ADVERTISEMENT

ന്യൂഡൽഹി ∙ ദയാഹർജി തള്ളിയതിനെതിരെ നിർഭയക്കേസിലെ  പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതിയുടെ നടപടി തെറ്റിയെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും സമർപ്പിക്കാൻ പ്രതിഭാഗത്തിനായിട്ടില്ലെന്നും അതിനാൽ ഹർജി പരിഗണിക്കാൻ അർഹതയില്ലെന്നും  വ്യക്തമാക്കിയാണ്  ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൻ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്. 

ദയാഹർജിക്കൊപ്പം ആവശ്യമായ രേഖകളെല്ലാം കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സമർപ്പിച്ചിരുന്നു. ആ രേഖകൾ മുഴുവൻ പരിശോധിച്ചെന്നും  ഹർജി പരിഗണിക്കാനുള്ള  സാധുത കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജയിലിൽ മർദനം നേരിട്ടു, മാനസിക പ്രശ്നങ്ങളുണ്ട് തുടങ്ങിയ  വാദങ്ങൾക്ക് തെളിവില്ലെന്നും കോടതി വിശദീകരിച്ചു. 

ഇതോടെ  പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ എന്നിവരുടെ മുന്നിലെ എല്ലാ നിയമവഴികളും അടഞ്ഞു. അക്ഷയ് കുമാർ സിങ്ങിന്റെ  ദയാഹർജിയും  രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. നാലാമത്തെ പ്രതി പവൻ ഗുപ്ത ഇനിയും ദയാഹർജി നൽകിയിട്ടില്ല. വധശിക്ഷ നടപ്പാക്കാൻ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നുള്ള ഹർജി പട്യാല ഹൗസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. സുപ്രീം കോടതിയിൽ ഹർജി നിലനിൽക്കുന്നതിനാൽ വാറന്റ് പുറപ്പെടുവിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.

വധശിക്ഷ വെവ്വേറെ: ഹർജി മാറ്റി

∙ നിർഭയക്കേസിലെ  പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാർ നൽകിയ ഹർജി തിങ്കളാഴ്ചത്തേക്കു മാറ്റി. വധശിക്ഷ നടപ്പാക്കുന്നതിനു പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു തിഹാർ ജയിൽ അധികൃതരും നിർഭയയുടെ മാതാപിതാക്കളും നൽകിയ ഹർജികൾ അന്നു വിചാരണക്കോടതി പരിഗണിക്കുന്നുണ്ട്. ഇതു മുന്നിൽ കണ്ടാണു കേന്ദ്രസർക്കാരിന്റെ ഹർജി മാറ്റിവച്ചത്.

ജസ്റ്റിസ് ഭാനുമതിക്ക് കോടതിയിൽ ബോധക്ഷയം 

ന്യൂഡൽഹി ∙ നിർഭയ കേസിലെ ഹർജിയിൽ ഉത്തരവു നൽകുന്നതിനിടെ സുപ്രീം കോടതി ജഡ്ജി ആർ.ഭാനുമതിക്കു കടുത്ത പനി മൂലം ബോധക്ഷയം. നിമിഷങ്ങൾക്കുള്ളിൽ ബോധം വീണ്ടെടുത്ത ജസ്റ്റിസ് ഭാനുമതിയെ സഹജഡ്ജിമാരും ജീവനക്കാരും ചേർന്നു ചേംബറിലേക്കു മാറ്റി. തുടർന്ന് ചികിത്സയ്ക്കു വിധേയായ ജഡ്ജി ആരോഗ്യനില വീണ്ടെടുത്തതായി അധികൃതർ പറഞ്ഞു. നിർഭയ കേസിലെ 4 പ്രതികളെ വെവ്വേറെ സമയത്ത് തൂക്കിലേറ്റാൻ അനുമതിയാവശ്യപ്പെട്ടു കേന്ദ്രം നൽകിയ ഹർജിയാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് പരിഗണിച്ചത്. ജഡ്ജിമാരായ അശോക് ഭൂഷണും എ.എസ്. ബൊപ്പണ്ണയും ഉൾപ്പെട്ടതായിരുന്നു ബെഞ്ച്. ഉത്തരവ് ചേംബറിൽ പറയുമെന്ന് ജസ്റ്റിസ് ബൊപ്പണ്ണ വ്യക്തമാക്കി.

വധശിക്ഷ: അപ്പീലിൽ 6 മാസത്തിനുള്ളിൽ വാദം

ന്യൂഡൽഹി ∙ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതികളുടെ അപ്പീലിൽ 6 മാസത്തിനുള്ളിൽ വാദം ആരംഭിക്കണമെന്നു സുപ്രീം കോടതി മാർഗനിർദേശം. നിർഭയ കേസിലെ  പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു നീളുന്നതിനിടെയാണ് സുപ്രീം കോടതി നിർദേശങ്ങൾ പുറത്തിറക്കിയത്. 

ഹൈക്കോടതി വധശിക്ഷ ശരിവച്ച കേസുകളിലെ പ്രതികളുടെ അപ്പീൽ 6 മാസത്തിനുള്ളിൽ, മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നു സർക്കുലറിൽ വ്യക്തമാക്കുന്നു. അപ്പീൽ  നൽകിയാലുടൻ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാനുള്ള നിർദേശം റജിസ്ട്രാർ കീഴ്ക്കോടതികൾക്കു നൽകണം.

English Summary: Nirbhaya case - SC dismisses death row convict Vinay Sharma's plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com