധർമാധികാരി ബോംബെ ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. ഛത്തീസ്‍ഗഡിലെ റായ്പുർ സ്വദേശിയായ  പരേതനായ ജസ്റ്റിസ് സി.എസ്. ധർമാധികാരിയുടെ മകനാണ്. 

സ്ഥലംമാറ്റ വിഷയത്തിൽ, ഒരു വർഷത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ മുതിർന്ന ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് ധർമാധികാരി. മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെ, കഴിഞ്ഞ  സെപ്റ്റംബറിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വി.കെ. താഹിൽരമണി രാജിവച്ചിരുന്നു.

English Summary:  Justice Dharmadhikari of Bombay HC resigns citing personal reasons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com