ADVERTISEMENT

ന്യൂഡൽഹി ∙ സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശിക അടയ്ക്കണമെന്ന വിധി പാലിക്കാതെ ടെലികോം കമ്പനികളും കേന്ദ്ര ടെലികോം വകുപ്പും ഒത്തുകളിച്ചെന്നു സുപ്രീം കോടതി. കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും നിർദേശിച്ചു. പിന്നാലെ, ഇന്നലെ രാത്രി 12നു മുൻപു തന്നെ പണം അടയ്ക്കണമെന്നു കമ്പനികൾക്കു കേന്ദ്രം അന്ത്യശാസനം നൽകി.

വിവിധ ടെലികോം കമ്പനികളിൽനിന്നായി 92,642 കോടി രൂപ ഈടാക്കാനുള്ള കേന്ദ്ര തീരുമാനം ഒക്ടോബർ 24നു സുപ്രീം കോടതി ശരിവച്ചിരുന്നു. പിഴയും ചേർത്ത് 1.47 ലക്ഷം കോടിയാണ് കഴിഞ്ഞ മാസം 23നകം നൽകേണ്ടിയിരുന്നത്. വിധിക്കെതിരെ വോഡഫോൺ–ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് ഉൾപ്പെടെയുള്ള കമ്പനികൾ നൽകിയ പുനഃപരിശോധനാ ഹർജികൾ കഴിഞ്ഞ 16നു കോടതി തള്ളി.

എന്നാൽ, പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് 23നു മന്ത്രാലയം ഉത്തരവിറക്കി. ഇതു ചോദ്യം ചെയ്ത് സേവ് കൺസ്യൂമർ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന സ്വകാര്യ സംഘടന റിട്ട് ഹർജി നൽകി. ഉത്തരവു പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു കമ്പനികളും അപേക്ഷ നൽകി. ഇവയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.

പുനഃപരിശോധനാ ഹർജി തള്ളിയശേഷവും കമ്പനികൾ നയാപൈസ അടച്ചിട്ടില്ലെന്നു കോടതി പറഞ്ഞു. വിധി നടപ്പാക്കാതിരിക്കാൻ മന്ത്രാലയം നൽകിയ ഉത്തരവ് പണത്തിന്റെ ശക്തിയാണു കാണിക്കുന്നതെന്നും പറഞ്ഞു.

ഉത്തരവ് ഉടനെ പിൻവലിക്കണം; അടുത്ത മാസം 17നു കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയലക്ഷ്യ നടപടി വേണ്ടെങ്കിൽ കമ്പനികളുടെ മാനേജിങ് ഡയറക്ടറും ഡയറക്ടർമാരും ഉത്തരവു നൽകിയ ഉദ്യോഗസ്ഥനും കാരണം ബോധിപ്പിക്കണം. പണമടച്ചില്ലെങ്കിൽ ഇവർ നേരിട്ടു ഹാജരാകുകയും വേണം – കോടതി വ്യക്തമാക്കി. 

പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന ഉത്തരവ് കോടതിയുടെ കടുത്ത നിരീക്ഷണങ്ങൾക്കു തൊട്ടു പിന്നാലെ സർക്കാർ പിൻവലിച്ചു. കമ്പനികളും കോടതിയിലെ ഇടക്കാല അപേക്ഷകൾ പിൻവലിച്ചു.

English Summary: Telecom firms told to pay Rs 1.47 lakh crore dues by midnight, hours after SC pulls up government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com